Thursday 11 April 2013

പ്രതീക്ഷ

കറുക മുനമ്പിൽ പ്രതിബിംബിക്കും
പുതുഭൂഗോള സ്പന്ദങ്ങൾ 
വാക്കുകൾ മൊഴിയാ വാഗ്മി കണക്കെ 
മന്ദഹസിക്കും പുഷ്പങ്ങൾ 
മൃതിയുടെ മാസ്മര മേഖല പുല്കും 
ഗ്രാമീണതയുടെ സസ്യങ്ങൾ 
അമ്പലമുറ്റത്താലില പോലെ
വീണു കിടക്കും സ്വപ്‌നങ്ങൾ
 പാളികളില്ലാ വാതായനമേ 
നീ കാണിക്കും ദൃശ്യങ്ങൾ 
എന്നിലൊതുങ്ങാൻ പ്രേരിപ്പിക്കും 
ഇരുണ്ട ഭാരതസാരങ്ങൾ 
പാതയിലോഴുകും പലവർണ്ണങ്ങൾ 
വിലയ്ക്കു വാങ്ങും ഭോഗങ്ങൾ 
നിറഞ്ഞ സൗഹൃദ സ്ഫടികഗ്ഗോപുര -
മിടിഞ്ഞു വീഴും നാദങ്ങൾ 
പണവും പണവും തമ്മിൽ തല്ലി 
പതഞ്ഞു ചാവും തന്ത്രങ്ങൾ 
സ്മൃതിയുടെ പഴകിയ പൂഞ്ചേലയിലൊരു 
നിറം കെടാത്ത ചിത്രം പോൽ 
നിത്യവുമെന്നിൽ മിഴികൾ തുറക്കും 
പ്രത്യാശകളുടെ കിരണങ്ങൾ !!
ആയതിനാൽ പുതു വലകൾ നെയ്തെൻ 
മാവിൻ ചോട്ടിലിരിക്കും ഞാൻ 
വഴിതെറ്റിവരും പുഞ്ചിരിയെന്നിൽ 
മഴവില്ലൊന്നു പണിഞ്ഞാലോ !!!!!!!!!

1 comment:

  1. പ്രതീക്ഷ ..കൊള്ളാം ...ആശംസകള്‍

    ReplyDelete