Monday, 31 December 2012

വേനലില്‍ ഒരു വിരുന്നുകാരന്‍

എങ്ങുനിന്നു വരുന്നു നീ യാതൊന്നും
മനമിളക്കാത്ത ദലൈലാമ പോല്‍ ?
പിന്നിട്ട വഴികളില്‍ നീ കണ്ടതില്ലയോ
ചരിത്രം വരച്ചിട്ട രക്തചിത്രങ്ങള്‍ ?
എന്തിനോ വേണ്ടി അടരാടി പരസ്പരം
സ്മാരകങ്ങള്‍ ചെകിട്ടത്തടിക്കുമ്പോള്‍
കണ്ടുനില്‍ക്കുന്നരംഗവൈകല്യ
കുട്ടിമാനസം കണ്ടതില്ലേ നീ ?
അഴിമതി പണച്ചാക്കുകള്‍  തട്ടി
ഇരടി വീഴുവാന്‍ പോയിതോ നീ സഖേ ?
ലോകം പകുക്കും വിശുദ്ധ വത്തിക്കാന്‍
പള്ളിയിന്‍ ഇടനാഴികള്‍ കണ്ടുവോ ?
കണ്ടുവോ നീ രഹസ്യങ്ങള്‍ ചൊല്ലും
പാവമാകൊച്ചു പുണ്യാള പ്രതിമയെ ?
കടല്‍ വെള്ളം കഥ പറയുമ്പോള്‍
നെഞ്ചു പൊട്ടും വിഷാദ തന്ത്രികള്‍ മീട്ടി
ആതുരരക്ഷയ്ക്കൊരാള്‍മറ  കെട്ടുവാന്‍
പണം പിരിയ്ക്കും പ്രമാണിയെ കണ്ടുവോ ?
തീയുണ്ട ചീറ്റും വിശുദ്ധ യുദ്ധത്തിനു
ബാല്യം ത്യജിച്ച മാലാഖയെ കണ്ടുവോ ?
എന്നിട്ടുമൊന്നും അറിയാത്ത മട്ടില്‍
ഇന്നു നീ വന്നോ വിരുന്നുകാരാ ?
വിളവു കാക്കുന്ന വേതാള വേലികള്‍
വിസര്‍ജ്ജിക്കുന്ന ശിഷ്ടങ്ങള്‍ നക്കുവാന്‍
പാര വെയ്ക്കുന്ന രാഷ്ട്രീയ വെള്ളയ്ക്ക്
കുട പിടിച്ചു നീ നിന്നിരുന്നെന്നോ ??
രുധിരത്തുടിപ്പില്‍ മിടിച്ചു നില്‍ക്കുന്നൊരാ
പഞ്ചനക്ഷത്ര പ്രഭയില്‍ കുളിക്കുന്ന
നഗ്നമേനികള്‍ വരവേല്‍പ്പ് നല്‍കിയോ ?
അവര്‍ക്കൊപ്പം നീ നൃത്തം ചവിട്ടിയോ ?
നുരയുന്ന ചുംബനം നാവില്‍ പകര്‍ന്നുവോ ??
പശിയടങ്ങാത്ത വിരുന്നുകാരാ .......!!
വരിക നീ ഇറയത്തു തലയിടിക്കാതെന്‍റെ
കുടിലിലെ ചാണകം മെഴുകിയ നില -
ത്തിരുനല്പ്പം പഴം കഞ്ഞി മോന്താന്‍ ....
കുടിലിലെ കിളിവാതിലൂടെ നീ നോക്കുക
സ്വപ്നം കരിക്കും കൊടുംവേനല്‍ കാണുക
നീവന്ന നേരമതുകഷ്ടമായ്  പോയല്ലോ
തണ്ണീര്‍ കുടിക്കണേല്‍ നോട്ടുകള്‍ നല്‍കണം
ആശകള്‍ മാത്രം കുടിച്ചിറക്കാം
ഈ വെയിലേറ്റു പൊള്ളാതിരിക്കുവാന്‍
എന്‍ തൊലിക്കട്ടി പകുത്തു നല്‍കാം ...
പണ്ടേയ്ക്ക്പണ്ടേ ഞാന്‍ ശീലിച്ച കഷ്ടങ്ങള്‍
ഇന്നു മുതല്‍ക്കു നീ കൂടെ പകുക്കുവാന്‍
രണ്ടായിരം പിന്നെ പന്ത്രണ്ടു വര്‍ഷങ്ങള്‍
ഏതൊരു ഗര്‍ഭത്തില്‍ നീയിരുന്നു ??
സമയമായ് വരിക വിരുന്നുകാരാ ...
പുതുവര്‍ഷമേ നിന്‍റെ പേറുനോക്കട്ടെ ഞാന്‍ .....


