Monday, 17 September 2012

കീറിയ കൊഞ്ചല്‍

നൈമിഷാരണ്യത്തില്‍ പോയതേയില്ല ഞാന്‍ 
ഗംഗാ പ്രവാഹത്തില്‍ മുങ്ങിയിട്ടില്ല ഞാന്‍ 
അമ്മതന്‍ തോരാത്ത കണ്ണീരോഴുക്കുകള്‍ ;
ഞാന്‍ കണ്ട ഗംഗയതായിരുന്നു !! 
അച്ഛന്‍ പുലമ്പുന്നോരാ തെറിപ്പാട്ടെന്‍റെ 
ബാലരാമായണമായിരുന്നു 
ചൂരല്‍പ്പഴം തിന്നു പൊട്ടിയ ചെഞ്ചുണ്ടില്‍ 
കീറിയ കൊഞ്ചല്‍ തുടിച്ചു നിന്നു 
വാക്കിന്‍റെ നോവാല്‍ അറിഞ്ഞവയൊക്കെയും 
നാലു വേദങ്ങള്‍തന്‍  സംഹിതകള്‍ 
കണ്ണന്‍റെ മുന്‍പില്‍ ഞാന്‍ കത്തിച്ച നാളങ്ങള്‍ 
ആശകള്‍ വറ്റിയതായിരുന്നു .....
നാടോഴുക്കുന്നപവാദപ്പുഴകളില്‍ 
പിഞ്ചു ഹൃദയം ഒലിച്ചു പോകെ 
ഇന്നെന്‍ അനുഭവക്കല്ലില്‍ കടഞ്ഞോരീ 
ഹൃത്തെന്‍റെ നെഞ്ചില്‍ കുടികിടപ്പൂ 
ചാഴിയൂറ്റിക്കുടിച്ചെന്‍റെ ചോരനീര്‍ 
വറ്റിയ ജഡം കൊത്തിപ്പറിക്കാന്‍ 
പകല്‍ പ്രാവുകള്‍ കൊക്കുരയ്ക്കുന്നു 
ഭാവിതന്‍ കഴുകന്മാര്‍ മൃതാശികള്‍ !!
തൂലികയ്ക്കിടയില്‍ ഞാന്‍ ഒളിപ്പിച്ച 
തങ്ക നൂലില്‍ നിന്നോന്നെടുത്തിന്നെന്‍റെ 
ഭാവന്യ്ക്കൊരു മോതിരം തീര്‍ക്കുവാന്‍
നിന്‍ ഹൃദയം കടം തരുമോ നീ ??
അമ്മ ചൊല്ലുന്ന വറ്റിയ വാക്കുകള്‍ 
തൊണ്ട കീറുന്ന നെല്ലിന്‍ മുനമ്പുകള്‍ 
പച്ചരിവാര്‍ത്ത വെള്ളമെന്‍ നെഞ്ചിലെ 
ആശയത്തെ തണുപ്പിച്ച നാളുകള്‍ 
പോരടിക്കും സഹോദര ഭ്രാന്തുകള്‍ 
നേരുടയ്ക്കുന്ന കള്ള നാവേറുകള്‍ !!
താളമില്ലാത്ത ദു:ഖച്ചുവടുകള്‍ 
വെച്ചു നീങ്ങുന്ന മാനസ ഭ്രാന്തുകള്‍ 
കണ്ണുനീരില്‍ പിറന്നൊരീ താമര-
മൊട്ടുകള്‍ നിങ്ങള്‍ സ്വീകരിച്ചീടുമോ ??



Saturday, 15 September 2012

കൈപിടിച്ചറിഞ്ഞത് ..........

പരാതികളൊഴിഞ്ഞ 
പരിഭവങ്ങള്‍ കൊണ്ട് 
എന്നെ നീ തോല്‍പ്പിച്ച 
നിമിഷങ്ങളില്‍ 
അറിഞ്ഞിരുന്നുവോ 
അലിഞ്ഞലിഞ്ഞില്ലാതെയായത്‌ 
നമ്മിലെ അകലങ്ങളായിരുന്നു 

ഞാന്‍ കാണാത്ത വഴികളില്‍ 
മുള്ളോടിഞ്ഞ സ്നേഹവുമായി 
വൈകിയ വേളകളില്‍ 
ഞാന്‍ എത്തും വരെ 
കാത്തിരിക്കാറുണ്ടായിരുന്നു നീ 

പകരം തരാന്‍ 
പാമരനായ ഞാന്‍ 
നദിയൊഴുകുംപടി 
അലിയുകയായിരുന്നു 
നിന്‍ സൌഹൃദപ്പാടങ്ങളില്‍ 
സൂര്യകാന്തിയായി പിറക്കാന്‍ 
പൂണൂല്‍ കെട്ടിയ 
പൂമ്പാറ്റയാവാന്‍ 

