Thursday 7 March 2013

പുല്ലാങ്കുഴല്‍ .....

ഒരു ചുണ്ടില്‍ പാടുന്ന പുല്ലാങ്കുഴലിനെ
പലപേരു  നിങ്ങള്‍ ചേര്‍ന്നൂതിനോക്കി 
പൊട്ടിത്തകര്‍ന്നതിന്‍ പുഞ്ചിരി വെട്ടങ്ങള്‍ 
ഈണങ്ങള്‍ മാറിയധ:പതിച്ചു .... 
ആരോരുമറിയാതെ  കാറ്റിനെ പ്രണയിച്ച 
പാഴ്മുളം കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും 
കലവിരിയും കയ്യുകള്‍ കത്തിയുമായെത്തി 
ചെത്തിമിനുക്കിയെന്‍ മേനി തൊട്ടു 
ശാസ്ത്രംവിധിച്ചപോല്‍ സുഷിരങ്ങളിട്ടെന്‍റെ 
മേനി മുഴുവനും വേദനിച്ചു 
എങ്കിലും മൂകം സഹിച്ചു ഞാന്‍ സകലവും 
എന്നിലെ ഞാന്‍ ; ഇന്നതവനല്ലയോ !!!
ഒറ്റയ്ക്കൊരോരത്തു ചെന്നിരുന്നെന്നുടെ 
ചുണ്ടിന്‍റെ മീതെ ചിരി വരച്ചു 
എന്നിട്ടവനെടുത്തോമനിച്ചു ഞങ്ങള്‍ 
ചുണ്ടു പരസ്പരം പങ്കുവെച്ചു !!!
മേനി മുഴുവനും കോരിത്തരിക്കുമാ-
റീണങ്ങളൂതിയവനിരുന്നു ... 
ചുണ്ടിലൂടാടിക്കളിച്ചു വരും കാറ്റു 
ചൊല്ലിയവന്‍റെ മുഴുത്ത പ്രേമം !!
കാറ്റില്‍ കലര്‍ന്നുമിനീരിന്‍ കണങ്ങളാല്‍ 
ഋതുമതിയാവുകയായിരുന്നു .....!!!!
വേറിട്ട രാഗങ്ങളൂതിയൂതി എന്‍റെ 
മേനി മുഴുവനും വിള്ളല്‍ വന്നു 
അപ്പോളോരലപ്പം തകിടുവെച്ചെന്നുടെ 
ചുണ്ടു മുഴുവന്‍ പൊതിഞ്ഞു തന്നു 
വേദനയെല്ലാം മറന്നൊന്നൊന്നുറങ്ങവേ 
സ്വപ്നങ്ങളെന്നുടെ കൂട്ടുവന്നു 
പിന്നത്തെ പുലരിയില്‍ ഞാന്‍ കണ്ട ചുണ്ടുകള്‍ 
പുകയിലതിന്നവയായിരുന്നു ...!!!
ശ്വാസംപിടിച്ചുഞാന്‍ രാഗം പൊഴിച്ചെന്‍റെ  
നാഥനെ തേടുകയായിരുന്നു ..... 
പിന്നത്തെ പുലരിയില്‍ ഞാന്‍ കണ്ട ചുണ്ടുകള്‍ 
മദ്യം മണത്തവയായിരുന്നു ...... 
ശ്വാസംപിടിച്ചുഞാന്‍ രാഗം പൊഴിച്ചെന്‍റെ  
നാഥനെ തേടുകയായിരുന്നു ..... 
പിന്നത്തെ പുലരിയില്‍ ഞാന്‍ കണ്ട കണ്ണുകള്‍ 
കാമം പൊടിഞ്ഞവയായിരുന്നു ..... 
ശ്വാസംപിടിച്ചുഞാന്‍ രാഗം പൊഴിച്ചെന്‍റെ  
നാഥനെ മറക്കുകയായിരുന്നു .......!!!!!

