Wednesday 15 August 2012

പതാക ഗീതം

പറക്കുക പതാകെ നീ 
ഭാരതീയര്‍ ഞങ്ങള്‍ പുണരാത്ത  സ്വപ്നത്തിന്‍ 
മേലിലായി .....
പൊഴിക്കുക പതാകെ നീ 
വര്‍ണ്ണ പ്രപഞ്ചങ്ങള്‍ 
നൈരാശ്യ ഭൂമിതന്‍ മാറിലായി ...
ഇല്ലായ്മ പാടുന്നൊരിടനാട്ടുകാരന്‍ ഞാന്‍
എങ്ങനെ പാടും പതാക ഗീതം ?
സമൃദ്ധിയുടെ  പൂവിളികള്‍ പല്ലക്കിലേറ്റുമ്പോള്‍ ;
പട്ടിണികമ്പളം ഞാന്‍ പുതയ്ക്കുമ്പോള്‍ ,
ആചാര വെടിയുതിര്‍ത്താകാശപ്പുകയുതിര്‍ -
ത്തഭിവാദനം കൊള്‍ക നീ പതാകേ ..
കുഞ്ചിരോമങ്ങള്‍ തുള്ളിക്കും കുതിരകള്‍ 
കെട്ടി വലിക്കും രഥത്തിനുള്ളില്‍ 
കൈ വീശി കാണിച്ചു ക്ഷേമമന്വേഷിക്കും 
രാഷ്ട്രത്തലപ്പിന്‍  തലയ്ക്കു മീതേ ... 
ശീതളച്ഛായ  പകര്‍ന്നു കൊണ്ടെപ്പോഴും
വീശിപ്പറക്കുക നീ പതാകേ .. 
രാഷ്ട്രീയ കൗണപന്മാരുടെ  നിശ്വാസ -
ക്കാറ്റില്‍  പറക്കതിരിക്കണം നീ .
ശോകം കളഞ്ഞോരശോകചക്രം നിന്‍റെ 
ധര്‍മ്മം തിരിക്കാതെ നോക്കണം നീ 
ഉത്തുംഗ സ്വാതന്ത്ര്യ സൗഭാഗ്യങ്ങളില്‍ 
മുറ്റും ഒരു ദിനം പറപറന്നങ്ങനെ 
നീ വിലസുമ്പോള്‍ തിരയാറുണ്ടു  ഞാന്‍ 
കീശയില്‍ കീറിയ മൂന്നു വര്‍ണ്ണം !!!!
എങ്കിലും ആശ്വസിക്കുന്നു ഞാന്‍ സന്ധ്യയില്‍ 
നീ താഴ്ന്നു താഴ്ന്നെന്‍ അരികേ വരും 
പൊട്ടിയ സ്വപ്നങ്ങളും പുതച്ചെന്നുടെ 
പുതപ്പായ് എന്‍റെ മേല്‍ നീ നിവരും .....!!
 പൊട്ടിയ സ്വപ്നങ്ങളും പുതച്ചെന്നുടെ 
പുതപ്പായ് എന്‍റെ മേല്‍ നീ നിവരും .....!!  

No comments:

Post a Comment