Friday 26 October 2012

വരളുന്ന മുരളിക .......

ഞാന്‍ തന്ന മുരളിക ഭദ്രമല്ലീ സഖേ 
ഭാവങ്ങള്‍ മാറാതെ കാത്തുകൊണ്ടില്ലെ ??
മാധുര്യ സങ്കല്‍പ്പ സ്വരമുതിര്‍ക്കുന്ന 
മഞ്ഞുപോല്‍ മൃദുലമാം വേണുവല്ലേ !!
കാട്ടു പൂച്ചെടികള്‍ മണത്തു നടന്ന നാം 
കാട്ടാറിന്‍ വെള്ളം കുടിച്ചു വളര്‍ന്ന നാം 
ആകാശ താരകാരാഗം പഠിച്ചതീ -
യോടക്കുഴല്‍ വിളി കേട്ടല്ലയോ !!!
ഈ കുഴലൂതി നാം എത്ര ഹൃദയങ്ങളെ 
ആനന്ദനീരില്‍ കുതിര്‍ത്തിരുന്നു ??
കുഴലൂത്തു പാട്ടുകേട്ടെത്രയാത്മാവുകള്‍ 
ഉടല്‍ വിട്ടു ചിറകായ് പറന്നു പോയി ?
കണ്ണുനീരെത്ര തുടച്ചിതിന്‍ പാട്ടുകള്‍ 
എത്ര മോഹപ്പൂവുകള്‍ വിരിച്ചു !
ഒടക്കുഴലിതില്‍ തൂങ്ങിമരിച്ചൊരാ 
തൂവല്‍ കനമുള്ള മാനസങ്ങള്‍ !!!
ആയതിനാല്‍ മനം മതിയെന്നു ചൊല്കയാല്‍ 
ഞാനീ കുഴലുപേക്ഷിച്ചു പോയി !!

യാഥാര്‍ത്ഥ്യബോധച്ചിറകു  മുളയ്ക്കയാല്‍ 
പച്ചയാം ജീവിതം തേടി .
പുത്തന്‍ മുരളിക കണ്ടുകിട്ടി  അതില്‍ 
പുത്തനാം പാട്ടുകള്‍ പാടി !!
എന്‍റെയും നിന്‍റെയും രോഗദാരിദ്ര്യവും 
ആര്‍ത്തിയും ഘോഷിച്ചു പാടി 
പണം മണക്കുന്നൊരാ പാതയില്‍ നീളേ 
നൃത്തമാടും കബന്ധങ്ങള്‍ ..
തിന്നാതെ ഒന്നും കുടിക്കാതെ -ബാങ്കു 
ബാലന്‍സു കൂട്ടും മിടുക്കര്‍ 
പച്ചയാം പെണ്ണിറച്ചിക്കു വിലപേശും 
നുരയുന്ന ശാലകള്‍ക്കുള്ളില്‍ 
പലവര്‍ണ്ണസൂര്യന്മാര്‍ പുഞ്ചിരിക്കുന്നു 
രക്തബന്ധങ്ങള്‍ മറയ്ക്കാന്‍ !!
ഉയിര്‍കാക്കുമുടയവര്‍ അരിഞ്ഞു വില്‍ക്കുന്നു 
ആശകള്‍ വറ്റാത്തയവയവങ്ങള്‍ !!
പച്ചയാം ജീവിതം പാടി -എന്നുടെ 
പൊന്‍ മുരളി വരളാന്‍ തുടങ്ങി 
കൂട്ടരേ !!നോക്കു നിങ്ങള്‍ തന്‍ മുന്നില്‍ 
കണ്മിഴിക്കുമാ ഘോര തമസ്സിനെ .........!!!
മതി മതി ഇനി എത്ര ഞാന്‍ പാടണം 
പുത്തനാം പൊന്നോടക്കുഴലില്‍ ...........?
ആയതിനാല്‍ മനം മതിയെന്നു ചൊല്കയാല്‍ 
ഞാനാക്കുഴലുപേക്ഷിച്ചു വന്നു .......

ഞാന്‍ തന്ന മുരളിക ഭദ്രമല്ലീ സഖേ 
ഭാവങ്ങള്‍ മാറാതെ കാത്തുകൊണ്ടില്ലെ ??
പാടട്ടെ മന്മനം നിറയട്ടെയിന്നാ 
കാല്പ്പനീക കുളിര്‍ തെന്നലാലെ ..
പണ്ടത്തെ പോലെ നീ പാടുമോ മുരളികേ 
ഒന്നു തിരിഞ്ഞു നടക്കട്ടെ ഞാന്‍ 
സ്വപ്‌നങ്ങള്‍ പാടുമീ വേണുവില്‍ ഇന്നെന്‍റെ 
ഭാവഗീതങ്ങള്‍ ചിറകടിക്കട്ടെ !!
നഞ്ഞൊഴിച്ചു നുണയുന്നതില്‍ ഭേദം 
ഓടക്കുഴല്‍ത്തൂക്കുമരമല്ലയോ ???

No comments:

Post a Comment