Wednesday 31 October 2012

""സാദരം നമിപ്പൂയെന്‍ കേരളധരേ
നിന്‍ മടിയില്‍ വന്നു പിറന്ന ഞാന്‍
മധുരിക്കട്ടെ മമ നാവിലെന്നും
മട്ടൊഴുകും മലയാളപൂര്‍ണ്ണിമേ .......""

Friday 26 October 2012

വരളുന്ന മുരളിക .......

ഞാന്‍ തന്ന മുരളിക ഭദ്രമല്ലീ സഖേ 
ഭാവങ്ങള്‍ മാറാതെ കാത്തുകൊണ്ടില്ലെ ??
മാധുര്യ സങ്കല്‍പ്പ സ്വരമുതിര്‍ക്കുന്ന 
മഞ്ഞുപോല്‍ മൃദുലമാം വേണുവല്ലേ !!
കാട്ടു പൂച്ചെടികള്‍ മണത്തു നടന്ന നാം 
കാട്ടാറിന്‍ വെള്ളം കുടിച്ചു വളര്‍ന്ന നാം 
ആകാശ താരകാരാഗം പഠിച്ചതീ -
യോടക്കുഴല്‍ വിളി കേട്ടല്ലയോ !!!
ഈ കുഴലൂതി നാം എത്ര ഹൃദയങ്ങളെ 
ആനന്ദനീരില്‍ കുതിര്‍ത്തിരുന്നു ??
കുഴലൂത്തു പാട്ടുകേട്ടെത്രയാത്മാവുകള്‍ 
ഉടല്‍ വിട്ടു ചിറകായ് പറന്നു പോയി ?
കണ്ണുനീരെത്ര തുടച്ചിതിന്‍ പാട്ടുകള്‍ 
എത്ര മോഹപ്പൂവുകള്‍ വിരിച്ചു !
ഒടക്കുഴലിതില്‍ തൂങ്ങിമരിച്ചൊരാ 
തൂവല്‍ കനമുള്ള മാനസങ്ങള്‍ !!!
ആയതിനാല്‍ മനം മതിയെന്നു ചൊല്കയാല്‍ 
ഞാനീ കുഴലുപേക്ഷിച്ചു പോയി !!

യാഥാര്‍ത്ഥ്യബോധച്ചിറകു  മുളയ്ക്കയാല്‍ 
പച്ചയാം ജീവിതം തേടി .
പുത്തന്‍ മുരളിക കണ്ടുകിട്ടി  അതില്‍ 
പുത്തനാം പാട്ടുകള്‍ പാടി !!
എന്‍റെയും നിന്‍റെയും രോഗദാരിദ്ര്യവും 
ആര്‍ത്തിയും ഘോഷിച്ചു പാടി 
പണം മണക്കുന്നൊരാ പാതയില്‍ നീളേ 
നൃത്തമാടും കബന്ധങ്ങള്‍ ..
തിന്നാതെ ഒന്നും കുടിക്കാതെ -ബാങ്കു 
ബാലന്‍സു കൂട്ടും മിടുക്കര്‍ 
പച്ചയാം പെണ്ണിറച്ചിക്കു വിലപേശും 
നുരയുന്ന ശാലകള്‍ക്കുള്ളില്‍ 
പലവര്‍ണ്ണസൂര്യന്മാര്‍ പുഞ്ചിരിക്കുന്നു 
രക്തബന്ധങ്ങള്‍ മറയ്ക്കാന്‍ !!
ഉയിര്‍കാക്കുമുടയവര്‍ അരിഞ്ഞു വില്‍ക്കുന്നു 
ആശകള്‍ വറ്റാത്തയവയവങ്ങള്‍ !!
പച്ചയാം ജീവിതം പാടി -എന്നുടെ 
പൊന്‍ മുരളി വരളാന്‍ തുടങ്ങി 
കൂട്ടരേ !!നോക്കു നിങ്ങള്‍ തന്‍ മുന്നില്‍ 
കണ്മിഴിക്കുമാ ഘോര തമസ്സിനെ .........!!!
മതി മതി ഇനി എത്ര ഞാന്‍ പാടണം 
പുത്തനാം പൊന്നോടക്കുഴലില്‍ ...........?
ആയതിനാല്‍ മനം മതിയെന്നു ചൊല്കയാല്‍ 
ഞാനാക്കുഴലുപേക്ഷിച്ചു വന്നു .......

