Friday 22 June 2012

കാണാതെ പോയ വേണു

""ചോദിച്ചു കൃഷ്ണന്‍ തന്നെ കണ്ടുവോ നിങ്ങളെന്‍റെ
ഫുല്ലമാം പുല്ലാങ്കുഴല്‍ ചൊല്ലുവിന്‍ പരമാര്‍ത്ഥം 

അല്ലയോ കള്ളകൃഷ്ണാ നിന്നെയും കളിപ്പിക്കും 
കള്ളിയാരിതിന്‍ മുന്‍പേ  കണ്ടതില്ലല്ലോ ഞങ്ങള്‍ 

ഞങ്ങള്‍ തന്‍  ചിത്തം  നിത്യം ചാഞ്ചാടിയാടിപ്പിക്കും 
പുഞ്ചിരിപ്പുല്ലാങ്കുഴല്‍  പാടുകില്ലെന്നോ മേലില്‍ 

തിങ്കള്‍ തൂവോളി മുഖം വാടുവതെന്തേ കണ്ണാ 
നീരജദള  നേത്രം നിറയുന്നതും എന്തേ 

പീലിതന്‍ ചേലും  പോയി പീതാംബരാഭ പോയി 
കിങ്ങിണി അഴിഞ്ഞു പോയ്‌ താങ്കത്താരുടല്‍  വാടി 

സങ്കടപ്പെടെണ്ടാ നീ ഞങ്ങളില്ലയോ നിന്‍റെ 
കാമന നിറവേറ്റാന്‍ തൃപ്പാദ സേവ ചെയ്യാന്‍ 

നിന്നെ നീയാക്കുന്നതാം  വേണു കണ്ടെത്താന്‍ ഞങ്ങള്‍ 
സന്നദ്ധരല്ലേ ചൊല്ലു ബാധ്യസ്ഥരല്ലേ ചൊല്ലു 

കേവലമൊരു വേണു അല്ലതു  വദനത്തില്‍ 
താമര വിരിയിക്കും മാന്ത്രിക കുഴലല്ലേ ....

ഓടിപ്പോയ് പല ദിക്കില്‍ പ്രാണനെ തിരയുവാന്‍ 
അഴലറ്റവര്‍  നിത്യം വെനുഗാനത്തെ കേള്‍പോര്‍ 

കടമ്പില്‍ മുകളേറി  കാളിന്ദി  നീളെ നോക്കി 
പുല്‍മേട്ടില്‍ നോക്കി ഗോവര്‍ധനത്തിന്‍ മേലും  നോക്കി 

അമ്പാടി തന്നില്‍ നോക്കി ആടുന്ന മയിലിന്‍റെ  
പീലികള്‍ക്കിടയിലും മന്ദമന്ദമായ്  നോക്കി 

കണ്ടതില്ലല്ലോ കണ്ണാ നിന്‍ വേണു നീളേ തിര -
ഞ്ഞെങ്ങുമേ കണ്ടതില്ല തോറ്റു പോയല്ലോ  ഞങ്ങള്‍ 

ഒടുവില്‍ ഓടിയെത്തും അംഗന  നിലവിളി -
ച്ചോദിനാന്‍  കണ്ടേന്‍  ഞാന്‍ എന്‍ കണ്ണന്‍റെ  കുഴലിനെ 

വിരലില്‍ കടിച്ചുടന്‍ നാണത്താല്‍ മുഖം താഴ്ത്തും 
കണ്ണന്‍റെ പൂങ്കവിളില്‍ നുള്ളിനാള്‍ ഒരു പെണ്ണും 

എങ്ങു നിന്നതു കിട്ടി ചൊല്ലുക വേഗം ചൊന്നാല്‍ 
കവിളില്‍ മധുരിക്കും ഉമ്മയൊന്നേകാം ഞാനും 

ഉണ്ണിതന്‍ മാതാവിന്‍റെ മാറിടത്തിങ്കല്‍ താനും 
മാണ്‍പെഴും പുല്ലാങ്കുഴല്‍ മധുരം നുകരുന്നു 

നേരത്തു  ചെല്ലാതാകില്‍ ഇതുതാന്‍ ഫലമത്രെ 
പാലെല്ലാം പുല്ലാങ്കുഴല്‍ കുടിച്ചു തീര്‍ക്കും പോലും 

മാത്രമല്ലമ്മ ചൊല്ലി വേണുവൂതുന്നതാലെ 
കണ്ണനെ കാണ്മാന്‍ പോലും കിട്ടുന്നതില്ലയത്രേ 

ഗോപിമാര്‍ തന്‍ മാറിലും ഗോപന്മാര്‍ ചുമലിലും 
നിത്യവും ഗോവുകള്‍ തന്‍  അകിടിന്‍ ചുവട്ടിലും 

നേരത്തെ കളയുന്നു നേരായി പറകിലോ 
അമ്മയ്ക്കു താലോലിക്കാന്‍ ചെല്ലുന്നില്ലത്രേ കണ്ണന്‍ 

ഓടിനാന്‍ വേഗം കണ്ണന്‍ മാതാവിന്‍ നികടത്തില്‍ 
കുണുങ്ങി കുണുങ്ങിത്താന്‍  ഓടിനാന്‍ വേഗം വേഗം .....""

2 comments: