Saturday, 25 August 2012

രാഗവിപഞ്ചി

നീയാം വിപഞ്ചിക ദൂരെയാണെങ്കിലും
പരിഭവമില്ലതില്‍ തെല്ലും
നിന്നിലെ ജീവനെ നാദമായ് മാറ്റുവാന്‍
കഴിയുന്ന കൈകളെന്‍ സ്വന്തം
നിന്നിലെ നാദമെന്‍ സ്വന്തം ...

അകമച്ചില്‍ അണയാതെ കത്തുന്ന നാളമായ്
നാദമായ്  നിന്നെ ഞാന്‍ അറിയെ ...
മൂകമായ് ശബ്ദിക്കും അന്ധകാരത്തിന്‍റെ
തീരാത്ത വേദന പോലെ
കരയുന്ന അലയാഴി പോലെ
അരികില്‍ ഞാനെത്തുമ്പോള്‍
ഒരു നേര്‍ത്ത സ്പര്‍ശമായ്
മൂടാറുണ്ടെന്നെ നീയെന്നും ....
കയ്യിലെ കുഞ്ഞാക്കി
മാറ്റാറുണ്ടെന്നും ...

ശലഭമായ് പാറിപ്പറന്നു ഞാനെങ്കിലെന്‍ 
ചിറകിലെ ശബളിമ നിന്‍റെ സ്വന്തം
എന്നിലെ വസന്തവും നിന്‍റെ മാത്രം .....

Wednesday, 22 August 2012

രാവണച്ഛന്‍

രാവണീയങ്ങള്‍ എന്നില്‍ ജനിക്കുമ്പോള്‍
ചോദിക്കാറുണ്ടോ രാമാ 
ബ്രഹ്മാസ്ത്ര മന്ത്രങ്ങളെന്‍ 
ഹൃദയ ഭിത്തികള്‍ പിളരുവാന്‍ ??
ആരോപണങ്ങള്‍ എന്‍ മതി കെടുത്തുമ്പോള്‍ 
ആലോചനയാം തിരികെടുത്തും ഞാന്‍ 
ശബരിത്തപസ്സുകള്‍ 
നിഴലായ് വരാത്തപ്പോള്‍ 
മാരീച മന്ത്രങ്ങളില്‍ 
മനസ്സു മഞ്ഞളിക്കുന്നു 
ഇനിയുമുണരാത്ത ശിലകളെത്ര  !!!  രാമാ 
നീ പുണരാത്ത  പുണ്യമെത്ര !!!
രാമവേഷങ്ങള്‍ അഴിച്ചെന്‍റെ  
കൂരയില്‍ രാവണത്തല  
മത്തണിയുമ്പോള്‍ 
ചേല ചുറ്റിയ വാല്‍ എന്‍ 
മനസ്സിന്‍റെ മാലകറ്റുവാന്‍ 
പോരാതെയാകുമ്പോള്‍ 
അറിഞ്ഞിരുന്നുവോ രാമാ 
സ്വപ്നച്ചിതാഭൂവില്‍ നീറുമെന്‍ 
ബാല്യകാലത്തിന്‍ 
ബലിമുഖങ്ങള്‍ ......... 
മൗന പ്രതീക്ഷാച്ചിറകുകള്‍  കീറിയ 
ആത്മ സംതൃപ്ത്തിക്കൊടുവില്‍ 
കഴുവില്‍ തല വെച്ചു 
കാത്തു കിടക്കുന്നു 
രാമായുധമേറ്റു  തീരാന്‍ ....
രാക്ഷസീയത കണ്ടു വളര്‍ന്ന ഞാന്‍ 
രാമനാകണോ ??
രാവണനാകണോ ?????

Friday, 17 August 2012

ഭാവ ഭഞ്ജിക

ആശയക്കാറ്റില്‍  ആത്മാവു പൊട്ടുമ്പോള്‍ 
ആടിയാടി വരുന്നതാം വാക്കുകള്‍ 
മത്തനാക്കിടും എന്നെയും ഞാനീ 
മൃത്തു വിട്ടുടന്‍ പല്ലക്കിലേറും ....

കാല്‍പ്പനികക്കണികകള്‍ വീശി 
വാര്‍മഴവില്ലു  വാനത്തില്‍ ചേര്‍ക്കും 
കണ്ണുനീരിലെന്‍  തൂലിക മുക്കി 
എണ്ണമില്ലാത്ത കാവ്യം രചിക്കും ..

