Friday 27 July 2012

അരുണാധരി

അരുണാധരി ..............!!!!
എന്നെ പൂമാല ചുറ്റിച്ച പുഞ്ചിരി
ഞാന്‍ പൂക്കാതിരിക്കുവാനായിരുന്നോ ?
എന്നിലെ സ്വത്വത്തെ ഊറ്റിക്കുടിച്ചു നിന്‍
ദാഹം ശമിപ്പിക്കയായിരുന്നോ ?
വേറിട്ട വേദന കണ്ണടപ്പിക്കവേ
എന്‍റെ നിശ്വാസങ്ങള്‍ നീ ശ്വസിച്ചീടവേ
കണ്ടില്ല ഞാന്‍ നിന്‍റെ പുഞ്ചിരി
എന്നെ ഷണ്ഡനായ്  മാറ്റുന്ന പുഞ്ചിരി ..
എന്‍ മദം പൊട്ടിയ ചിന്തകള്‍ നിന്നില്‍
കള്ളിചെടികള്‍ വളര്‍ത്തിയല്ലേ  !!
ഇന്നു നീ എന്‍ കരള്‍ കോമ്പല്ലില്‍  കോര്‍ത്തിട്ടു
നിന്നു  ചിരിക്കുന്നുവല്ലേ !!
ആറിത്തണ്‌ത്തുള്ള  ചോര പുരട്ടീട്ടു
ചുണ്ടുകള്‍ ചോപ്പിക്കുന്നല്ലേ !!
നിന്‍ കപോലങ്ങളില്‍ കുത്തിയ പുകച്ചുരു -
ട്ടിന്നെന്‍റെ   കോശം കരണ്ടുതിന്നേ ...
ഉമ്മറക്കോലായില്‍  ഒറ്റയ്ക്കിരുന്നിട്ടു
നീ പൊഴിച്ചുള്ളതാം കണ്ണുനീര്‍
ഇന്നെന്‍ പരാജയ പാതയോരങ്ങളില്‍
തണ്ണീര്‍ പന്തലായ് നില്‍പ്പൂ !!
യുഗങ്ങള്‍ ഉരുണ്ടുരുണ്ടെത്തി നില്‍ക്കുന്നു
പെണ്ണരിവാളിന്‍  മുനമ്പില്‍ ..
കഴിയുന്നതില്ലല്ലോ പെണ്ണെ ,
നിന്നെ അറിയുവാനയിട്ടു നന്നേ !!
അല്ലയോ പെണ്ണേ !!!!
നീ പെണ്ണായ് ജനിച്ചത്‌
ആണിനെ അറിയുവാനല്ലേ ?????!!!!

Thursday 19 July 2012

അമ്പലക്കുളത്തിലെ ആമ്പല്‍

ദേവന്‍റെ മൌലിയില്‍ ചേരുവാനിന്നിതാ 
ദേഹമെടുത്തു ഞാന്‍ പൂത്തു നില്‍പ്പു 
ചന്ദമെഴുന്നുള്ള  ചന്ദ്രികാ പുഞ്ചിരി 
ചെഞ്ചെമ്മേ രാത്രിയില്‍ ചേര്‍ത്തു വെച്ചു 
താരുടലോക്കെയും തൂവെള്ളയാക്കി  ഞാന്‍ 
പൊന്നും പുലരിയെ കാത്തു നിന്നു 
തേനായ തേനൊക്കെ തെണ്ടുന്ന വണ്ടുകള്‍ 
തണ്ടലര്‍ കണ്ടിട്ടു മണ്ടി വന്നു 
എന്നിലെ തേനൊക്കെ തേവര്‍ക്കു നേദിക്കാന്‍ 
ഉള്ളതാണിമ്മലര്‍ തീണ്ടരുതേ 
നീ വാസനിച്ചാല്‍ ഞാന്‍ എങ്ങനെ അര്‍പ്പിപ്പൂ 
എന്നെയാ തേവര്‍ തന്‍ പൊന്‍ തിടമ്പില്‍ 
ദൂരത്തു പോകൂ നീ നോട്ടത്തില്‍ പോലുമീ 
ദൈവത്തിന്‍ പൂവിനെ കാംക്ഷിക്കാതെ 
അമ്പല പൊയ്കയില്‍ ആമ്പലായ് പൂത്തു  ഞാന്‍ 
ആമ്നായം കേട്ടുകേട്ടാനന്ദിപ്പാന്‍ 
ഷാരോടി കൈയ്യുകള്‍ മാടിവിളിക്കുന്നു 
പോകട്ടെ ഞാന്‍ എന്‍റെ പുണ്യം ചേരാന്‍ ..........