Monday 4 March 2013


കൈലാസമെഴുതിയ  കവിതേ .... നിന്‍റെ
കാല്‍പ്പെരുമാറ്റത്തില്‍
കാതോര്‍ക്കുമെന്നുമാ
കൈലാസനാഥന്‍റെ നാഗഹാരം ...!!!
ഒരു കൊച്ചു കാറ്റായി ദേവദേവേശന്‍റെ
തിരുമുടിയഴകിനെ  നീ തൊടുമ്പോള്‍
ആകാശമാസകലം അംബരമാക്കുന്ന
പാര്‍വതീരമണന്‍ പുഞ്ചിരിക്കും .....!!!
നീഹാരമാലചാര്‍ത്താന്‍
നിത്യവും നിന്‍ മുന്‍പില്‍
നവവധു പോലെ വരും
ഗിരി നന്ദിനി .....!!
കരുണാമൃതമൊഴുകും
കൂവളക്കണ്ണിണകള്‍
മനസ്സില്‍ ജ്യോതിസ്സായ് ഉണരേണം....!!!!

Saturday 2 March 2013

ഉണര്‍വ്


പണ്ടാടിയ കോലങ്ങള്‍
പലതീവഴി വന്നിട്ടും
കൊണ്ടാടിയ ബന്ധങ്ങള്‍
പലവഴിയായ് പോയിട്ടും
വണ്ടലയും വാടികയില്‍
മണമില്ലാ മലരായ് ഞാന്‍
സന്താപം കൊണ്ടൊരുനാള്‍
സ്വരതന്ത്രികള്‍ പണിയിച്ചു
നെഞ്ചുരുകും രാഗത്തില്‍
നീ മീട്ടിയ പല്ലവികള്‍
തെരുവോര സ്വപ്നത്തിന്‍
കണ്ണിണകള്‍ നനയിക്കെ
ഉദരത്തുടിതാളങ്ങള്‍
അരിവാര്‍പ്പുകള്‍ പരതുമ്പോള്‍
അറിയുന്നോ നീ എന്നിലെ
വിറയാര്‍ന്നൊരു പ്രണയത്തെ ??
പ്രണയത്തിനു പേടിക്കാന്‍
പലതുണ്ടീയുലകില്‍
ഒരു കൊഞ്ചല്‍ കഴുവേറ്റിയ
കിളിമകളുണ്ടിവിടെ
തീവണ്ടിപ്പാളങ്ങള്‍
ദിശമാറും നേരം
പലതും വഴിവക്കുകളില്‍
തുണിമാറും കാലം
സ്വരമറിയാതിണപൊട്ടിയ
കവിതകളുണ്ടിവിടെ
നിണമണിയാതുയിര്‍ പോയൊരു
നഗരവുമുണ്ടിവിടെ...!!
മദ്യത്താല്‍ ചിന്തിക്കും
മാന്യതയുടെ നാട്ടില്‍
മട്ടൊഴുകുംവാണികളെ
നിങ്ങള്‍ക്കിടമുണ്ടോ ..??
ഉണ്ടെങ്കില്‍ തെളിയിക്കൂ
നിങ്ങളുടെ ശക്തി
ശേഷം ഞാന്‍ പ്രണയിക്കാം
പെണ്ണുണരും നിന്നെ ....!!!!!

പൊയ്ക്കണ്ണെഴുതിയ
തെയ്യത്തിന്‍റെ കണ്ണീര്‍
ഏതു ജന്മങ്ങളുടെ
തീര്‍ത്ഥമാണ്...??
ചിറകറ്റ ജഡായുക്കള്‍ക്ക്‌
ഇനിയെത്ര കാലം വേണം
പുത്തന്‍ ചിറകു വിരിച്ചു
നീലാകാശം തൊടുവാന്‍ ..??
ആടിക്കൊഴിഞ്ഞ
ചിലമ്പുമണികള്‍
ചിതറിയ സ്വപ്നങ്ങളുടെ
മൂക സാക്ഷികളാവുന്നു..!!
നിന്‍റെ നഖങ്ങള്‍ക്കിടയില്‍
പതുങ്ങിയിരുന്ന ആ
ചാരനിറമുള്ള പുഞ്ചിരി
എന്‍റെ ജീവിതം
അല്‌പ്പാല്‍പ്പമായി
നുള്ളിയെടുക്കുകയായിരുന്നു ...............!!