Wednesday, 26 June 2013

അപ്പുവും മാമനും....

മറ്റൊരു രാത്രിയും വന്നണഞ്ഞു 
മുറ്റത്തെ ചേറിൽ പുതഞ്ഞു നിന്നു
മാനത്തെ മാലാഖ കൊണ്ടുവന്നു 
കാർമേഘക്കിണ്ടി ചെരിച്ചു തന്നു 

കുളിരുള്ള തണ്ണിയാൽ കാൽകഴുകി
നനവുള്ള തോർത്താൽ മുഖം തുടച്ചു 
എന്നിട്ടുമാക്കരി പോയിടാതെ 
കുടു കുടെ ചിരി തൂകി രാത്രിമാമൻ

കുസൃതിയാമാപ്പുവാ വാതിലോരെ
പേടിയൊതുക്കിത്തിരക്കി നിന്നു
ഇടിമിന്നൽ വേട്ടത്തിലാകമാനം
കുടു കുടെ ചിരി തൂകി രാത്രിമാമൻ

ചെമ്പകക്കാറ്റാൽ മണം പരത്തി
ചന്ദ്രികത്തോർത്തോന്നു തോളിലിട്ട്‌
ചന്തത്തിൽ ചാരുകസേരയിൻമേൽ
ചാരിയിരിക്കുന്നു രാതിമാമൻ

അപ്പുവിൻ പെങ്ങൾ ഇരുന്നുചൊല്ലും
ഹരിനാമകീർത്തനം കേട്ടുകേട്ടാ
നിലവിളക്കിൽ നോക്കി തലയാട്ടുന്നു
നിസ്സംഗനായുള്ള രാത്രിമാമൻ

ഉണ്ണെടാ അപ്പുവേ എന്ന് ചൊല്ലി - അമ്മ
വള്ളിക്കളസ്സം വലിച്ചീടവേ
പപ്പടം ചുട്ടതിൽ എത്തി നോക്കും
തീറ്റക്കൊതിയനാം രാത്രിമാമൻ

എങ്കിലുമപ്പുവുറങ്ങീടുവാൻ
നെറുകയിൽ മെല്ലെ തലോടിയോരോ
ചീവീടുപാട്ടുകൾ പാടിടുമാ
ചന്തം തികഞ്ഞൊരു രാത്രിമാമൻ !!!!!