Monday 17 September 2012

കീറിയ കൊഞ്ചല്‍

നൈമിഷാരണ്യത്തില്‍ പോയതേയില്ല ഞാന്‍ 
ഗംഗാ പ്രവാഹത്തില്‍ മുങ്ങിയിട്ടില്ല ഞാന്‍ 
അമ്മതന്‍ തോരാത്ത കണ്ണീരോഴുക്കുകള്‍ ;
ഞാന്‍ കണ്ട ഗംഗയതായിരുന്നു !! 
അച്ഛന്‍ പുലമ്പുന്നോരാ തെറിപ്പാട്ടെന്‍റെ 
ബാലരാമായണമായിരുന്നു 
ചൂരല്‍പ്പഴം തിന്നു പൊട്ടിയ ചെഞ്ചുണ്ടില്‍ 
കീറിയ കൊഞ്ചല്‍ തുടിച്ചു നിന്നു 
വാക്കിന്‍റെ നോവാല്‍ അറിഞ്ഞവയൊക്കെയും 
നാലു വേദങ്ങള്‍തന്‍  സംഹിതകള്‍ 
കണ്ണന്‍റെ മുന്‍പില്‍ ഞാന്‍ കത്തിച്ച നാളങ്ങള്‍ 
ആശകള്‍ വറ്റിയതായിരുന്നു .....
നാടോഴുക്കുന്നപവാദപ്പുഴകളില്‍ 
പിഞ്ചു ഹൃദയം ഒലിച്ചു പോകെ 
ഇന്നെന്‍ അനുഭവക്കല്ലില്‍ കടഞ്ഞോരീ 
ഹൃത്തെന്‍റെ നെഞ്ചില്‍ കുടികിടപ്പൂ 
ചാഴിയൂറ്റിക്കുടിച്ചെന്‍റെ ചോരനീര്‍ 
വറ്റിയ ജഡം കൊത്തിപ്പറിക്കാന്‍ 
പകല്‍ പ്രാവുകള്‍ കൊക്കുരയ്ക്കുന്നു 
ഭാവിതന്‍ കഴുകന്മാര്‍ മൃതാശികള്‍ !!
തൂലികയ്ക്കിടയില്‍ ഞാന്‍ ഒളിപ്പിച്ച 
തങ്ക നൂലില്‍ നിന്നോന്നെടുത്തിന്നെന്‍റെ 
ഭാവന്യ്ക്കൊരു മോതിരം തീര്‍ക്കുവാന്‍
നിന്‍ ഹൃദയം കടം തരുമോ നീ ??
അമ്മ ചൊല്ലുന്ന വറ്റിയ വാക്കുകള്‍ 
തൊണ്ട കീറുന്ന നെല്ലിന്‍ മുനമ്പുകള്‍ 
പച്ചരിവാര്‍ത്ത വെള്ളമെന്‍ നെഞ്ചിലെ 
ആശയത്തെ തണുപ്പിച്ച നാളുകള്‍ 
പോരടിക്കും സഹോദര ഭ്രാന്തുകള്‍ 
നേരുടയ്ക്കുന്ന കള്ള നാവേറുകള്‍ !!
താളമില്ലാത്ത ദു:ഖച്ചുവടുകള്‍ 
വെച്ചു നീങ്ങുന്ന മാനസ ഭ്രാന്തുകള്‍ 
കണ്ണുനീരില്‍ പിറന്നൊരീ താമര-
മൊട്ടുകള്‍ നിങ്ങള്‍ സ്വീകരിച്ചീടുമോ ??



Saturday 15 September 2012

കൈപിടിച്ചറിഞ്ഞത് ..........

പരാതികളൊഴിഞ്ഞ 
പരിഭവങ്ങള്‍ കൊണ്ട് 
എന്നെ നീ തോല്‍പ്പിച്ച 
നിമിഷങ്ങളില്‍ 
അറിഞ്ഞിരുന്നുവോ 
അലിഞ്ഞലിഞ്ഞില്ലാതെയായത്‌ 
നമ്മിലെ അകലങ്ങളായിരുന്നു 

ഞാന്‍ കാണാത്ത വഴികളില്‍ 
മുള്ളോടിഞ്ഞ സ്നേഹവുമായി 
വൈകിയ വേളകളില്‍ 
ഞാന്‍ എത്തും വരെ 
കാത്തിരിക്കാറുണ്ടായിരുന്നു നീ 