Monday 9 July 2012

അവസരങ്ങള്‍

ഒന്ന്

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു 
എന്‍റെ  മനസ്സിലെ തീ കെട്ടുപോയില്ല 
മനസ്സില്‍ തീ എരിയുകയായിരുന്നു 
പക്ഷെ എങ്ങും അന്ധകാരം മാത്രം 
എന്‍റെ  കയ്യില്‍ വെളിച്ചമുണ്ട് 
കാര്യമില്ല ഞാന്‍ അന്ധനാണ് 
പ്രകൃതി എനിക്ക് പച്ച പുല്ലു തന്നു 
എന്‍റെ  പൈക്കിടാവിനെ  ഞാന്‍ അഴിച്ചു വിട്ടു 
കാട്ടു മുളകള്‍ എനിക്കൊരോടക്കുഴല്  തന്നു 
സംഗീതമറിയാത്ത  ഞാന്‍ അത് വലിച്ചെറിഞ്ഞു 
പാട്ടു  പഠിപ്പിക്കാം എന്ന് പുഴ പറഞ്ഞു 
പാടാന്‍ വയ്യെന്ന് ഞാനും പറഞ്ഞു 
ഭൂമി എനിക്ക് ആറടി മണ്ണ് ദാനം തന്നു 
ഞാന്‍ തിരിഞ്ഞു നടക്കുകയാണ് ഉണ്ടായത് 

രണ്ട് 

എന്‍റെ  മനസ്സു മൊട്ടിടാന്‍ ആഗ്രഹിച്ചു 
പക്ഷെ പുറത്ത് മഴ നിന്നിരുന്നു 
മനസ്സ് ഇപ്പോള്‍ പുകയുകയാണ് 
പുറത്തെ അന്ധകാരം മാറിയിരുന്നില്ല 
എനിക്കിപ്പോള്‍ കാഴ്ച കിട്ടി 
പക്ഷെ എന്‍റെ കയ്യില്‍ വെളിച്ചമില്ല 
പ്രകൃതിയോടു പച്ചപ്പുല്ലു ഞാന്‍ ചോദിച്ചു 
എന്താണ് പച്ച ? പ്രകൃതി തിരിച്ചു ചോദിച്ചു 
കാട്ടു മുളകളെ  ഞാന്‍ തേടി അലഞ്ഞു 
കാട് പോലും കാണാതായിരിക്കുന്നു 
പാട്ടു പഠിക്കാന്‍ എനിക്ക് ആഗ്രഹം തോന്നി 
പക്ഷെ പുഴയെവിടെ ? കാണ്മാനില്ല 
ഞാന്‍ ഭൂമിയോട് ആറടി ചോദിച്ചു 
സ്ഥലം ബാക്കിയില്ലല്ലോ ഭൂമി പറഞ്ഞു 

മൂന്ന്‌ 

അവസരങ്ങള്‍ വന്നെന്നെ മാടിവിളിച്ചു 
അന്ന് ഞാന്‍ മുഖം തിരിച്ചു 
എന്‍റെ അജ്ഞാനത്തെ ഞാന്‍ തിരിച്ചറിഞ്ഞു ...
ആഗ്രഹങ്ങള്‍ ഉള്ളിലുദിച്ചു 
അവസരങ്ങളെ ഞാന്‍ തേടിപ്പോയി 
പക്ഷെ അവസരങ്ങള്‍ മുഖം തിരിച്ചു 
എന്‍റെ അജ്ഞാനത്തെ ഞാന്‍ തിരിച്ചറിഞ്ഞു ...
അതിനു മുന്‍പേ കാലം യാത്രപറഞ്ഞിരുന്നു .............

