Friday, 22 June 2012

കാണാതെ പോയ വേണു

""ചോദിച്ചു കൃഷ്ണന്‍ തന്നെ കണ്ടുവോ നിങ്ങളെന്‍റെ
ഫുല്ലമാം പുല്ലാങ്കുഴല്‍ ചൊല്ലുവിന്‍ പരമാര്‍ത്ഥം 

അല്ലയോ കള്ളകൃഷ്ണാ നിന്നെയും കളിപ്പിക്കും 
കള്ളിയാരിതിന്‍ മുന്‍പേ  കണ്ടതില്ലല്ലോ ഞങ്ങള്‍ 

ഞങ്ങള്‍ തന്‍  ചിത്തം  നിത്യം ചാഞ്ചാടിയാടിപ്പിക്കും 
പുഞ്ചിരിപ്പുല്ലാങ്കുഴല്‍  പാടുകില്ലെന്നോ മേലില്‍ 

തിങ്കള്‍ തൂവോളി മുഖം വാടുവതെന്തേ കണ്ണാ 
നീരജദള  നേത്രം നിറയുന്നതും എന്തേ 

പീലിതന്‍ ചേലും  പോയി പീതാംബരാഭ പോയി 
കിങ്ങിണി അഴിഞ്ഞു പോയ്‌ താങ്കത്താരുടല്‍  വാടി 

സങ്കടപ്പെടെണ്ടാ നീ ഞങ്ങളില്ലയോ നിന്‍റെ 
കാമന നിറവേറ്റാന്‍ തൃപ്പാദ സേവ ചെയ്യാന്‍ 

നിന്നെ നീയാക്കുന്നതാം  വേണു കണ്ടെത്താന്‍ ഞങ്ങള്‍ 
സന്നദ്ധരല്ലേ ചൊല്ലു ബാധ്യസ്ഥരല്ലേ ചൊല്ലു 

കേവലമൊരു വേണു അല്ലതു  വദനത്തില്‍ 
താമര വിരിയിക്കും മാന്ത്രിക കുഴലല്ലേ ....

ഓടിപ്പോയ് പല ദിക്കില്‍ പ്രാണനെ തിരയുവാന്‍ 
അഴലറ്റവര്‍  നിത്യം വെനുഗാനത്തെ കേള്‍പോര്‍ 

കടമ്പില്‍ മുകളേറി  കാളിന്ദി  നീളെ നോക്കി 
പുല്‍മേട്ടില്‍ നോക്കി ഗോവര്‍ധനത്തിന്‍ മേലും  നോക്കി 

അമ്പാടി തന്നില്‍ നോക്കി ആടുന്ന മയിലിന്‍റെ  
പീലികള്‍ക്കിടയിലും മന്ദമന്ദമായ്  നോക്കി 

കണ്ടതില്ലല്ലോ കണ്ണാ നിന്‍ വേണു നീളേ തിര -
ഞ്ഞെങ്ങുമേ കണ്ടതില്ല തോറ്റു പോയല്ലോ  ഞങ്ങള്‍ 

ഒടുവില്‍ ഓടിയെത്തും അംഗന  നിലവിളി -
ച്ചോദിനാന്‍  കണ്ടേന്‍  ഞാന്‍ എന്‍ കണ്ണന്‍റെ  കുഴലിനെ 

വിരലില്‍ കടിച്ചുടന്‍ നാണത്താല്‍ മുഖം താഴ്ത്തും 
കണ്ണന്‍റെ പൂങ്കവിളില്‍ നുള്ളിനാള്‍ ഒരു പെണ്ണും 

എങ്ങു നിന്നതു കിട്ടി ചൊല്ലുക വേഗം ചൊന്നാല്‍ 
കവിളില്‍ മധുരിക്കും ഉമ്മയൊന്നേകാം ഞാനും 

ഉണ്ണിതന്‍ മാതാവിന്‍റെ മാറിടത്തിങ്കല്‍ താനും 
മാണ്‍പെഴും പുല്ലാങ്കുഴല്‍ മധുരം നുകരുന്നു 