പകരം തരാന്‍ 
പാമരനായ ഞാന്‍ 
നദിയൊഴുകുംപടി 
അലിയുകയായിരുന്നു 
നിന്‍ സൌഹൃദപ്പാടങ്ങളില്‍ 
സൂര്യകാന്തിയായി പിറക്കാന്‍ 
പൂണൂല്‍ കെട്ടിയ 
പൂമ്പാറ്റയാവാന്‍ 

മനസ്സൊളിപ്പിച്ച  മൗനം 
ഞാന്‍ അറിയാതിരിക്കയോ 
പവിഴമല്ലികള്‍ പാടിയതല്ലേ 
മനം കുളിര്‍ത്ത മൌനരാഗങ്ങള്‍ 

നിന്‍ മടിയില്‍ മയങ്ങും 
എന്‍ ഓര്‍മ്മകള്‍ തലോടുവാന്‍ 
പലകാലം പുറകോട്ടു പോകണം 
നാലാം ക്ലാസ്സിലെ ബെഞ്ചുകള്‍ വരെ 
നിന്‍ പൂണൂല്‍ ചൊല്ലിയ 
കഥകള്‍ കേള്‍ക്കാന്‍ 
നിഴലായിട്ടെത്ര ഞാന്‍ വന്നിരുന്നു ?
പങ്കിട്ടപാഠങ്ങള്‍ പുഞ്ചിരിക്കുന്നു 
തണലായി യാത്രയില്‍ നീളെ 

കുളിരണിഞ്ഞെത്ര മാത്രകള്‍ 
മനസ്സറിഞ്ഞെത്ര യാത്രകള്‍ 
നിന്‍ പതുപതുത്ത സ്നേഹം 
പുതച്ചുറങ്ങിയ രാത്രികള്‍ 

നിന്‍റെ ചിരികളത്രയും 
എന്‍റെ കവിതയാകുകയായിരുന്നു 
അറിയുവാനാകുമോ നിന്നെ 
എന്നെക്കാളേറെ വേറാര്‍ക്കും ?

എത്താത്ത കാതങ്ങളുണ്ടെങ്കിലും 
തമ്മില്‍ കാണാത്ത ദൂരത്തിലാനെങ്കിലും 
നിന്‍ വിളി കാതോര്‍ത്തു ഞാനാ 
ആലിന്‍ ചുവട്ടിലായ് പോകും 

ഇന്നെന്‍റെ മാനസം ചൊല്‍വൂ 
നിന്‍റെ മൂകമാം ദു:ഖങ്ങളെല്ലാം 
നിന്‍റെ ശ്വാസത്തിലായ് കേള്‍ക്കാം 
നിന്നില്‍ നീ തേങ്ങും സ്വരങ്ങള്‍ 

കുട്ടിക്കാലം മുതല്‍ക്കേ 
ഞാന്‍ കൈ പിടിച്ചറിഞ്ഞതല്ലേ 
നിന്‍റെ ഹൃദയ താളങ്ങളും 
നിസ്വാര്‍ത്ഥ സ്വപ്നങ്ങളും ..........

(എന്‍റെ പ്രാണപ്രിയ സുഹൃത്തിനു വേണ്ടി എന്‍റെ സ്നേഹം ...)

""വെളുത്ത താളുകളില്‍ ഞാന്‍ 
എന്‍ ആയുസ്സെഴുതി തീര്‍ക്കട്ടെ 
ആകാശ നീലിമയില്‍ പുതിയൊരു 
നക്ഷത്ര പിറവിക്കായ് ......""

Friday 14 September 2012

നീലമേഘമായ്  മാമല ചൂടിയാലും 
പെയ്തൊഴിയാന്‍ എനിക്ക് 
നിന്‍ നെഞ്ചു മാത്രം  മതി 
""നിന്‍റെ പൂങ്കുഴല്‍ പാടിയതല്ലേ
എന്‍റെ കവിതാ കല്പ്പനയെല്ലാം ""

