Thursday 7 March 2013

പുല്ലാങ്കുഴല്‍ .....

ഒരു ചുണ്ടില്‍ പാടുന്ന പുല്ലാങ്കുഴലിനെ
പലപേരു  നിങ്ങള്‍ ചേര്‍ന്നൂതിനോക്കി 
പൊട്ടിത്തകര്‍ന്നതിന്‍ പുഞ്ചിരി വെട്ടങ്ങള്‍ 
ഈണങ്ങള്‍ മാറിയധ:പതിച്ചു .... 
ആരോരുമറിയാതെ  കാറ്റിനെ പ്രണയിച്ച 
പാഴ്മുളം കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും 
കലവിരിയും കയ്യുകള്‍ കത്തിയുമായെത്തി 
ചെത്തിമിനുക്കിയെന്‍ മേനി തൊട്ടു 
ശാസ്ത്രംവിധിച്ചപോല്‍ സുഷിരങ്ങളിട്ടെന്‍റെ 
മേനി മുഴുവനും വേദനിച്ചു 
എങ്കിലും മൂകം സഹിച്ചു ഞാന്‍ സകലവും 
എന്നിലെ ഞാന്‍ ; ഇന്നതവനല്ലയോ !!!
ഒറ്റയ്ക്കൊരോരത്തു ചെന്നിരുന്നെന്നുടെ 
ചുണ്ടിന്‍റെ മീതെ ചിരി വരച്ചു 
എന്നിട്ടവനെടുത്തോമനിച്ചു ഞങ്ങള്‍ 
ചുണ്ടു പരസ്പരം പങ്കുവെച്ചു !!!
മേനി മുഴുവനും കോരിത്തരിക്കുമാ-
റീണങ്ങളൂതിയവനിരുന്നു ... 
ചുണ്ടിലൂടാടിക്കളിച്ചു വരും കാറ്റു 
ചൊല്ലിയവന്‍റെ മുഴുത്ത പ്രേമം !!
കാറ്റില്‍ കലര്‍ന്നുമിനീരിന്‍ കണങ്ങളാല്‍ 
ഋതുമതിയാവുകയായിരുന്നു .....!!!!
വേറിട്ട രാഗങ്ങളൂതിയൂതി എന്‍റെ 
മേനി മുഴുവനും വിള്ളല്‍ വന്നു 
അപ്പോളോരലപ്പം തകിടുവെച്ചെന്നുടെ 
ചുണ്ടു മുഴുവന്‍ പൊതിഞ്ഞു തന്നു 
വേദനയെല്ലാം മറന്നൊന്നൊന്നുറങ്ങവേ 
സ്വപ്നങ്ങളെന്നുടെ കൂട്ടുവന്നു 
പിന്നത്തെ പുലരിയില്‍ ഞാന്‍ കണ്ട ചുണ്ടുകള്‍ 
പുകയിലതിന്നവയായിരുന്നു ...!!!
ശ്വാസംപിടിച്ചുഞാന്‍ രാഗം പൊഴിച്ചെന്‍റെ  
നാഥനെ തേടുകയായിരുന്നു ..... 
പിന്നത്തെ പുലരിയില്‍ ഞാന്‍ കണ്ട ചുണ്ടുകള്‍ 
മദ്യം മണത്തവയായിരുന്നു ...... 
ശ്വാസംപിടിച്ചുഞാന്‍ രാഗം പൊഴിച്ചെന്‍റെ  
നാഥനെ തേടുകയായിരുന്നു ..... 
പിന്നത്തെ പുലരിയില്‍ ഞാന്‍ കണ്ട കണ്ണുകള്‍ 
കാമം പൊടിഞ്ഞവയായിരുന്നു ..... 
ശ്വാസംപിടിച്ചുഞാന്‍ രാഗം പൊഴിച്ചെന്‍റെ  
നാഥനെ മറക്കുകയായിരുന്നു .......!!!!!

1 comment:

  1. ഇതുവരെ വായിച്ചവയില്‍ ഒരുപക്ഷെ എനിക്കേറ്റവും ഇഷ്ടമായ കവിത എന്ന് പറയാം ...വളരെ മനോഹരമായി ഈ പുല്ലാങ്കുഴല്‍ ....വീണ്ടും വീണ്ടും എഴുതുക

    ReplyDelete