Thursday 22 November 2012

വീണ്ടെടുക്കാന്‍ കഴിയാത്തത് .......

ഇന്നെന്‍റെ നാഡികള്‍ നാവനക്കുന്നു 
കൂട്ടുകാരന്‍റെ നാമമുരയ്ക്കുവാന്‍ 
നിങ്ങള്‍ക്കറിയുമോ ഞങ്ങള്‍ക്കിടയിലെ 
ബാല്യകാലത്തിന്‍ ബഹിര്‍ സ്ഫുരണങ്ങള്‍ ....

വറ്റാത്ത സൌഹൃദപ്പൂനിലാവില്‍ ഞങ്ങള്‍ 
അമ്പലം കെട്ടിക്കളിച്ചതെത്ര !!
അന്നവന്‍ താങ്ങാല്‍ നിവര്‍ന്നിരുന്ന് 
സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതെത്ര ..

എത്ര മരങ്ങള്‍ കയറിയന്നാ 
വീഴ്ച്ചയില്‍  സാന്ത്വനിപ്പിച്ചതെത്ര 
ഇന്നതെപ്പറ്റി പറയുമ്പോഴൊക്കെയും 
നിശ്ചയം മൂകനായ്‌ നിന്നിടും ഞാന്‍ !!!!!

Wednesday 21 November 2012


"ഒരു പുലരിയും ചൊല്ലിയതില്ലെന്‍റെ
ഉള്ളുരുക്കുന്നരാപ്പനിച്ചൂടുകള്‍
നിയതമിന്നുമെന്‍ പ്രണയാങ്കണത്തിലെ
പാരിജാതങ്ങള്‍ പുഞ്ചിരിക്കില്ലപോല്‍

 ഓതുവാനെനിക്കാവുന്നതില്ലെന്‍റെ
ഓര്‍മ്മയില്‍ തളംകെട്ടിയ നാള്‍കളെ!!
എങ്കിലും വൃഥാ ആശിപ്പുഞാന്‍ സദാ
പങ്കിലമീ മനം പൂവണിയുകില്‍""''

Monday 19 November 2012

ആ പവിഴമല്ലി മാത്രം ......

എത്ര വളര്‍ന്നു ഞാനന്നേതിലിന്നിത്ര 
എന്നിട്ടുമാ പവിഴമല്ലി മാത്രം ,
പണ്ടു ഞാന്‍ പൂവിറുക്കാന്‍ ചെല്ലുമോര്‍മ്മയും 
കെട്ടിപ്പുണര്‍ന്നു മണം പോഴിപ്പൂ 
നിത്യവും ദേവനു വാസനാസേവനം 
ചെയ്തു വിടര്‍ന്നിതു നില്‍ക്കയാലേ 
നിത്യമാ യൗവ്വനച്ചോരത്തുടിപ്പുകള്‍ 
പൂത്തുനില്‍ക്കുന്നിതാ ശാഖതോറും 
ഇന്നുമാമമ്പലമുറ്റത്തിലൂടെ ഞാന്‍ 
നാമം ജപിച്ചു നടന്നിടുമ്പോള്‍ 
പണ്ടത്തെ വാത്സല്യമുള്ളിലോളിപ്പിച്ചു 
നോക്കുമാപ്പൂമരം നിത്യമെന്നെ !!
ഭാവിയില്‍ പട്ടുടുത്തോടിവരും നിന്‍റെ 
കൊച്ചു വികൃതി കുലുക്കാന്‍ വേണ്ടി 
പച്ചിലച്ചാര്‍ത്തിനിടയിലീ വൈഡൂര്യ -
ക്കല്ലൊളിപ്പിക്കുന്നുവെന്നു ചൊല്ലും 
എത്ര പൂക്കൂടകള്‍ പൂരിച്ച ഗന്ധമാ -
ണീത്തിരുമുറ്റത്തു വീഴ്വതെന്നോ !!!
എത്ര മണക്കിലും ആ മണം വറ്റാതെ 
നില്‍ക്കുന്നിതാ പവിഴമല്ലി മാത്രം ......!!!!