ബുദ്ധിയും മനസ്സും ചേര്‍ത്തു വെച്ചെന്‍ 
ബദ്ധപ്രേമം ഞാന്‍ ഘോഷിച്ചു പാടും 
ഗന്ധമില്ലെങ്കിലും മലര്‍ത്തോപ്പുകള്‍ 
കന്ധരമാട്ടി കണ്ണുകള്‍ ചിമ്മും 

നേര്‍ത്ത കൈയ്യുകള്‍ നീട്ടിയീണത്തില്‍ 
തപ്പു കൊട്ടി പ്രചോദനം നല്‍കും 
പൂഞ്ചിറകുകള്‍ വീശിയാകാശ -
പ്പാളികള്‍ക്കിടയില്‍  ഞാന്‍ ഒളിക്കും 

മേലും കീഴുമായ് നീലാഭ ചിന്തും 
ലോല വര്‍ണ്ണമെന്‍ നാവില്‍ കുതിര്‍ക്കും 
കാര്യമായുള്ള ലോകത്തിലെന്‍റെ 
കാര്യമില്ലാ കവിത രചിക്കും ..

കണ്ണുനീരിന്‍ ഉറവകള്‍ പൊട്ടും 
ചിത്തമിന്നു ഞാന്‍ വെട്ടി പിടിക്കും 
ലോല ഭാവനാ ദര്‍പ്പണം കാട്ടും 
 ഭാവഭഞ്ജികളാണെന്‍  കവിതകള്‍ ..........

Wednesday, 15 August 2012

പതാക ഗീതം

പറക്കുക പതാകെ നീ 
ഭാരതീയര്‍ ഞങ്ങള്‍ പുണരാത്ത  സ്വപ്നത്തിന്‍ 
മേലിലായി .....
പൊഴിക്കുക പതാകെ നീ 
വര്‍ണ്ണ പ്രപഞ്ചങ്ങള്‍ 
നൈരാശ്യ ഭൂമിതന്‍ മാറിലായി ...
ഇല്ലായ്മ പാടുന്നൊരിടനാട്ടുകാരന്‍ ഞാന്‍
എങ്ങനെ പാടും പതാക ഗീതം ?
സമൃദ്ധിയുടെ  പൂവിളികള്‍ പല്ലക്കിലേറ്റുമ്പോള്‍ ;
പട്ടിണികമ്പളം ഞാന്‍ പുതയ്ക്കുമ്പോള്‍ ,
ആചാര വെടിയുതിര്‍ത്താകാശപ്പുകയുതിര്‍ -
ത്തഭിവാദനം കൊള്‍ക നീ പതാകേ ..
കുഞ്ചിരോമങ്ങള്‍ തുള്ളിക്കും കുതിരകള്‍ 
കെട്ടി വലിക്കും രഥത്തിനുള്ളില്‍ 
കൈ വീശി കാണിച്ചു ക്ഷേമമന്വേഷിക്കും 
രാഷ്ട്രത്തലപ്പിന്‍  തലയ്ക്കു മീതേ ... 
ശീതളച്ഛായ  പകര്‍ന്നു കൊണ്ടെപ്പോഴും
വീശിപ്പറക്കുക നീ പതാകേ .. 
രാഷ്ട്രീയ കൗണപന്മാരുടെ  നിശ്വാസ -
ക്കാറ്റില്‍  പറക്കതിരിക്കണം നീ .
ശോകം കളഞ്ഞോരശോകചക്രം നിന്‍റെ 
ധര്‍മ്മം തിരിക്കാതെ നോക്കണം നീ 
ഉത്തുംഗ സ്വാതന്ത്ര്യ സൗഭാഗ്യങ്ങളില്‍ 
മുറ്റും ഒരു ദിനം പറപറന്നങ്ങനെ 
നീ വിലസുമ്പോള്‍ തിരയാറുണ്ടു  ഞാന്‍ 
കീശയില്‍ കീറിയ മൂന്നു വര്‍ണ്ണം !!!!
എങ്കിലും ആശ്വസിക്കുന്നു ഞാന്‍ സന്ധ്യയില്‍ 
നീ താഴ്ന്നു താഴ്ന്നെന്‍ അരികേ വരും 
പൊട്ടിയ സ്വപ്നങ്ങളും പുതച്ചെന്നുടെ 
പുതപ്പായ് എന്‍റെ മേല്‍ നീ നിവരും .....!!
 പൊട്ടിയ സ്വപ്നങ്ങളും പുതച്ചെന്നുടെ 
പുതപ്പായ് എന്‍റെ മേല്‍ നീ നിവരും .....!!