നിലാവും കാളിന്ദിയും

കാളിന്ദിപ്പെണ്ണേ  നീ കണ്ടായോ എന്നെയാ
നീലക്കടമ്പിന്‍റെ  ചാഞ്ഞ കൊമ്പില്‍

കണ്ണന്‍റെ കമുകിയാകയാലോ നീയും
കണ്മണി പോലെ കറുത്തു പോയി

പാലൊഴുകുന്ന  നിലാവു ഞാന്‍ തന്നിട്ടും
പാലാഴി പോലെ നീ പൂത്തതില്ല

വൃന്ദാവനപൈക്കള്‍ വൃന്ദമോടെ വന്നു
നിത്യവും നിന്‍ മേനി നക്കുകിലും

തേഞ്ഞു തേഞ്ഞില്ലാതെയായില്ല  നിന്‍ മേനി
ലക്ഷ്മി വിലാസം പോല്‍ പുഞ്ചിരിച്ചു

നീലക്കരങ്ങള്‍ നിലാവത്തു വീശി ഞാന്‍
നിന്നെ പുണരാന്‍ വരുമ്പോഴൊക്കെ

കണ്ണനല്ലെന്നറിഞ്ഞെന്നെ നീയെന്നെന്നും
നീലക്കടമ്പില്‍ കയറ്റിവെച്ചു

കാളിയന്‍ വന്നു കടിപ്പാന്‍ തുടങ്ങുമീ
കാളിന്ദിപ്പെണ്ണിനെ നോക്കും നേരം

കാളിയന്‍ കണ്ണന്‍റെ ശമ്പളക്കാരനാം
കാളിന്ദിപ്പെണ്ണിനു കാവല്‍ നില്‍ക്കാന്‍

ശൃംഗാരമാടി നിന്‍ തീരത്തു ചേരുമ്പോള്‍
ഹുംകാരമോടു നീ കണ്ണുരുട്ടും

കാലില്‍ പിടിച്ചു വലിച്ചിടുമെന്നെയാ
കാളിന്ദിയാറ്റിന്‍ നടുവിലായി

ചന്ദ്രനാണെങ്കിലും ഇന്ദ്രനാണെങ്കിലും
വെള്ളം കുടിക്കും പുഴയില്‍ വീണാല്‍

ഇഷ്ടംകൊണ്ടല്ലെടി കാളിന്ദിപ്പെണ്ണാളേ
കഷ്ടം നീ എന്നെ കുടഞ്ഞെറിഞ്ഞു

മാനത്തു ചെന്നു തറച്ചിതാ നില്‍പ്പൂ ഞാന്‍
തേഞ്ഞു പോകുന്ന  മുഖവുമായി ...

Wednesday 12 September 2012

ബാങ്കില്‍ പോകും വഴി

ഇന്ന്ബാങ്കില്‍ പോകും വഴി
ഞാന്‍ ഒരു കാട്ടു കുരങ്ങനെ കണ്ടു 
അതല്ലേ രസം 
കാടില്ലാ കാട്ടില്‍ 
ഒരു കാട്ടുകുരങ്ങന്‍ !!
പിന്നെ കൗതുകമായി 
കലപിലയായി 
കൈകൊട്ടിക്കളിയായി ...
പാവം കുരങ്ങച്ചന്‍ 
പുതിയ കുരങ്ങുകളെ 
കൌതുകത്തോടെ നോക്കി 
വാലുള്ള ജാതിയും 
വാലില്ലാ ജാതിയും 
തീണ്ടാതെ ദൂരത്തു 
നോക്കിനിന്നു !!!
ആളുകളുടെ കണ്ണേറുകൊണ്ട് 
ആ പ്രൌഡ വാനരന്‍ 
നടു റോട്ടില്‍ 
ചന്തി കാട്ടിക്കിടന്നു !!
അസഭ്യം!!!! അസഭ്യം !!!!
ഒരുത്തന്‍ :വൃത്തികെട് 
                      ഇത്ര ധൈര്യമോ ?
രണ്ടാമന്‍ :ഗതാഗതക്കുരുക്ക് 
പത്താമന്‍ :ഇവന്‍ കേമനാ 
ഒമ്പതാമന്‍ :കണ്ണിനൊരു പ്രത്യേകത !
എട്ടാമന്‍ :അതെ ചിരിയിലും 
ഏഴാമന്‍ :അല്ലേ !!!! വാലിന്‍റെ നീളം കണ്ടോ ?
ആറാമന്‍ :നീളമുള്ള പൂട 
അഞ്ചാമന്‍ :ഉള്ള കാട്ടിലെ കുരങ്ങനാ 
നാലാമന്‍ :നല്ല ലക്ഷണം 
മൂന്നാമന്‍ :വിദേശക്കുരങ്ങനാ 
രണ്ടാമന്‍ :അതെയതെ ചന്തം കണ്ടാലറിയാം 
ഒന്നാമന്‍ :ചന്തമുള്ള ചന്തി 
                     കണ്ടപ്പോഴേ തോന്നി 
                      ഇവന്‍ അമേരിക്ക കുരങ്ങന്‍ തന്നെ !!!
വഴിമാറൂ വാഹനമേ 
അതിഥിക്കുരങ്ങന്‍ 
കിടന്നുറങ്ങട്ടെ !!
ഇവനെ തോണ്ടിയാല്‍ 
ഭരണകൂടം 
ഉത്തരം പറയണം 
മാലയിട്ടാദരിക്കൂ ഈ 
മാത്സര്യബുദ്ധനെ !!
വിദേശിയാണെങ്കില്‍ നാം 
വിനയാന്വിതരാകണം 
നിറദീപം കൊളുത്തി 
നിരത്തലങ്കരിക്കണം .
പശിയകറ്റും പുന്നാരക്കുരങ്ങന്‍ 
എടാ ഭാരതക്കുരങ്ങാ 
നീ ഓടെടാ ഓട് ...........

