Friday 17 August 2012

ഭാവ ഭഞ്ജിക

ആശയക്കാറ്റില്‍  ആത്മാവു പൊട്ടുമ്പോള്‍ 
ആടിയാടി വരുന്നതാം വാക്കുകള്‍ 
മത്തനാക്കിടും എന്നെയും ഞാനീ 
മൃത്തു വിട്ടുടന്‍ പല്ലക്കിലേറും ....

കാല്‍പ്പനികക്കണികകള്‍ വീശി 
വാര്‍മഴവില്ലു  വാനത്തില്‍ ചേര്‍ക്കും 
കണ്ണുനീരിലെന്‍  തൂലിക മുക്കി 
എണ്ണമില്ലാത്ത കാവ്യം രചിക്കും ..

ബുദ്ധിയും മനസ്സും ചേര്‍ത്തു വെച്ചെന്‍ 
ബദ്ധപ്രേമം ഞാന്‍ ഘോഷിച്ചു പാടും 
ഗന്ധമില്ലെങ്കിലും മലര്‍ത്തോപ്പുകള്‍ 
കന്ധരമാട്ടി കണ്ണുകള്‍ ചിമ്മും 

നേര്‍ത്ത കൈയ്യുകള്‍ നീട്ടിയീണത്തില്‍ 
തപ്പു കൊട്ടി പ്രചോദനം നല്‍കും 
പൂഞ്ചിറകുകള്‍ വീശിയാകാശ -
പ്പാളികള്‍ക്കിടയില്‍  ഞാന്‍ ഒളിക്കും 

മേലും കീഴുമായ് നീലാഭ ചിന്തും 
ലോല വര്‍ണ്ണമെന്‍ നാവില്‍ കുതിര്‍ക്കും 
കാര്യമായുള്ള ലോകത്തിലെന്‍റെ 
കാര്യമില്ലാ കവിത രചിക്കും ..

കണ്ണുനീരിന്‍ ഉറവകള്‍ പൊട്ടും 
ചിത്തമിന്നു ഞാന്‍ വെട്ടി പിടിക്കും 
ലോല ഭാവനാ ദര്‍പ്പണം കാട്ടും 
 ഭാവഭഞ്ജികളാണെന്‍  കവിതകള്‍ ..........

No comments:

Post a Comment