Sunday 8 July 2012

മന്ഥര

മന്ഥരേ  മാപ്പിരക്കുന്നു ഞാന്‍ 
മാനവ മാനസത്തിന്‍ 
മാന്ത്രിക വാക്കിനായ്‌ 

നീചയല്ല നീ നിസ്ത്രപയുമല്ല 
ലോകനന്മയ്ക്കൊരു ഹേതുവല്ലോ 
എങ്കിലും ലോകം നിന്നെ പഴിച്ചു 
ലോകര്‍ അപഹസിച്ചു 
നിന്‍ പേരിന്‍ മാറ്റുരച്ചു 
ക്രൂരയായ് നിന്‍ നില പതിച്ചു 

ഭരതന്‍റെ  രാജ്യത്തില്‍ നിന്‍റെ 
ഭദ്രാസനം നിഷ്കരിച്ചു 
കാരാഗൃഹത്തില്‍ പതിച്ചു 
തോരാതെ കണ്ണീര്‍ പൊഴിച്ചു 

ഭരതന്‍റെ  നന്മ നീ കരുതി 
സാകേത സ്വപ്നം ഫലിച്ചോ ?
എങ്കിലും നന്മ നീ ചെയ്തു 
കാട്ടിലേക്കെന്നെ  അയച്ചു 
ലോകശാപം നീ കളഞ്ഞു 
ലോകവും നന്നായ് തെളിഞ്ഞു 

പത്തു തലയുടെ ശാപം 
പത്തി വിടര്‍ത്തിയാടുമ്പോള്‍ 
പത്തനമേറ്റാതെ  എന്നെ 
വനപത്തനം പൂകാനയച്ചു 

അമ്മമാരാട്ടിക്കളഞ്ഞു  നിന്നെ 
ഉഗ്ര ശാപങ്ങള്‍ ഗ്രസിച്ചു 
ഓര്‍ത്തിരുന്നെങ്കിലും നിന്നെ 
ബിംബം പുഷ്പകമാല്യം കണക്കെ
 
മാതൃവാത്സല്യം തുടിച്ചു 
സ്തന്യം രാമാഭിഷേകം കൊതിച്ചു 
കുറ്റബോധം പോയ്‌ മറഞ്ഞു 
മന്ഥര മന്ദഹാസങ്ങള്‍  പൊഴിച്ചു 

രണ്ടു കരങ്ങളും കൂപ്പി - രാമന്‍ 
കുറ്റബോധത്തില്‍ കുതിര്‍ന്നു 
മന്ഥരേ ........
മാപ്പിരക്കുന്നു ഞാന്‍ 
മാനവ മാനസത്തിന്‍ 
മാന്ത്രിക വാക്കിനായ്‌ .................

Saturday 7 July 2012

തിങ്കളൊളി

തിങ്കളേ നിങ്കലെ തങ്കനിലാവൊളി 
എങ്ങനെ എങ്ങു നിന്നെത്തി ചേര്‍ന്നു ?

പാലാഴി പെറ്റതു  കൊണ്ടാണോ കൈലാസ 
മാമല  മേലെ ചിരിക്കയാലോ ?

നക്ഷത്ര കൂട്ടങ്ങള്‍ തങ്കനൂല്‍ കൊണ്ടു  നിന്‍ 
ചുറ്റും വളയങ്ങള്‍ തീര്‍ത്തതാലോ ?

മാണ്‍പെഴും  ഏണങ്ങള്‍ കൊമ്പുകള്‍ കോര്‍ക്കുമ്പോള്‍ 
അങ്കുരിക്കുന്ന തീ നാളത്താലോ ?