ഞാന്‍ തന്ന മുരളിക ഭദ്രമല്ലീ സഖേ 
ഭാവങ്ങള്‍ മാറാതെ കാത്തുകൊണ്ടില്ലെ ??
പാടട്ടെ മന്മനം നിറയട്ടെയിന്നാ 
കാല്പ്പനീക കുളിര്‍ തെന്നലാലെ ..
പണ്ടത്തെ പോലെ നീ പാടുമോ മുരളികേ 
ഒന്നു തിരിഞ്ഞു നടക്കട്ടെ ഞാന്‍ 
സ്വപ്‌നങ്ങള്‍ പാടുമീ വേണുവില്‍ ഇന്നെന്‍റെ 
ഭാവഗീതങ്ങള്‍ ചിറകടിക്കട്ടെ !!
നഞ്ഞൊഴിച്ചു നുണയുന്നതില്‍ ഭേദം 
ഓടക്കുഴല്‍ത്തൂക്കുമരമല്ലയോ ???

Wednesday 24 October 2012

കവിത നന്നാക്കുവാന്‍

കവിത നന്നാക്കുവാനാളുണ്ടോ -എന്‍റെ
കവിത നന്നാക്കുവാന്‍ ??
എ സിയ്ക്കുള്ളിലെ കറങ്ങും കസേരയില്‍
കടഞ്ഞെടുത്ത കവിതകള്‍ക്ക്
ഒരല്‍പം വര്‍ണ്ണനാ വികലതയും
വൃത്തലോപവും പ്രൌഡാധിക്യവും
ആശയപ്പിശകും മാത്രമേയുള്ളൂ
നാലുവരിയേ കവിതയുള്ലെങ്കിലും
നാലാപ്പാടനെക്കാള്‍ കേമമാണേ !!
എന്‍റെ കവിതനന്നാക്കുവാന്‍
അറിവുള്ളവരുണ്ടോ ??
പ്രതിഫലം പണമായി വേണ്ടെന്നാകില്‍
സൗഹൃദ പൂച്ചെണ്ടുനല്‍കിടാം ഞാന്‍
പരിചയപ്പഴമയും സ്നേഹബന്ധവും
ആവുവോളം പകുത്തുനല്കാം
ഇത്രെയും പോരെങ്കിലോ കടപ്പാടിന്‍റെ
ഒരിക്കലും കീറാത്ത ചാക്കുനല്‍കാം
ഗുരുസ്ഥാനം പതിച്ചു നല്‍കാം
ഡയറിക്കുറിപ്പില്‍ സ്തുതിച്ചിടാം ഞാന്‍
സഹൃദയരെ !!നിങ്ങളെ രുചിപ്പിക്കാന്‍ ,
നിങ്ങളെന്നെ പുകഴ്ത്തി പറയുവാന്‍
ഒരു കൈ സഹായം !!!!
പണ്ടത്തെ പോലെ പേന വഴങ്ങുന്നില്ലെന്നെ !!
എഴുതിയെഴുതി പഴയ പേന തേഞ്ഞുപോയി !!
ആയതിനാല്‍ കവിതയും തേഞ്ഞുപോയി ...
കവിത നന്നാക്കുവാനാളുണ്ടോ
എന്‍റെ കവിത നന്നാക്കുവാന്‍ .............


Friday 19 October 2012

മേഘമുതിരുന്നു .............