നേരത്തു  ചെല്ലാതാകില്‍ ഇതുതാന്‍ ഫലമത്രെ 
പാലെല്ലാം പുല്ലാങ്കുഴല്‍ കുടിച്ചു തീര്‍ക്കും പോലും 

മാത്രമല്ലമ്മ ചൊല്ലി വേണുവൂതുന്നതാലെ 
കണ്ണനെ കാണ്മാന്‍ പോലും കിട്ടുന്നതില്ലയത്രേ 

ഗോപിമാര്‍ തന്‍ മാറിലും ഗോപന്മാര്‍ ചുമലിലും 
നിത്യവും ഗോവുകള്‍ തന്‍  അകിടിന്‍ ചുവട്ടിലും 

നേരത്തെ കളയുന്നു നേരായി പറകിലോ 
അമ്മയ്ക്കു താലോലിക്കാന്‍ ചെല്ലുന്നില്ലത്രേ കണ്ണന്‍ 

ഓടിനാന്‍ വേഗം കണ്ണന്‍ മാതാവിന്‍ നികടത്തില്‍ 
കുണുങ്ങി കുണുങ്ങിത്താന്‍  ഓടിനാന്‍ വേഗം വേഗം .....""

Thursday, 21 June 2012

വാടുന്ന വസന്തം

കാത്തു നില്‍ക്കയോ നീയും കാലമേ തുളുമ്പാത്ത
കണ്ണീരിന്‍ സൌന്ദര്യവും  വിങ്ങലിന്‍ മുള്‍ക്കാടുമായ്

കോര്‍ത്തിരിക്കുന്നു  കാണ്ക കുഞ്ഞുടുപ്പുകള്‍ നീളേ
കീറിയ ചിരിയുമായ് മുള്‍പടര്‍പ്പുകള്‍  തോറും

ബാല്യത്തിന്‍  ചുടു ചോര വാര്‍ന്നൊലിക്കുന്നു  അതില്‍
മങ്ങിയ റോസാപൂക്കള്‍ നീരാട്ട് നടത്തുന്നു

പൂ മണക്കുന്നു  ചിലര്‍ പൂഞ്ചിറകൊടിക്കുന്നു
ചുണ്ടുകള്‍ ചവയ്ക്കുന്നു ചെറുതേന്‍ നുകരുന്നു

വണ്ടുകള്‍ കൈമുട്ടുന്നു വിറയ്ക്കും ഹൃദയത്തില്‍
വാതിലു തുറക്കുവാന്‍ വസന്തം വരുവാനായ്

വസന്തം വരും മുന്‍പേ തെനോഴിഞ്ഞതാം പൂക്കള്‍
പുഴുക്കുത്തിയ പല്ലും കാട്ടി പുഞ്ചിരിക്കുന്നു

വസന്തം വിരിയിച്ച വാര്‍മഴവില്ലിന്‍ ചോട്ടില്‍
മഞ്ചലാടുന്നു  പൂക്കള്‍ മഴവില്‍ തൊടുവാനായ്

കണ്ണുകള്‍ പറിപ്പവര്‍  ഇതളുകൊഴിപ്പവര്‍
വയറ്റിന്നടിയില്‍  താന്‍ ഉമ്മവയ്പ്പവര്‍ ചിലര്‍

പൂച്ചെടിചോട്ടില്‍ രേതസ്സോഴിച്ചു വളര്‍ത്തുന്ന
കാമകിങ്കരര്‍ കാക്കും പൂന്തോട്ടം ആയോ കഷ്ടം

കണ്ണടയ്ക്കുക വേഗം വാസന്ത വിലാസമേ
വാടുന്ന സുമങ്ങളെ വിലക്കായെടുക്കില്ല

കാലമേ നില്‍ക്കു!! നില്‍ക്കു !!  കരിഞ്ഞ ദളങ്ങളെ
കാറ്റടിചെടുക്കട്ടെ  കണ്ടുനില്‍ക്കുക നീയും ......

