Saturday, 13 April 2013

ആത്മാരാമൻ

ആത്മാവിനെപ്പോലും ആരാമമാക്കി ഞാൻ
കൊച്ചു പൂവോന്നിൽ ഒളിച്ചിരിക്കും 
എന്നെ ഞാൻ തേടുമ്പോൾ കാണുവാൻ പറ്റാതെ 
ഞാൻ തന്നെ ഇത്തിരി കണ്ണുനനയിക്കും 
ദർപ്പണം നോക്കി ഞാൻ കാട്ടുന്ന ഘോഷ്ടികൾ 
കണ്ടെൻമനസ്സു മയങ്ങീടവേ 
എന്നുടെ ഭംഗി കണ്ടീലോകമൊക്കെ ഞാൻ 
ഊറ്റിക്കുടിച്ചെൻറെ കവിളുചോപ്പിക്കും 
ഒറ്റയ്ക്കിരിക്കുമ്പോളെൻ ചാരു മേനിയിൽ 
ഞാൻ തന്നെയല്പ്പം വിരൽ നടത്തും 
കൈകൾക്കിടയിലായ് പൂക്കും മണത്തിലെൻ 
മേനി മുഴുവൻ തരിച്ചിരിക്കും !!
കണ്ണാടി കാണിക്കും നഗ്നമാം മേനിയിൽ 
കണ്ണെടുക്കാതെ ഞാൻ നോക്കി നിൽക്കും 
അന്യ സൌന്ദര്യയാഥാർത്ഥ്യചിറകുക-
ളൊക്കെയും കത്തിച്ചു ചാമ്പലാക്കും 
സങ്കല്പ്പകാന്തിയിൽ ഊതിയൂതി 
ചെറുതാലിയൊന്നു പണിഞ്ഞിട്ടെന്റെ 
കണ്ഠത്തിൽ ചാർത്തിക്കും ചാരുകൈകൾ 
എന്റേതു മാത്രമായ് തീർന്നിടണം 
എന്നുടെ മേനിയൊരാണിനെ തിരയുമ്പോൾ 
കൈകളിൽ രോമം ഉയർത്തെണീക്കും 
ചൂണ്ടുവിരൽകളിൽ മീശമുളച്ചെന്റെ 
ചുണ്ടുകൾ മെല്ലെ നനച്ചുതരും 
താക്കോൽ പഴുതിലൂടെത്തും വെളിച്ചത്തെ 
നൂലിൽ കോർത്തു ഞാൻ മാലയാക്കും 
എന്നിട്ടതുകൊണ്ടരഞ്ഞാണമാക്കിയെൻ 
ആണിനു പൊട്ടിക്കുവാൻ കൊടുക്കും !!
 എന്നിലെ പൗരുഷം പെണ്ണിനെ തിരയുമ്പോൾ 
തുടയിലെ രോമം കൊഴിഞ്ഞു പോകും 
നീരൊഴിഞ്ഞിളനീരിൻ മണമുള്ള 
നീരൊഴിഞ്ഞിളനീരിൻ  നിറമുള്ള 
സ്പന്ദനം തുടകളിൽ തങ്ങി നിൽക്കും 
പുറത്തുള്ലോർ പുഞ്ചിരിയാൽ പ്രഹരിക്കിലും 
അകത്തുള്ലോർ ആശയങ്ങൾ പറഞ്ഞീടിലും 
ആത്മാവിൽ തന്നെ രമിച്ചു സുഖിച്ചിടാൻ 
താക്കോൽ പഴുതുമടച്ചിടട്ടെ !!!!!!
എന്നോളം ഭംഗിയുള്ളാണുമില്ലാ 
എന്നോളം ചേലുള്ള പെണ്ണുമില്ലാ !!!!!!!!!!

Thursday, 11 April 2013

പ്രതീക്ഷ

കറുക മുനമ്പിൽ പ്രതിബിംബിക്കും
പുതുഭൂഗോള സ്പന്ദങ്ങൾ 
വാക്കുകൾ മൊഴിയാ വാഗ്മി കണക്കെ 
മന്ദഹസിക്കും പുഷ്പങ്ങൾ 
മൃതിയുടെ മാസ്മര മേഖല പുല്കും 
ഗ്രാമീണതയുടെ സസ്യങ്ങൾ 
അമ്പലമുറ്റത്താലില പോലെ
വീണു കിടക്കും സ്വപ്‌നങ്ങൾ
 പാളികളില്ലാ വാതായനമേ 
നീ കാണിക്കും ദൃശ്യങ്ങൾ 
എന്നിലൊതുങ്ങാൻ പ്രേരിപ്പിക്കും 
ഇരുണ്ട ഭാരതസാരങ്ങൾ 
പാതയിലോഴുകും പലവർണ്ണങ്ങൾ 
വിലയ്ക്കു വാങ്ങും ഭോഗങ്ങൾ 
നിറഞ്ഞ സൗഹൃദ സ്ഫടികഗ്ഗോപുര -
മിടിഞ്ഞു വീഴും നാദങ്ങൾ 
പണവും പണവും തമ്മിൽ തല്ലി 
പതഞ്ഞു ചാവും തന്ത്രങ്ങൾ 
സ്മൃതിയുടെ പഴകിയ പൂഞ്ചേലയിലൊരു 
നിറം കെടാത്ത ചിത്രം പോൽ 
നിത്യവുമെന്നിൽ മിഴികൾ തുറക്കും 
പ്രത്യാശകളുടെ കിരണങ്ങൾ !!
ആയതിനാൽ പുതു വലകൾ നെയ്തെൻ 
മാവിൻ ചോട്ടിലിരിക്കും ഞാൻ 
വഴിതെറ്റിവരും പുഞ്ചിരിയെന്നിൽ 
മഴവില്ലൊന്നു പണിഞ്ഞാലോ !!!!!!!!!