Tuesday 11 September 2012

എന്‍റെ പുലരി

ചില പുലരികള്‍ അമ്മതന്‍
ചേലത്തുമ്പു പോലെ
കണ്ണീര്‍ തുടയ്ക്കാനും
കൈ കഴുകിത്തുടയ്ക്കാനും
ചില പുലരികള്‍ കാമിനിയുടെ
കവിള്‍ത്തടം പോലെ
കൊഞ്ചിക്കുഴയാനും
കുത്തുവാക്ക് പറയാനും
പുലരിച്ചുവപ്പുകള്‍
പുതിയതായെത്തുമ്പോള്‍
എന്‍ മനം മന്ത്രിക്കും
ഉദയാ........
ഇത് നിന്‍റെ ദിവസം
ഇത് നിന്‍റെ ദിവസം 

അതിവേഗം ബഹുദൂരം --ഒരടച്ചെഴുത്ത്

മരണക്കുഴികള്‍ ..
എന്‍ എച്ചിന്‍ ദൂരം 
വികസനത്തിലേക്കുള്ളത് 
പാറ പൊട്ടലുകള്‍ 
തീവണ്ടിപ്പെട്ടികള്‍ പോലെ 
പാതയില്‍ നീണ്ട നിരകള്‍ 
ജനനക്കരച്ചിലുകള്‍ 
രക്തസ്രാവം 
മറുപിള്ളകള്‍ 
മരണമുറവിളികള്‍ 
ബസ്സിനുള്ളിലെ സര്‍ക്കസ്സാട്ടം 
ഓട്ട മത്സരം നടത്തും 
സ്വകാര്യ സ്വത്തുക്ള്‍
നട്ടെല്ലിന്‍ നിലവിളികളില്‍ 
തെറിക്കും കണ്ണടകള്‍ 
സര്‍ക്കാരിന്‍റെ മൗനം 
കണ്ണും കാതും കൂടെ 
കൈകളും കെട്ടുന്നവര്‍ 
മരങ്ങള്‍ പിന്നോട്ടോടി  
രക്ഷപ്പെടുയാണ് 
അവയും പേടിപ്പൂ പോല്‍ 
മരമുറിയന്‍ നയങ്ങളെ 
ഇരുണ്ട കണ്ണുകള്‍ 
ഭാവിയുടെ ഭംഗിയില്‍ 
കണ്ണീരോഴുക്കുന്നു 
നിശ്ശബ്ദ മേഘങ്ങള്‍ 
നീരുറവകളായി 
ഹൃദയത്തില്‍ ഉയിരിടുന്നു 
അവ ഉരിയാടുന്ന 
ഇന്നത്തെ നഷ്ടങ്ങള്‍ 
റേഷനരിയും 
ഓ ആര്‍ എസ് ലായിനിയും 
ഉറക്കം കെടുത്തും 
ഉപചാര പേച്ചുകളും 
തൊട്ടാല്‍ വില 
തല തെറിപ്പിക്കും
നിത്യോപയോഗങ്ങള്‍ 
എങ്കിലും സൌന്ദര്യം 
വാരിപ്പൂശും വറ്റിയ 
പാലാഴി നെഞ്ചുകളും 
പഞ്ഞത്തിന്‍റെ 
പുല്ലാങ്കുഴലുകള്‍ക്ക് മീതെ 
ആര്‍ഭാട കപ്പലുകളും 
ട്രംപെറ്റിന്‍  സംഗീതവും 
മൂക സാക്ഷാത്കാരങ്ങളുടെ 
കബന്ധങ്ങള്‍ പിച്ച തെണ്ടുന്നു 
എത്ര പാട്ടുകള്‍ പൊട്ടിയ 
മാനസക്കണ്ണാടികള്‍ 
എങ്കിലും പാതയ്ക്കു മേല്‍ 
ഇരപിടിയന്‍ കുഴികളും 
മരണച്ചിരികളും 
പല്ലിളിക്കുന്ന നയങ്ങളുടെ 
പനിനീര്‍ മുള്ളുകളും 
ഇതുപോല്‍ നെഗറ്റിവ് 
കവിതകളും ഹാ !!!!
എത്ര  സുന്ദരം 
നമ്മുടെ ജീവിതം ?
മുന്നോട്ടു മുന്നോട്ട്‌ 
അതിവേഗം ബഹുദൂരം !!!!!