നിത്യ കന്യക

അമ്മയെന്നു  വിളിപ്പു  നിന്നെ
കാരുണ്യത്തിന്റെ  കല്പ്പ  വൃകഷമേ ....
ഇല്ലായ്മയുടെ  കൂട്ടുകാരി  നീ
കേണു  വിളിപ്പവര്‍ക്കഭയം  കൊടുപ്പവള്‍ ....
കണ്ണുനീരുകള്‍ കല്ലോലമാര്‍ക്കുമ്പോള്‍
കരളുരുക്കി നീ കവചങ്ങള്‍ തീര്‍ക്കുന്നു .....
വയറു കാഞ്ഞു ഞാന്‍ വാവിട്ടലയ്ക്കുമ്പോള്‍
വിശ്വമായ്തന്നെ  അപ്പം ചമയ്ക്കുന്നു ....
വിശ്വനാഥന്റെ പുഞ്ജിരി ഒക്കെയും
വിശ്വസിപ്പവര്‍ക്കായ്‌ പങ്കു വയ്ക്കുന്നു ...
അക്ഷരാഭിഷേകം  ഞാന്‍ നടത്താം
അക്ഷയമായ കാരുണ്യ തീര്‍ത്ഥമേ  .....
പാപികള്‍ ഞങ്ങള്‍ എങ്കിലും നിന്‍റെ
പാദ സേവകള്‍ ചെയവവര്‍  നിത്യം ......
പാപമെല്ലാം അകറ്റിയീ  ഞങ്ങളെ
പരമ കാരുണ്യ മാര്‍ഗേ  നടത്തണേ ....
നിന്‍റെയും  മകന്‍ തന്‍റെയും നാമങ്ങള്‍
നിത്യം എന്‍ ഇടനെഞ്ചില്‍  തുടിക്കണേ.....
അമ്മയെന്നു  വിളിപൂ നിന്നെ
നിത്യകന്യകെ !! കന്യാ മറിയമേ ........

Sunday, 17 June 2012

പെണ്ണിന്‍റെ പൊരുള്‍


"പ്രകൃതി നീ ഒരു സ്ത്രീ....
 പ്രാപഞ്ചികമാകു നീ
നിന്‍റെ തൃപ്പാദങ്ങള്‍
തഴുകി ഒഴുകട്ടെ ഗംഗ
പാദ പാംസു തീര്‍ഥങ്ങള്‍ ശിരസ്സില്‍ തളിക്കട്ടെ
 പരിപാവനമാകട്ടെ നര ജന്മം....
കാണായ കണ്ണുകളില്‍ ഒക്കെയും നിന്‍റെ
 കരളിന്‍റെ കാരുണ്യ തീര്‍ത്ഥം തളിക്കാന്‍
കനിവാര്‍ന്നു നല്കിയ വാത്സല്യമല്ലേ
മാറില്‍ തുളുമ്പുന്ന പാലാഴികള്‍......
 എത്രയോ സീതമാര്‍ പിന്നിട്ട
വഴിയിലൂടിനിയും നടക്കണം
ഘോര രാവണന്മാരുടെ ശിരസ്സുകളറക്കണം ....
ലോകം കാക്കണം തലമുറകള്‍ കാക്കണം
വാവിട്ടു കരയുന്ന വയറുകള്‍ നിറയ്ക്കണം
അറിവുകള്‍ പകരണം നിറവായ്‌ അറിയണം
 നിങ്ങളും ഞങ്ങളും നമ്മളായ്‌ മാറുവാന്‍
നമ്മുടെ മനസ്സുകളില്‍ നന്മകള്‍ നിറയ്ക്കണം ...
 ഇവളാണ് പെണ്ണ് ഇവളാണ് കണ്ണ്
 ഇവളാണ് നാളെയുടെ നല്ല പേര്
 മാറ്റുരച്ചു നോക്കുക ഇവളാം സ്ത്രീയെ
 ഇവള്‍ തേഞ്ഞു പോകില്ല
  ഇവള്‍ മാഞ്ഞു പോകില്ല
 ഭാവിയുടെ പെണ്ണ് ഭാരത കണ്ണ് .........."