Saturday, 15 December 2012

അവള്‍ക്കു നല്‍കിയ പുഞ്ചിരിയുടെ
ബാക്കിയാണ്
ഞാന്‍ നിനക്കു നല്‍കിയത് ..
നീ വിശ്വസിച്ച സ്വപ്‌നങ്ങള്‍
നിന്നിലെ നിറങ്ങളെ
നായാടുകയായിരുന്നു ,,,,,
മറവിയുടെ വിഹായസ്സിലേക്ക്
ആരുമറിയാതെ ഞാന്‍
പറത്തിയ പട്ടങ്ങള്‍
ചരടുകള്‍ പൊട്ടിച്ച്
സ്വതന്ത്രമായി .......
യഥാര്‍ത്ഥത്തില്‍
അഭിനയം
ആരുടെയായിരുന്നു .....??

Thursday, 13 December 2012

മറവിയുടെ കറ

ചെല്ലപ്പെട്ടിയ്ക്കുള്ളിലെ 
ചിതലരിച്ച സ്വപ്നങ്ങള്‍ക്ക് 
ഇനി എന്താണാവോ 
പറയാനുള്ളത് ??
അടയ്ക്ക ചീന്തി 
തേഞ്ഞുപോയ 
പിശാങ്കത്തികള്‍ 
ഒരു കാലത്തിന്‍റെ 
നിഷ്കളങ്ക ക്രൗര്യം 
അയവിറക്കുന്നുണ്ടാകും !!
കോളാമ്പിയുടെ ആഴങ്ങളും 
ഇന്ന് വരള്‍ച്ചയുടെ 
വാര്‍ദ്ധക്യത്തില്‍ 
തൊലി ചുളിഞ്ഞ് 
തീരുവാറായി ....
മോഹങ്ങളെല്ലാം
മുറുക്കിത്തുപ്പിയ 
ഊഞ്ഞാലാടിയ കടുക്കന്‍ 
ഇന്ന് കണ്ണാടിക്കൂട്ടില്‍ 
പഴമനോക്കുന്നവരെ 
കാത്തിരിക്കുന്നു ..........
കാലങ്ങളെപറ്റി 
ഒരിത്തിരി മധുരം നുണയാന്‍ ...
വെറ്റിലക്കറയില്‍ 
ജീവിതം മുക്കിയെടുത്തവര്‍ ....!!!
പുകയില മണത്താല്‍ 
സുഗന്ധം പൂശിയവര്‍ ..!!!
ഒരായുസ്സിന്‍റെ 
അഭ്രപാളികള്‍ .......!!!!!!!