Sunday 9 September 2012

അതിവേഗം ബഹുദൂരം

പറക്കുന്ന  പ്രൈവറ്റ് ബസ്സുകള്‍ മാത്രം കാണ്മൂ
പിറക്കാ വഴികള്‍ തന്‍ സിഗ്നലിന്‍ വെളിച്ചങ്ങള്‍

ഇല്ലെങ്കില്‍ അവന്‍ കേള്‍പ്പൂ പിന്‍ വരും ബസ്സിലുള്ള
അനുജന്‍ കിളിയുടെ സസ്നേഹ തെറിപ്പാട്ട്

ആടിയും കുലുങ്ങിയും ബസ്സുകള്‍ പറക്കുമ്പോള്‍
ആടാത്ത മനസ്സുകള്‍ കാണുമോ അതിനുള്ളില്‍ ?

ഫോണ്‍ വിളിക്കണം ഭാര്യേ , വന്നാല്‍ ഞാന്‍ വന്നുവെന്നു
ചൊല്ലാം നീ എന്നെ കാത്തു സമയം കളയേണ്ടാ

കുഴികള്‍ കുഴിക്കുന്നു ജീവന്‍റെ പടുകുഴി
അതിലും സര്‍ക്കാരുകള്‍ പുഞ്ചിരിക്കൊടി നാട്ടും

കുതിരാന്‍ കയറ്റത്തില്‍ പാറകള്‍ ഇടിഞ്ഞത്ത്രേ
നീണ്ടിതാ കിടക്കുന്നു വാഹന നിര നീളെ

കാറിന്‍റെയുള്ളില്‍ നിന്നും കറുത്ത കുട്ടിയുടെ
ജനനക്കരച്ചിലിന്‍ നാദമിന്നിതാ കേള്‍പ്പൂ

ചോര വാര്‍ന്നോലിച്ചിട്ടാത്തള്ള ചത്തുപോയിപോല്‍
ഇതിനുത്തരം ഞാനോ സര്‍ക്കാരോ ചൊല്ലേണ്ടു ചൊല്‍ ?

ബസ്സിനുള്ളില്‍ നമുക്കു സര്‍ക്കസ്സു കളിക്കാലോ
പൊങ്ങിയും താണും കാറ്റില്‍ ആടിയാടിയങ്ങനെ

തൃശ്ശൂരില്‍ ജോലിക്കു പോം പാലക്കാട്ടുകാരന്‍റെ
പരിതാപകരമാം അവസ്ഥ കണ്ടോ നിങ്ങള്‍?

തൃശ്ശൂര്‍കാരന്‍റെ കഥ എടുത്തു പറയേണ്ടാ
പാവങ്ങള്‍ ബസ്‌യാത്രയില്‍ നട്ടെല്ലു തകര്‍ന്നവര്‍

കേരള വികസനം സ്വപ്നം കണ്ടുറങ്ങുന്ന
കേരളീയരേ നമ്മള്‍ പാടില്ല പതറുവാന്‍

എന്‍ എച്ചു പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു
മുന്നേറ്റത്തിലേക്കുള്ള പാതയെന്നറിഞ്ഞാലും ..