Saturday, 9 June 2012

""കാവ്യാവര്‍ത്തനം""

ഇസങ്ങളെ പുറത്താക്കിയ കവിതേ
ചൊല്ലിത്തരികെനിക്ക് എന്ത് ഞാന്‍ എഴുതേണ്ടു?
 കാലം കറന്നെടുത്ത കവി ഭാവനേ...
നീ കാത്തിരിപ്പുണ്ടോ വീണ്ടും കരളുരപ്പിന്റെ വീര ഗാഥകള്‍ ?
 പട്ടിണിയില്‍ വിരലൂന്നി പട്ടം പറത്തിയ
പതിത ഹാസങ്ങള്‍ തന്‍ പല്ലുകള്‍ കൊഴിഞ്ഞു
 ഹൃദയത്തില്‍ ഉയിര്‍ വെച്ച പനിനീര്‍ മലരിന്‍റെ
ചെഞ്ചുവപ്പും ഇവിടെ മണ്ണില്‍ പൊതിഞ്ഞു
പരുത്തിയുടെ പരുഷവും വെണ്മയുടെ നന്മയും
ചിന്തയുടെ കാവിയും കാറ്റില്‍ പറന്നു
പടിഞ്ഞാറന്‍ കാറ്റിന്‍റെ സംഗീര്‍ത്തനങ്ങളും
 അരിവാള്‍ തലപ്പിന്‍റെ കേള്‍ക്കാത്ത രാഗവും
 കേള്ക്കെണ്ടതില്ലിവിടെ ഇന്ന് ഞാന്‍ എഴുതവേ....
കനം വെച്ച മസ്തിഷ്ക കാവ്യ ഭാണ്ഡങ്ങള്‍
 ബധിരമാം ഭാരത ചോര തിളപ്പുകള്‍
 ആഴക്കയങ്ങളില്‍ അലിഞ്ഞുപോയെങ്കിലും
സമയമാവാത്ത സ്നേഹഗാനങ്ങള്‍ .....
കരലളിഞ്ഞിട്ടു കയറിന്‍റെ തുമ്പത്തു
തൂങ്ങിയാടിയ മണിമുഴക്കങ്ങള്‍
കണ്ണീര്‍ ഒഴിച്ചു നനച്ചു വളര്‍ത്തിയ
 തലയപ്പുലയന്‍റെ വാഴക്കുലകള്‍
 മറ്റു പൂച്ചെടി ചെന്ന് തിന്നാനായ്
 തുള്ളി ചാടിയ കൊറ്റനാടുകള്‍......
കേട്ടഴിച്ചിട്ട മേഘ രൂപന്മാര്‍
 മേഞ്ഞു പോയൊരീ വിന്മലര്‍ തോപ്പില്‍
 പൂക്കള്‍ പുതുതായി പൂത്തുവെന്നാകിലും
 പോഷകം വേറെ നല്കിയെന്നാകിലും
 പൂവിതളിന്‍റെ വക്കുകള്‍ എല്ലാം
പണ്ട് പൂത്തുള്ള പൂവികള്‍ പോലെ .....
 ഇസങ്ങളെ അകത്താക്കിയ കവിതേ
ചോല്ലിത്തരികെനിക്കെന്തു ഞാന്‍ എഴുതേണ്ടു????

Thursday, 7 June 2012

രഥത്തിന്‍റെ ആത്മയാത്ര

യാത്രയാക്കുകയാണ് ഞാന്‍
 രഘുവംശ തിലകനെ ......
മാനവികതയുടെ മാനം കെടുത്തുന്ന
മന്ഥരാ തന്ത്രങ്ങള്‍
എന്‍റെ  ചക്രങ്ങളില്‍
കോര്ത്തിഴയ്ക്കുകയാണ് ഞാന്‍
ഗംഗ നദിക്കര വരെ .....
അതിനപ്പുറം സായൂജ്യം....
നന്മതന്‍ കാട് കയറ്റം...