നിന്നിലെ മാമല മഞ്ഞു പുതയ്ക്കുമ്പോള്‍ 
ഉണ്ടാകും വെള്ളി വെളിച്ചത്താലോ ?

നീലക്കാര്‍മൌലിയില്‍  വെള്ളം ചുമക്കുന്നോന്‍ 
ചേലായി  നിന്നെയും ചെര്‍ത്തതാലോ ?

അല്ലിത്താര്‍ മാതുവിന്‍ ചേലൊത്ത പുഞ്ചിരി 
പൂച്ചൂടി നിന്നില്‍ വിളങ്ങയാലോ ?

ആമ്പലും നീയും പരസ്പ്പരം രാത്രിയില്‍ 
കണ്‍ചിമ്മി ചാലെ കളിക്കയാലോ ?

എങ്ങനെയായാലും പാലൊളി വീശുന്ന 
ചന്ദന ചന്ദ്രികേ കാണുംനേരം ?

കണ്ണുനീര്‍ പോലും അലിഞ്ഞലിഞ്ഞില്ലാതെ -
യാകുന്നു തോന്നുന്നു ചാരിതാര്‍ത്ഥ്യം 

വേദനപോലുമെന്‍  മേനി മറക്കുന്നു 
മാരിവില്‍ നെയ്യുന്നു മാനസവും ..

രാമരാജ്യം

അല്ലയോ ഗാന്ധേ ......
ഇന്നിതാ നിന്‍ മുന്നില്‍ നടനമാടുന്നു 
പിംഗളമാരുടെ രാമരാജ്യം .....
ചെയ്യുന്ന തെറ്റുകള്‍ ന്യായീകരിക്കുന്ന 
നീതിമാന്മാരുടെ രാമരാജ്യം 
നീ കണ്ട സ്വപ്‌നങ്ങള്‍ വെള്ളത്തുണി മൂടി 
നിന്നിതാ കത്തുന്ന  രാമരാജ്യം 
അമ്മയുടെ അകിടുകളരിഞ്ഞു  വില്‍ക്കുന്നോരി 
അറവാണിമാരുടെ  രാമരാജ്യം 
അമ്പലക്കല്ലിലെ കൊത്തുപണികള്‍ കണ്ടു 
രേതസ്സോഴുക്കുന്ന രാമരാജ്യം 
അഹിംസയുടെ ചെങ്കൊടികള്‍ വാനില്‍പ്പറത്തുന്ന 
ആരാധ്യന്മാരുടെ രാമരാജ്യം 
പിഞ്ചു സ്വപ്നങ്ങളുടെ അടിവയര്‍ തടവീട്ടു 
ശിശുദിനം കൊണ്ടാടും രാമരാജ്യം 
പിംഗളമാരുടെ  പുല്ലിംഗവചനങ്ങള്‍ 
പൌരുഷം ഘോഷിക്കും രാമരാജ്യം 
രാഷ്ട്രീയ രാക്ഷസ്സര്‍ രാഗം നടിക്കുന്ന 
രാകേന്ദു വഴിയുന്ന രാമരാജ്യം 
കെട്ടിയവള്‍പുറം കുപ്പിയാല്‍ കീറുന്ന 
ആദര്‍ശക്കുടിയന്‍റെ രാമരാജ്യം 
ചാക്കാല കാണുവാന്‍ ആയിരം നോട്ടിന്‍റെ 
ഖദറുകള്‍ തിരയുന്ന രാമരാജ്യം 
കാശിന്‍ തിളക്കങ്ങള്‍ ആ നീതിപ്പെണ്ണിന്‍റെ 
കണ്ണുകള്‍ കെട്ടിയ രാമരാജ്യം 
ആഡംഭരക്കാറില്‍ ആര്‍ഭാടത്തുടകളില്‍ 
രാമായണം ചൊല്ലും രാമരാജ്യം 
അല്ലയോ ഗാന്ധേ ....!!!!
കണ്ടുവോ നീ കണ്ട രാമരാജ്യം 
ഞങ്ങളുടെ കയ്യിലെ രാമരാജ്യം 
ഭാവിത്തലമുറക്കൈയിലെ   രാമരാജ്യം ..............!!!