മേഘമുതിരുന്നു ...............
                  ഇനിവരും നാളുകളില്‍ ഉഷ്ണപ്പിടച്ചിലില്‍
                  ഉയിരറ്റു പോവവര്‍ക്കൊരു തുള്ളി നനവായി
                  ആശകള്‍ വറ്റിയൊരു മച്ചിയാം ഭൂമിയുടെ
                 ഭാവിയിലെ ഗര്‍ഭത്തിലൊരു വിത്തു വിതറുവാന്‍
                സന്തപ്ത സാഹിത്യ മാംസം നിറയ്ക്കുവാന്‍
                മക്കളാം നമ്മള്‍ക്കു പിച്ചിപ്പറിക്കുവാന്‍

മേഘമുതിരുന്നു...........
                നിശ്ശബ്ദ നാഗരിക നാവുകള്‍ക്കിടയിലൂ -
                ടംമ്ലരസമൊഴുകിപ്പടര്‍ന്നു നിപതിക്കുവാന്‍
                അവരുടെ കെടാത്ത പ്രജ്ഞാ പ്രദീപങ്ങളെ
               നാണം കെടുത്തിപ്പുകച്ചു പകവീട്ടുവാന്‍
               ഹൃദയം വരണ്ട മൃതമാനസക്കഴുകന്‍റെ
               കൊക്കുനനയിക്കുവാന്‍ ...........

മേഘമുതിരുന്നു ................
                തലയെടുപ്പോലുന്ന മാമല പ്രമുഖന്‍റെയാസ്യം മറയ്ക്കുവാന്‍
               അവനുതിര്‍ക്കും വിഫല നിശ്വാസമാറ്റുവാന്‍
               അവനിലൂടുയിര്‍വെച്ച അരുവിക്കിടാങ്ങളെ
               കളിപ്പാട്ടങ്ങള്‍ കാട്ടി കൊതിപ്പിക്കുവാന്‍
               ഒടുവിലവയോടിയെത്തുന്ന ദൂരത്തിങ്കല്‍
               അറ്റമില്ലാത്ത മരുഭൂമി കാണിക്കുവാന്‍
              എത്ര നനയ്ക്കിലും നനയാത്ത മാനസ
              വരള്‍ച്ചയുടെ വികൃതമാം രൂപങ്ങള്‍ കാട്ടുവാന്‍

മേഘമുതിരുന്നു ...........
               നമ്മളൊരുമിച്ചു പിന്നിട്ട ദൂരങ്ങളില്‍
               നമ്മളുടെ കാല്‍പ്പാടുകള്‍ മായ്ച്ചു കളയുവാന്‍
              എങ്കിലും ഞാന്‍ നട്ട നീര്‍മാതളത്തൈകള്‍
               വിറ്റു വിലപേശാന്‍ നിനക്കാകുമെങ്കില്‍ ;
              എന്നിലൂടോഴുകുന്ന രുധിരതാളങ്ങളെ
              ചിട്ടപ്പെടുത്തിയൊരു വീണ പണിയിക്കണം
              മേഘമുതിരുന്നൊരാ രാഗത്തില്‍ മീട്ടണം
              മാലോകരതു കേട്ടു ദു:ഖം മറക്കണം
              മാതളച്ചോട്ടിലെ മൃണ്‍ മെത്തയില്‍ മമ
              സ്വച്ഛന്ദ സ്വപ്‌നങ്ങള്‍ കണ്ണടയ്ക്കട്ടെ !!!!
മേഘമുതിരുന്നു.....................