പച്ച മനസ്സിന്‍റെ പക്വതയും പേറി
 പാന്ഥരായ് മാറിയ ശ്രീ രാമന്മാരെ
ചുമക്കുന്നതെ എന്‍റെ  ശീലം ....
 യാത്രയാക്കുകയാണ് ഞാന്‍
 രഘു വംശ തിലകനെ .......

കണ്ണില്‍ ഇരുട്ടുള്ള
 മനസ്സില്‍ തീയുള്ള
വാക്കില്‍ ശക്തിയുള്ള
വൃദ്ധരുടെ ശാപമെല്‍ക്കുമ്പോഴും
ദശഥനു വഴി തെളിച്ചത്
എന്‍റെ ചക്ക്രങ്ങള്‍ ആയിരുന്നു

നിശ്വാസങ്ങല്‍ക്കപ്പുറം ....
 ഒരു അബലയായ പെണ്ണിനെ
 സമൂഹം ചാട്ട നാവെരിഞ്ഞപ്പോഴും
നിശബ്ധമായ് ...
പുറ്റു മൂടിയ പുരാതന്‍റെ
 അടുക്കല്‍ എത്തിച്ചതും
എന്‍റെ സഹനമായിരുന്നു .......
എന്തേ... എന്‍റെ കീലങ്ങള്‍ തകര്‍നീല
 എന്തേ...എന്‍റെ കുതിരകള്‍ മുടന്തരായീല ???
 കഷ്ടം !!!!
കൈകേയിയുടെ ചെറു വിരലിനു
 ശ്രീരാമന്‍റെ  സത്യത്തെക്കാള്‍
 ശക്തി ഉണ്ടായിരുന്നെന്നോ ???

പായുകയാണെന്‍റെ  ചക്രങ്ങള്‍
 പല രാമായനങ്ങളിലൂടെ ........

ഉന്മാദന്‍

"ആശയങ്ങളുടെ ആമാശയത്തില്‍
ആണിവേരാഴ്ത്തി
പുളകങ്ങള്‍ പൂചൂടിനില്‍ക്കുമ്പോള്‍
വാഗര്‍ത്ഥങ്ങളാം തുമ്പി പുറത്തേറി
ഓണ നിലാവ് തിരയുമ്പോള്‍,
പുഴുക്കള്‍ പഠിച്ചു തീര്‍ത്ത
പുസ്തക കെട്ടുകള്‍
മേധ കൊണ്ട് കരണ്ട് തിന്നുമ്പോള്‍
പ്രപഞ്ചത്തിന്‍റെ  പ്രസവങ്ങള്‍ക്ക്
അവന്‍ മറുപിള്ള താങ്ങി
ആ മണമുള്ള ചോര കൊണ്ട്
അവന്‍റെ വെളുത്ത തലച്ചോറില്‍ 
ചായം പകര്‍ത്തി
ഊണുറക്കം ഉപേക്ഷിച്ച്‌
കണ്ണുന്തി കവിളൊട്ടി
കര്‍മ്മഭാണ്ഡങ്ങള്‍
കഴുത്തില്‍ കെട്ടിനടക്കുന്നവന്‍..........
പ്രപഞ്ച രഹസ്യങ്ങള്‍
അവന്‍റെ കണ്‍ മുന്‍പില്‍-
കണ്ണാരം പൊത്തി കളിക്കും,..
മാത്രകളെ കൂട്ടി ഇടിപ്പിച്ച്
അവന്‍ ഇന്ദ്രജാലം നടത്തും..
ഉടുതുണി ഉപേക്ഷിച്ച്‌
ഉലഞ്ഞാടിയ താടിക്കാരന്മാര്‍
അവന്‍റെ ഉള്ളില്‍ ഉയര്‍ത്തെഴുന്നെല്‍ക്കും
തലചോറിലെ തണ്ടവാളങ്ങളില്‍
ചിന്തകള്‍ തുപ്പി, ചുടു ചോര പായും ..............
അങ്ങനെ അവന്‍ ഒരു കണ്ടുപിടുത്തം നടത്തി,..........
പൂര്‍ണ്ണത സമം (=) ശൂന്യത !!