മനസ്സൊളിപ്പിച്ച  മൗനം 
ഞാന്‍ അറിയാതിരിക്കയോ 
പവിഴമല്ലികള്‍ പാടിയതല്ലേ 
മനം കുളിര്‍ത്ത മൌനരാഗങ്ങള്‍ 

നിന്‍ മടിയില്‍ മയങ്ങും 
എന്‍ ഓര്‍മ്മകള്‍ തലോടുവാന്‍ 
പലകാലം പുറകോട്ടു പോകണം 
നാലാം ക്ലാസ്സിലെ ബെഞ്ചുകള്‍ വരെ 
നിന്‍ പൂണൂല്‍ ചൊല്ലിയ 
കഥകള്‍ കേള്‍ക്കാന്‍ 
നിഴലായിട്ടെത്ര ഞാന്‍ വന്നിരുന്നു ?
പങ്കിട്ടപാഠങ്ങള്‍ പുഞ്ചിരിക്കുന്നു 
തണലായി യാത്രയില്‍ നീളെ 

കുളിരണിഞ്ഞെത്ര മാത്രകള്‍ 
മനസ്സറിഞ്ഞെത്ര യാത്രകള്‍ 
നിന്‍ പതുപതുത്ത സ്നേഹം 
പുതച്ചുറങ്ങിയ രാത്രികള്‍ 

നിന്‍റെ ചിരികളത്രയും 
എന്‍റെ കവിതയാകുകയായിരുന്നു 
അറിയുവാനാകുമോ നിന്നെ 
എന്നെക്കാളേറെ വേറാര്‍ക്കും ?

എത്താത്ത കാതങ്ങളുണ്ടെങ്കിലും 
തമ്മില്‍ കാണാത്ത ദൂരത്തിലാനെങ്കിലും 
നിന്‍ വിളി കാതോര്‍ത്തു ഞാനാ 
ആലിന്‍ ചുവട്ടിലായ് പോകും 

ഇന്നെന്‍റെ മാനസം ചൊല്‍വൂ 
നിന്‍റെ മൂകമാം ദു:ഖങ്ങളെല്ലാം 
നിന്‍റെ ശ്വാസത്തിലായ് കേള്‍ക്കാം 
നിന്നില്‍ നീ തേങ്ങും സ്വരങ്ങള്‍ 

കുട്ടിക്കാലം മുതല്‍ക്കേ 
ഞാന്‍ കൈ പിടിച്ചറിഞ്ഞതല്ലേ 
നിന്‍റെ ഹൃദയ താളങ്ങളും 
നിസ്വാര്‍ത്ഥ സ്വപ്നങ്ങളും ..........

(എന്‍റെ പ്രാണപ്രിയ സുഹൃത്തിനു വേണ്ടി എന്‍റെ സ്നേഹം ...)

""വെളുത്ത താളുകളില്‍ ഞാന്‍ 
എന്‍ ആയുസ്സെഴുതി തീര്‍ക്കട്ടെ 
ആകാശ നീലിമയില്‍ പുതിയൊരു 
നക്ഷത്ര പിറവിക്കായ് ......""

Friday, 14 September 2012

നീലമേഘമായ്  മാമല ചൂടിയാലും 
പെയ്തൊഴിയാന്‍ എനിക്ക് 
നിന്‍ നെഞ്ചു മാത്രം  മതി 
""നിന്‍റെ പൂങ്കുഴല്‍ പാടിയതല്ലേ
എന്‍റെ കവിതാ കല്പ്പനയെല്ലാം ""