കുഴികള്‍ കാണാമത്തില്‍ കൊറ്റികള്‍ മീന്‍പിടിക്കാം
എങ്കിലും തൃശ്ശൂര്‍ ബസ്സു പറക്കും പറവ പോല്‍

പാവങ്ങള്‍ അവരുടെ ആയുസ്സിന്‍ മരച്ചോട്ടില്‍
കുഴികള്‍ കുഴിക്കുന്നോ ശ്രേഷ്ഠ സര്‍ക്കാരെ നിങ്ങള്‍ ?

ഭരണകൂടം മാറി മാറിവന്നെന്നാകിലും
നാടു നന്നാവാന്‍ എത്ര കാലമിന്നിയും വേണം ?

ചുവപ്പു നക്ഷത്രവും മൂവര്‍ണ്ണക്കൊടിക്കാറ്റും
കാര്യമില്ലതെയായി ചമയുന്നിതു സ്വയം

കാര്യങ്ങള്‍ പറയാതെ ഇരിപ്പതെങ്ങനെ നാം
കവികളല്ലയോ നാം കടമയിതല്ലയോ ??

Friday 7 September 2012

പാട്ടിമുത്തി

അല്ലല്ലെന്തിനു നോക്കുന്നിതു  വൃഥാ 
തെല്ലുമില്ലാ പ്രകാശം ചുഴലവും 
പല്ലു പോയൊരാ പാട്ടിമുത്തിയ്ക്കൊരു 
വില്ലു പോലെ വളഞ്ഞ വടി തുണ 

പൌഡറിട്ട പ്രസൂനം നിനപ്പുള്ളില്‍ 
പ്രൌഡിയോടെ നടക്കുമാ ശ്രീമതി 
കാതു തൂങ്ങുന്നു കമ്മല്‍ കനക്കയാല്‍ 
വാതു വെച്ച പ്രതീതി കണക്കിനെ 

വെറ്റിലക്കറ  ഇംഗ്ലീഷ് കൊഞ്ചുന്നു 
ചുറ്റിലും ജനം വായ പൊളിക്കുന്നു 
പട്ടടയ്ക്കെടുക്കാറായിതെങ്കിലും 
പട്ടു ചേലയേ ചുറ്റൂ നതാംഗിയാള്‍ 

കണ്ണുമുന്നില്‍ തപസ്സു ചെയ്യുന്നൊരാ 
കണ്ണടയ്ക്കും തിമിരം ഭവിച്ചു പോല്‍ 
എങ്കിലും കുറവില്ലെന്‍റെ ജാനകി 
നിങ്കലുള്ലോരാ പൂര്‍വകാല  പക 

മാറു തൂങ്ങും ഉറികളെപോല്‍ അവ
പാറുമാസാരിത്തുമ്പാല്‍ മറയ്ക്കയും 
കൈവളകള്‍ കിലുങ്ങുന്നോരോച്ചയാല്‍ 
പൈക്കളെ തൊഴുത്തില്‍ കേറ്റുമാസ്സതി 

കണ്ണന്‍ കാശയച്ചില്ലേടി നാണിയേ 
പെണ്ണു പെറ്റാല്‍ ഞാന്‍ പെട്ടുപോയില്ലെടി 
കാര്‍ത്തു , രാത്രിയില്‍ നീ കിടന്നീടടി 
കാത്തുകൊള്ളണേ കൃഷ്ണന്‍ തിരുവടി 

നന്മകളുടെ വിത്തു പാകുന്നൊരു 
പൊന്മകള്‍ വിളയാടുന്ന സത്രം 
ഇത്തരമൊരു ഗ്രാമീണ ചിത്രം 
എത്ര കാലമുണ്ടാമെന്നു മാത്രം !!!!!!

Thursday 6 September 2012

പ്രേമകാളിന്ദി

പ്രണയിച്ച പെണ്ണെന്നെ
പറിച്ചെറിഞ്ഞപ്പോള്‍
എന്‍റെ പ്രണയം സ്വതന്ത്രമായി

വെള്ളരിപ്രാവു  പോല്‍
പറപറന്നങ്ങനെ
പുലരികള്‍ തേടി ഞാന്‍ പോയി ......