Sunday 18 November 2012

മനസ്സില്‍ ഒരു മഞ്ഞുകാലം

താഴും നിന്‍ ഓര്‍മ്മകള്‍ തട്ടി 
തടഞ്ഞു വീണിടാം -എന്‍റെ 
ആദര്‍ശ ധീരത്വവും നിന്നെ 
ഉള്‍ക്കൊണ്ടെന്ന നാട്യവും 
ഓര്‍ക്കുന്നുവോ നമ്മള്‍ 
പൂനിലാവും പുതച്ച് 
ശിശിരരാത്രികളില്‍ ഒന്നായ് 
സ്വപ്‌നങ്ങള്‍ നെയ്തതും 
ചിരിതൂകും ഇമവെട്ടി 
നക്ഷത്രങ്ങളെ പുല്‍കിച്ചതും 
കുഞ്ഞുമഞ്ഞുകള്‍ മൂടി 
കാഴ്ച്ചകള്‍ അകന്നനാള്‍ ....!!!
ഇന്നു നീ ദൂരേ മഞ്ഞിന്‍ അമ്മ 
കരിമ്പടം പുതയ്ക്കും നാട്ടില്‍ 
കണ്ണടയ്ക്കാതെന്നെ 
സാകൂതം നോക്കും നേരം 
എന്നിടനെഞ്ചില്‍ കത്തും 
നെരിപ്പോടിന്‍ ചൂടുതട്ടി 
മടിയില്‍ തലചായ്ച്ചീ
മഞ്ഞുകാലം വിതുമ്പുന്നു ....

Friday 16 November 2012

കരിപുരണ്ടവള്‍ .........

പറന്നിട്ടും പറന്നിട്ടും
എത്താത്ത ദൂരങ്ങള്‍ 
പറവയായ് മാറ്റിയന്നെന്നെ !!
വിരിച്ചിട്ടും വിരിച്ചിട്ടും 
വിരിയാത്ത മുട്ടകള്‍ 
ഭാവിതന്‍ ചിറകായി മാറി 
ആകാശത്തട്ടില്‍ തട്ടി 
തല മുറിഞ്ഞപ്പോള്‍ തോന്നി 
ഇനിയുള്ള യാത്രയില്‍ 
ഇറക്കങ്ങള്‍ മാത്രം 
മേഘമെത്തമേല്‍ 
മയങ്ങാന്‍ കിടന്നപ്പോള്‍ 
സൂര്യവിത്തുകള്‍ 
അടിവയര്‍ തടവി........
മേഘത്തില്‍ പെറ്റിടാന്‍ 
മാലാഖയാകണം പോല്‍ !!
ചിറകുകള്‍ വിരിക്കിലും 
മാലാഖയല്ല ഞാന്‍ !!
വിദ്രുമലതകളെന്‍ 
മേനി പുല്‍കില്ലാ ..
ശൂദ്രമുട്ടകള്‍ വിരിയുവാന്‍ 
മുരുക്കിന്‍ മരക്കൊമ്പ് 
തേടിപ്പറക്കണം 
പറക്കും വഴികളില്‍ 
പലതും കണ്ടു ഞാന്‍ 
നനവുള്ള കാരുണ്യ 
നയനങ്ങളൊഴികെ ...
നിരാശാകരിമ്പാറയില്‍ 
വീണുടയുമെന്‍ നിറംകെട്ട 
സൂര്യാണ്ഡജങ്ങള്‍ ..........!!!!
കണ്‍മിഴിക്കാത്തൊരാ 
കണ്ണീര്‍ കാണുവാന്‍ 
കറുപ്പിനെ കറയാക്കി 
നിര്‍ത്തുമീ ലോകമേ 
കണ്‍തുറന്നൊന്നു 
നോക്കുക,
നിങ്ങളാല്‍ കരിപുതച്ചൊരീ 
കാക്കക്കറുമ്പിയെ ............!!!!!

Saturday 10 November 2012

മഷിക്കുപ്പി

മുക്കിയെടുക്കാന്‍
കഴിയാത്തത്രയുണ്ട്
അനുഭവനീളങ്ങളും
ഓര്‍മ്മപ്പഴന്തുണികളും
മഷിയുടെ മണമടിച്ചാല്‍
എന്‍റെ തൂലിക
ഋതുമതിയാകും ..
പിന്നെ കഴിഞ്ഞു
തീണ്ടാരി എന്നുപറഞ്ഞ്
ശ്വാസംമുട്ടിക്കും മച്ചിനുള്ളില്‍
വിശ്രമം ......
ഏഴും കുളിച്ച്
കണ്‍ തുറക്കാത്ത
ജീവിതക്കറ കഴുകിയാല്‍
വാക്കുകള്‍ ഷണ്ഡരാകും
ആവര്‍ത്തനത്തിന്‍റെ
കാത്തിരിപ്പ് ......
വീണ്ടും എന്‍
മഷിക്കുപ്പി നിറയാന്‍
കടലോളം കണ്ണീര്‍ വേണം ............!!!!!

Thursday 8 November 2012

പിണക്കം .......