നിലാവും കാളിന്ദിയും

കാളിന്ദിപ്പെണ്ണേ  നീ കണ്ടായോ എന്നെയാ
നീലക്കടമ്പിന്‍റെ  ചാഞ്ഞ കൊമ്പില്‍

കണ്ണന്‍റെ കമുകിയാകയാലോ നീയും
കണ്മണി പോലെ കറുത്തു പോയി

പാലൊഴുകുന്ന  നിലാവു ഞാന്‍ തന്നിട്ടും
പാലാഴി പോലെ നീ പൂത്തതില്ല

വൃന്ദാവനപൈക്കള്‍ വൃന്ദമോടെ വന്നു
നിത്യവും നിന്‍ മേനി നക്കുകിലും

തേഞ്ഞു തേഞ്ഞില്ലാതെയായില്ല  നിന്‍ മേനി
ലക്ഷ്മി വിലാസം പോല്‍ പുഞ്ചിരിച്ചു

നീലക്കരങ്ങള്‍ നിലാവത്തു വീശി ഞാന്‍
നിന്നെ പുണരാന്‍ വരുമ്പോഴൊക്കെ

കണ്ണനല്ലെന്നറിഞ്ഞെന്നെ നീയെന്നെന്നും
നീലക്കടമ്പില്‍ കയറ്റിവെച്ചു

കാളിയന്‍ വന്നു കടിപ്പാന്‍ തുടങ്ങുമീ
കാളിന്ദിപ്പെണ്ണിനെ നോക്കും നേരം

കാളിയന്‍ കണ്ണന്‍റെ ശമ്പളക്കാരനാം
കാളിന്ദിപ്പെണ്ണിനു കാവല്‍ നില്‍ക്കാന്‍

ശൃംഗാരമാടി നിന്‍ തീരത്തു ചേരുമ്പോള്‍
ഹുംകാരമോടു നീ കണ്ണുരുട്ടും

കാലില്‍ പിടിച്ചു വലിച്ചിടുമെന്നെയാ
കാളിന്ദിയാറ്റിന്‍ നടുവിലായി

ചന്ദ്രനാണെങ്കിലും ഇന്ദ്രനാണെങ്കിലും
വെള്ളം കുടിക്കും പുഴയില്‍ വീണാല്‍

ഇഷ്ടംകൊണ്ടല്ലെടി കാളിന്ദിപ്പെണ്ണാളേ
കഷ്ടം നീ എന്നെ കുടഞ്ഞെറിഞ്ഞു

മാനത്തു ചെന്നു തറച്ചിതാ നില്‍പ്പൂ ഞാന്‍
തേഞ്ഞു പോകുന്ന  മുഖവുമായി ...

Wednesday, 12 September 2012

ബാങ്കില്‍ പോകും വഴി

ഇന്ന്ബാങ്കില്‍ പോകും വഴി
ഞാന്‍ ഒരു കാട്ടു കുരങ്ങനെ കണ്ടു 
അതല്ലേ രസം 
കാടില്ലാ കാട്ടില്‍ 
ഒരു കാട്ടുകുരങ്ങന്‍ !!
പിന്നെ കൗതുകമായി 
കലപിലയായി 
കൈകൊട്ടിക്കളിയായി ...
പാവം കുരങ്ങച്ചന്‍ 
പുതിയ കുരങ്ങുകളെ 
കൌതുകത്തോടെ നോക്കി 
വാലുള്ള ജാതിയും 
വാലില്ലാ ജാതിയും 
തീണ്ടാതെ ദൂരത്തു 
നോക്കിനിന്നു !!!
ആളുകളുടെ കണ്ണേറുകൊണ്ട് 
ആ പ്രൌഡ വാനരന്‍ 
നടു റോട്ടില്‍ 
ചന്തി കാട്ടിക്കിടന്നു !!
അസഭ്യം!!!! അസഭ്യം !!!!
ഒരുത്തന്‍ :വൃത്തികെട് 
                      ഇത്ര ധൈര്യമോ ?
രണ്ടാമന്‍ :ഗതാഗതക്കുരുക്ക് 
പത്താമന്‍ :ഇവന്‍ കേമനാ 
ഒമ്പതാമന്‍ :കണ്ണിനൊരു പ്രത്യേകത !
എട്ടാമന്‍ :അതെ ചിരിയിലും 
ഏഴാമന്‍ :അല്ലേ !!!! വാലിന്‍റെ നീളം കണ്ടോ ?
ആറാമന്‍ :നീളമുള്ള പൂട 
അഞ്ചാമന്‍ :ഉള്ള കാട്ടിലെ കുരങ്ങനാ 
നാലാമന്‍ :നല്ല ലക്ഷണം 
മൂന്നാമന്‍ :വിദേശക്കുരങ്ങനാ 
രണ്ടാമന്‍ :അതെയതെ ചന്തം കണ്ടാലറിയാം 
ഒന്നാമന്‍ :ചന്തമുള്ള ചന്തി 
                     കണ്ടപ്പോഴേ തോന്നി 
                      ഇവന്‍ അമേരിക്ക കുരങ്ങന്‍ തന്നെ !!!
വഴിമാറൂ വാഹനമേ 
അതിഥിക്കുരങ്ങന്‍ 
കിടന്നുറങ്ങട്ടെ !!
ഇവനെ തോണ്ടിയാല്‍ 
ഭരണകൂടം 
ഉത്തരം പറയണം 
മാലയിട്ടാദരിക്കൂ ഈ 
മാത്സര്യബുദ്ധനെ !!
വിദേശിയാണെങ്കില്‍ നാം 
വിനയാന്വിതരാകണം 
നിറദീപം കൊളുത്തി 
നിരത്തലങ്കരിക്കണം .
പശിയകറ്റും പുന്നാരക്കുരങ്ങന്‍ 
എടാ ഭാരതക്കുരങ്ങാ 
നീ ഓടെടാ ഓട് ...........