എന്‍റെ  പ്രണയത്തിന് ചിറകെട്ടിയ
അവളുടെ ചിരിക്ക്
പായലിന്‍റെ വഴുവഴുപ്പായിരുന്നു
തിരിച്ചറിഞ്ഞത് പ്രേമകാളിന്ദിയില്‍
മൂക്കോളം മുങ്ങിയപ്പോഴും ...

പ്രണയ ജലനിരപ്പ്‌
താണുതാണ്  എന്നെ
രക്ഷപ്പെടുത്തുകയായിരുന്നു
അല്ലാതെ ഞാന്‍
നീന്തി കരേറിയതല്ല

ഉറക്കത്തില്‍ പ്രണയം കൊഞ്ചും
ഉയിരറ്റ നിമിഷങ്ങള്‍
ഉണരാതിരിക്കട്ടെ എന്നും

വില കൂടും ചോക്ലേറ്റിന്‍
മണമുള്ള ചുണ്ടുകള്‍
എന്നെ ചുംബിച്ചു ചുവന്നപ്പോള്‍
അറിഞ്ഞല്ലോ ആറിത്തണ്ക്കാത്ത
ഒരാണത്ത പ്രതിഭയെ !!

എങ്കിലും നീ കണ്ടതെന്‍
മയിലാട്ടത്തിന്‍ പൊട്ടിയ
പാഴ്പീലിത്തുണ്ടു മാത്രം

കാണാത്തതെത്രയുണ്ടെന്നെ  നീ
കാതരേ ........
കാലമായില്ലെന്നു മാത്രം കരുതുന്നു ...

കണ്ണുമടച്ചു നീ ചൊല്ലും ബഡായികള്‍
കണ്ണുമടച്ചു ഞാന്‍ വിശ്വസിച്ചൂ ..
എന്നു കരുതിയ ബുദ്ധിശാലി !!

നിന്‍റെ കണ്ണും കരിവളകളും
എത്ര പേരുടെ പോക്കറ്റടിച്ചു !!!!

നിന്നെ അറിഞ്ഞറിഞ്ഞ് നിന്‍റെ
വയറ്റില്‍ ഞാന്‍ കണ്ടത്
സൊമാലിയന്‍ പ്രണയമായിരുന്നു !!!!!!!!



Tuesday 4 September 2012


"മഞ്ഞു പെയ്തപ്പോഴാണ് അറിഞ്ഞത്
മാനത്തു മാന്ത്രികന്‍ കണ്‍തുറന്നെന്ന്
മനസ്സ് പെയ്തപ്പോഴാണ് അറിഞ്ഞത്
നീയെന്‍റെ മാരിവില്ലായിരുന്നെന്ന്"

Saturday 1 September 2012

കളിത്തത്ത

അല്ലയോ കളിത്തത്തേ  പറന്നു വരൂ
നല്ല കാവ്യ കാകളിത്തട്ടില്‍ കളിക്കൂ

മാന്ത്രികച്ചോല്ലിന്‍   തൂമണികള്‍കെട്ടൂ നീ
ഭാവനാ സാന്ദ്രമായ് മന്മനം നിറയ്ക്കൂ

ചുണ്ടിന്‍ ചുവപ്പാല്‍ നവ്യകാവ്യം രചിക്കാന്‍
പണ്ടുള്ള പോലെ നീ വീണ്ടും വരികയും

തൊണ്ടിപ്പഴങ്ങള്‍ ഞാന്‍ നല്കയും വന്‍പുള്ളൊ -
രിണ്ടല്‍ക്കണങ്ങള്‍  നീ നീക്കിത്തരികയും

കാവ്യാംഗുലികളില്‍ മാല്യങ്ങളേന്തി നിന്‍
കല്യകണ്ഠത്തിലണിയിക്കയും ചെയ് വു   

വാക്കുകള്‍ വാരി വാരിത്തന്നു ഞങ്ങള്‍ തന്‍
കാവ്യ പൂര്‍ത്തിക്കു നീ എന്നും തുണയ്ക്കണം

                      *****************************

വൃത്തം : കാകളി

തുഞ്ചന്റെ കളിത്തത്ത എന്ന  കമ്മ്യൂണിറ്റിയില്‍  പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി എഴുതിക്കൊണ്ടത് ..