Thursday 18 October 2012

നനയാതിരിക്കാന്‍

മേഘമുതിരുന്നു .
മനം പീലിയാടുന്നു 
ഒരു കുടക്കീഴില്‍ നാം 
ആസകലം നനയുന്നു 
നമ്മിലൂടെ ഒലിച്ചിറങ്ങുന്ന 
സ്പര്‍ദ്ധകള്‍ ..
പ്രണയത്തുള്ളികള്‍ 
മുട്ടിയിരട്ടിക്കുന്ന മാസ്മരം 
വിജന പാതയിലെ 
കാലടികളില്‍ 
മനസ്സു വായിക്കുന്ന 
നിറയൗവ്വനം ,
ആകാശം പൊട്ടും 
ആഭേരികള്‍ !!,
ആര്‍ത്തലയ്ക്കുന്ന 
സാന്ധ്യ മേഘങ്ങള്‍ 
മൗന നര്‍ത്തകി 
ചിലമ്പണിയുമ്പോള്‍ 
നിന്നെ മറക്കുന്ന ഞാന്‍ 
എന്നിലെ പ്രണയം മറക്കും 
നിന്‍റെ കടക്കണ്ണിന്‍ 
തുള്ളികള്‍ 
എന്നില്‍ നിറയുവാന്‍ 
വെമ്പുകിലും 
പ്രകൃതി തന്‍ പാട്ടില്‍ ഞാന്‍ 
നൃത്തം കുതിക്കും 
ആരുണ്ടിതില്‍ പരം 
പ്രണയിക്കുവാന്‍ -എന്നെ 
ആരുണ്ടിതില്‍ പരം 
നനയിക്കുവാന്‍ ....
നീ കെട്ടിയ പൂക്കയറുകള്‍ 
പൊട്ടണം ...
എങ്കിലും നില തെറ്റി 
നീ വീഴാതിരിക്കണം !!!
പോകട്ടെ എല്ലാം 
പെയ്തൊഴിയട്ടെ ഞാനും 
എന്നെ നനച്ച മഴ 
നിന്നെയും നനയിക്കും !!!!
പിന്നീടൊരിക്കല്‍ 
അത് കുടയായ് വരും 
നിന്‍റെ സ്വപ്‌നങ്ങള്‍ \
നനയാതിരിക്കാന്‍ ............!!!!!


Tuesday 9 October 2012

മേനി പൂത്തപ്പോള്‍

അല്ലല്ലറിഞ്ഞുവോ നിങ്ങള്‍ -എന്‍റെ
തൊണ്ട വരണ്ട ദിനങ്ങള്‍
ആശതന്‍ ആറാത്ത വിത്തുകള്‍
എന്നില്‍ മൊട്ടു വിരിച്ച സത്തുക്കള്‍
വെപ്പിലപ്പട്ടു പുതച്ചെന്‍ -മേനി
പൂപ്പന്തലായി ചമഞ്ഞു
ഉപ്പു ത്യജിച്ച വിശപ്പാല്‍ -നാവു
നൊട്ടിയിറക്കിയ കയ്പ്പും
വീട്ടിലെ വാടാത്ത മുല്ല -വീണ്ടും
ഗര്‍ഭത്തിലേറ്റിയ നാള്‍കള്‍
തമ്പാട്ടി  കണ്‍തുറന്നത്രെ -എന്നില്‍
തമ്പാട്ടി കണ്‍വിതച്ചത്രേ !!
കാണാത്ത സ്വപ്‌നങ്ങള്‍ വന്നെന്‍ -മുന്നില്‍
പാണികൊട്ടി പുഞ്ചിരിച്ചു
ആടാത്ത കാല്‍ച്ചിലമ്പുള്ളില്‍ -നിന്നു
വാടാത്തോരാട്ടം നടത്തി
ആട്ടം മനം കുളിര്‍പ്പിക്കെ -മെല്ലെ
മുത്തുകള്‍ മേല്‍പ്പോട്ടു നോക്കി
താരകക്കണ്ണുകള്‍ കാട്ടി -വാനം
കൈ നീട്ടി മെല്ലെ വിളിച്ചു
പൂവിന്‍ മണം വറ്റും പോലെ
എന്നിലെ മൊട്ടുകള്‍ വറ്റി
ഓലക്കുടയെടുത്തന്നാ വാനില്‍
തമ്പാട്ടിയോടിക്കരേറി
വേപ്പില പീലി വിരിച്ചു
തമ്പാട്ടിയാട്ടം നടത്തി
ആടിയ തീര്‍ത്ഥ ജലത്തില്‍ -ഞാനു -
മൊന്നു കുളിച്ചു തുവര്‍ത്തി
ആയിരം കണ്ണുടയാള്‍തന്‍ -മുന്നില്‍
ആയിരം നാളം തെളിഞ്ഞു
ആയിരം നാമം മൊഴിഞ്ഞു -മാപ്പൊ -
രായിരം വട്ടം കഴിഞ്ഞു ...