ആവേശത്തിരതല്ലും ആശയപ്പുഴനീന്താന്‍
ആശതന്‍ അഗാധതേ നീയനുവദിക്കില്ലേ ?

വെള്ളയായ്ത്തന്നെ  ഇന്നും കിടപ്പൂ കടലാസും
ഇന്നിതാ വിണ്ണും നോക്കിയിരിപ്പൂ വൃഥാഞാനും

വാക്കുകള്‍ പടിക്കല്‍ വന്നെത്തിനോക്കുന്നുയെന്നെ -
ക്കണ്ടിട്ടു വായപൊത്തി ചിരിച്ചു പിണങ്ങുന്നു

തൂലികയ്ക്കുള്ളില്‍ വന്നിട്ടിരിക്കാനല്‍പ്പനേരം
ഞാനുമായ് ചിലവിടാന്‍ കഴിയാഞ്ഞല്ല തെല്ലും

എന്നിലെ കവിത്വത്തെ കാലനു കണിവയ്ക്കാന്‍
കരുനീക്കുന്നോയിവരെന്നു സംശയിക്കുന്നു

ഭാവനാ ചതുരംഗക്കേളിയില്‍  തോല്‍പ്പിക്കുവാന്‍
കുതിരക്കുളമ്പടിച്ചോടിയെത്തുന്നൂയിവര്‍ 

ഞാനുമായ് പലകാലം ഉണ്ടുറങ്ങിയോരിവര്‍
പുസ്തകം പങ്കിട്ടവര്‍ ആശയം പങ്കിട്ടവര്‍

ഇന്നെന്നെ ഉപേക്ഷിച്ചു പോകുവാന്‍ തുടങ്ങാമോ ?
ഉയിരിന്നുയിരായ് ഞാന്‍ സ്നേഹിച്ച കുരുന്നുകള്‍ ...

അന്നൊരിക്കല്‍ കവിതാവിത്തുകള്‍ വിതയ്ക്കുമ്പോള്‍
ബാലവാടിയില്‍ പിള്ളേര്‍ കരയും കണക്കിനേ

കുട്ടിവാക്കുകള്‍ വന്നെന്‍ മേശമേല്‍ നിരന്നിട്ടു
ബഹളം കൂട്ടീട്ടെന്നേ അരിശം പിടിപ്പിച്ചു

അടങ്ങിയിരിക്കുവാന്‍ ചൊല്ലിനേന്‍ പലവട്ടം
പേനതന്‍ മുനയോടിച്ചന്നവരാനന്ദിച്ചു

നിമിഷത്തിലെന്‍ ദേഷ്യം കൈയ്യോങ്ങി പിള്ളേരുടെ
തുടുചന്തിയില്‍ നോക്കി പൊട്ടിച്ചു മൂന്നാലെണ്ണം !!!

വാക്കുകളാണെങ്കിലും കവിത വിതയ്ക്കുമ്പോള്‍
അടക്കിമൊഴിയാതെ കുസൃതി കാണിക്കാമോ ??

ഇനി നീ വിളിച്ചാലും വരികയില്ലാ ചൊല്ലി
പോയോരാണവരെന്‍റെ  മാനസക്കിടാവുകള്‍ ...!!!

ഞാനുപേക്ഷിച്ചാല്‍പോലുമാകുമോ അവര്‍ക്കെന്നെ
തനിയെവിട്ടു മറ്റു തൂലിക തേടിപ്പോകാന്‍ ??

ആകയാലല്ലേ എത്തി നോക്കുന്നെന്‍ പടിയ്ക്കലില്‍
കൈകാട്ടി വിളിക്കുമോ ഞാനെന്നതറിയുവാന്‍

ഇല്ലഞാനിനിമേലില്‍ നിങ്ങളെ നോവിക്കില്ലാ
പരുഷം പറയില്ലാ സ്വാതന്ത്ര്യം മുടക്കില്ലാ ...

പണ്ടത്തെപ്പോലെയെന്‍റെ തൂലികയ്ക്കുള്ളില്‍ വന്നു
അക്ഷരമഷി നിറച്ചാശയമറിയിക്കൂ ....   

Monday 5 November 2012

വിരഹദു:ഖം

((പഴയ ഡയറി യുടെ താളുകള്‍ മറിച്ചു നോക്കിയപ്പോള്‍ കിട്ടിയതാണ് ഞാന്‍ എട്ടാം ക്ലാസ്സില്‍ (2001) പഠിക്കുമ്പോള്‍ എഴുതിയ ഈ കവിത . അതില്‍ ഒരു മാറ്റവും വരുത്താതെ അതുപോലെ തന്നെ ഇവിടെ എഴുതുന്നു ... ))

കണ്ണിമയ്ക്കാതെ ഗോകുലത്തിലെ രാധ 
വിരഹം താങ്ങാതെ കണ്ണന്‍ മധുരയിലും ..