Thursday 5 July 2012

അജാമിളന്‍

അവസാന വാക്കുകളുയരുന്നു ..... മകനേ .....
ജീവന്‍റെ  തന്ത്രികള്‍ പൊട്ടുവാന്‍ വെമ്പുന്നു 
മസ്തിഷ്ക്ക രന്ധ്രങ്ങള്‍ വാതില്‍ പൂട്ടുന്നു ....

ഇന്നെന്‍റെ  ചെയ്തികള്‍ കറുപ്പണിഞ്ഞെത്തുന്നു 
വട്ടം ചുഴറ്റി കയറു വീശുന്നു ....
ഞാന്‍ ചെയ്ത പാപങ്ങള്‍ 
കോര്‍ത്തു വലിക്കുവാന്‍ 
അങ്കുശത്തിന്നവര്‍  മൂര്‍ച്ചകൂട്ടുന്നു .....

പിന്നിട്ട പാതകള്‍ പാമ്പുകളായെന്‍റെ 
തൊണ്ടയില്‍ ചുറ്റി ഞാന്‍ ഊര്‍ധം വലിക്കുന്നു 

കണ്ണിന്‍ മിഴികളില്‍ കാണുന്നു ഞാനെന്‍റെ 
ബ്രഹ്മസൂത്രം പൊട്ടി കാമമൊലിച്ച  നാള്‍ 
കാന്യകുബ്ജാഖ്യയാം നാട്ടില്‍ നിന്നു ഞാന്‍ 
ദര്‍ഭ തിരഞ്ഞു നടന്ന വഴികളില്‍ .....
പാപത്തിന്‍ പൂമുല്ല ചുറ്റിയ കാലുകള്‍ 
പൂമെത്ത പങ്കിടാന്‍ മാടിവിളിച്ച നാള്‍ .....
ശൂദ്രവിയര്‍പ്പിന്‍റെ  ഗന്ധമെന്‍ രന്ധ്രങ്ങള്‍ 
ഒപ്പിയെടുത്ത കൊണ്ടാടിയ രാത്രികള്‍ 
എന്നിലെ കറയറ്റ  പൌരുഷം നിന്നിലെ 
ശൂന്യോദരം നിറയിച്ച നിമിഷങ്ങള്‍ ......
പാപത്തില്‍ കാല്‍കുത്തി പമ്പരം ചുറ്റി ഞാന്‍ 
പോക്കിള്‍ക്കൊടികള്‍  പോട്ടിക്കെ ....!!!
വൃഷലിയുടെ  വിഷമേറ്റ തുപ്പലില്‍ തൊട്ടു ഞാന്‍ 
സൂര്യഗായത്രി സ്മരിക്കെ ......

മക്കളില്‍ മുമ്പനായ്‌ ഉണ്ണീ നീ  എന്നിലെ 
അച്ഛന്‍റെ  ഭാവങ്ങള്‍ തട്ടിയുണര്‍ത്തവേ ....
പാതകപ്പകിടകള്‍ പുണ്യം തിരഞ്ഞു നിന്‍ 
പേരിലേന്‍ പാഴ്നാവു കോര്‍ക്കെ ....

വന്നിതാ നില്‍ക്കുന്നു പേടിപ്പെടുത്തുന്ന 
പേക്കോലരൂപികള്‍ ചുറ്റും .....
നാലക്ഷരങ്ങളാം  നാരായണാ .......എന്‍റെ 
മകനെ നീ അരികത്തു വരിക .......
അറിയാതെ ചൊല്ലിയ നാലക്ഷരങ്ങളുടെ 
അറിവാണജാമിള  ചിത്തം ..

മകനേ  വരിക...... മകനേ  വരിക ......
അച്ഛന്‍റെ അരികത്തിരിക്ക ..........