Wednesday, 12 December 2012

സങ്കല്‍പ്പ സേവനം

ഇന്നുമാമഞ്ഞിന്‍ തണു-
പ്പാസ്വദിച്ചിരിപ്പോരെ 
ഒന്നു കാണുക വന്നീ 
തെരുവോര വാഴ്വിനെ  
കമ്പളം പുതച്ചു കാല്‍ -
തീ കായാന്‍ വയ്ക്കേ ഒരു 
കമ്പോളക്കോലായിലെ 
കണ്ണുനീരറിയുമോ ??
പട്ടുമെത്തയില്‍ ചായും 
പാണ്ഡിത്യ പ്രതാപമേ 
പട്ടടയ്ക്കോരെ  ചായും 
പശി നീയറിയുമോ  ?
അക്ഷരമൊപ്പിച്ചെടു -
ത്താനന്ദമാസ്വദിയ്ക്കും 
സാക്ഷരരുണ്ടോ കണ്ടു 
കരിങ്കല്‍ക്കണ്ണീരിനെ ?
ഏതൊരു മന : ശാസ്ത്രം 
ആരാമം തീര്‍പ്പതിവര്‍ -
ക്കേതൊരു സതാംഗതി 
ഇവരെ മോദിപ്പിക്കും ?
കേവലം മഷി ചൊല്ലും 
ജല്‍പ്പനങ്ങളെക്കേട്ടു 
സേവനം കടലാസ്സില്‍ 
പിശുക്കാതെഴുതുവോര്‍ !!
നിങ്ങളും ഞാനുമൊരു 
തോണിയില്‍ തുഴയുമ്പോള്‍ 
അങ്ങു താഴ്വതു കാണു 
നീന്തുവാന്‍ പഠിക്കാത്തോര്‍ !!
എങ്കിലുമവര്‍ക്കായി 
ചില മാവുകള്‍ മാത്രം 
കാലമില്ലാതെ പൂക്കുന്നു 
കായ്ക്കുന്നു കനി നല്‍കുന്നു !!!
ഇന്നതിന്‍ താഴെ തണല്‍ 
തിന്നുവാന്‍ നടക്കാതെ 
ചെന്നു കൈ കൊടുക്ക നാം 
താങ്ങുവാന്‍ താഴുന്നോരെ ....!!!!

Wednesday, 5 December 2012

ഒരു സമ്മാനം

നല്‍ പുലരി പറന്നുവന്നിന്നെന്‍റെ  
ജന്നലിങ്കലായ് നാണിച്ചു നിക്കവേ 
കൈപിടിച്ചകത്തേക്കു കയറ്റിയാ -
പ്പൂങ്കവിളിലൊരുമ്മ കൊടുത്തു  ഞാന്‍ 
ആയതിന്‍ പുതു സന്തോഷ ദീപ്തിയില്‍ 
വീട്ടിലാകെ വെളിച്ചം വിതറിയാള്‍ 
ചൂലെടുത്തവള്‍ മുറ്റമടിക്കുന്ന 
ചാരുദൃശ്യത്തെ  തെല്ലിട നോക്കി ഞാന്‍ 
ഒന്ന് ചെന്നു തുറന്നുനോക്കിയവള്‍ 
കൊണ്ടുവന്നൊരു സമ്മാനച്ചെപ്പിനെ 
നെഞ്ചില്‍ മഞ്ഞു വിതറും കണക്കിനേ 
പിഞ്ചുകണ്ണന്‍റെ പുല്ലാങ്കുഴലുമാ -
കണ്ണിറുക്കുന്ന കുന്നിമണികള്‍ -
ക്കിടയിലൊളിപ്പിച്ച തൂലിക കണ്ടു ഞാന്‍ 
ആയതാനന്ദഗോപുരത്തില്‍ നിന്ന് 
കാവ്യപ്പുടവയവള്‍ക്കു കൊടുത്തു  ഞാന്‍ 
ഇന്നുമുണ്ടായി സന്താനലബ്ധിയും 
പേരിടല്‍ ചടങ്ങും അനായാസമായ് ...!!!
 


Tuesday, 4 December 2012

‎"""തേന്‍മൊഴിമാരുടെ മിഴികള്‍മൊഴിയും 
പിഴവില്ലാത്തൊരു കഴിവുകളാലേ
കഴുവേറീടിന കിഴവന്‍ പോലും 
ഒരുവഴി പല വഴിയുഴറിപ്പോകും