കാളിന്ദി തടത്തില്‍ നിന്നോര്‍ത്തു രാധ 
രാസക്രീഡ ചെയ്തതും കുളിച്ചതുമെല്ലാം 

നല്ല പതിയെ കിട്ടുവാനായ് പ്രാര്‍ത്ഥിച്ച നേരം 
പാര്‍വതി മാതാവ് കടാക്ഷിച്ചതുമെല്ലാം 

കണ്ണന്‍ പോയ്‌ ഗോകുലത്തില്‍ മൂകതയായി 
ഗോക്കളുടെ പയസ്സെല്ലാം ചോരാതെയായി 

അളികള്‍ തേന്‍ നുകരുവാനായ് വരാതെയായി 
വൃന്ദാവനത്തിലെ കിളി ചിലയ്ക്കാതായി !!

കാളിന്ദി വേഗമൊഴുകാന്‍ തുടങ്ങയായി 
ശാഖികളില്‍ കായ്കനികള്‍ ഇല്ലാതെയായി 

ഗോപസ്ത്രീകള്‍ കുടമെടുത്തു വരാതെയായി 
ആട്ടം പാട്ടും കൂടെയെല്ലാം ഇല്ലാതെയായി 

അമ്മയുടെ ലാളനയോ നിന്നുപോയി 
ഗോപരുടെ മടിത്തട്ടൊഴിയുകയായി  

ഉറികളില്‍ വെണ്ണയാരും നിറയ്ക്കാതായി 
കണ്ണനായി പാട്ടാരും പാടാതെയായി 

മുടിയില്‍ പുഷ്പങ്ങളാരും ചൂടാതെയായി 
കണ്ണനായി വേണുവാരും എന്താതെയായി 

വൃന്ദാവനം മൂകതയിലാണ്ടു പോയി 
വിരഹദു : ഖം തന്നെ എല്ലായിടത്തും !!!

Friday 2 November 2012

ചുവന്ന മുള്ള്

മനം മടുപ്പന്‍ നയങ്ങളേ ...
നിങ്ങളൊരു മറക്കുട നല്‍കൂ ...
ഞാനുമെന്‍ ആശയങ്ങളും
അല്‍പ്പം മറഞ്ഞിരിക്കട്ടെ ..!!
വയ്യിനി നടക്കുവാന്‍ ഈ
ബുദ്ധിഭോജികള്‍ക്കിടയില്‍
കാലങ്ങള്‍ക്കിടയിലൂ-
ടൊഴുകിയെത്തും
രുധിര പ്രവാഹത്തില്‍
മുങ്ങിക്കുളിച്ചവര്‍ ...
എങ്കിലും  ആ മണം
ഉള്ളിലേല്‍ക്കാത്തവര്‍ !!
കണ്ണുകെട്ടപ്പെട്ട
പടുവിത്തുകാളകള്‍ !!
എന്‍ തൂവെള്ള തൂവലില്‍
ചോപ്പു കുടയുന്നവര്‍ !!!
ചെളിയില്‍ കിളിര്‍ത്തവര്‍
ഇന്ന് ചെളിയാട്ടം ആടുവോര്‍ ...
ബാല്യത്തിന്‍ ഭാവിയില്‍
വേനല്‍ വിതയ്ക്കുവാന്‍
കൊഞ്ചുന്ന സഞ്ചിയില്‍
സുഷിരങ്ങള്‍ ഇട്ടവര്‍ .
മുള്‍ക്കിരീടം ചാര്‍ത്തി -
യൊഴുകുന്ന ചോരക -
ണ്ടരുതരുതെ നിങ്ങള്‍
കണ്ണീരൊഴുക്കുവാന്‍ ...
അതുമൊരു സൂത്രമാ -
ണായവര്‍ നിങ്ങള്‍തന്‍
കണ്ണുനീര്‍ത്തുള്ളിക്കും
കരമടപ്പിക്കും !!!!
ആറിത്തണുക്കട്ടെ
ഇത്തരക്കാരുടെ
എന്തിനെന്നറിയാത്ത
ആവേശപ്പാട്ടുകള്‍ ....
എന്നിട്ടു മറനീക്കി
എത്തലാണുത്തമം
അല്ലെങ്കില്‍ ചിന്തയ്ക്ക്
ചെളി പറ്റുകില്ലയോ ?????