Friday 14 September 2012

നിലാവും കാളിന്ദിയും

കാളിന്ദിപ്പെണ്ണേ  നീ കണ്ടായോ എന്നെയാ
നീലക്കടമ്പിന്‍റെ  ചാഞ്ഞ കൊമ്പില്‍

കണ്ണന്‍റെ കമുകിയാകയാലോ നീയും
കണ്മണി പോലെ കറുത്തു പോയി

പാലൊഴുകുന്ന  നിലാവു ഞാന്‍ തന്നിട്ടും
പാലാഴി പോലെ നീ പൂത്തതില്ല

വൃന്ദാവനപൈക്കള്‍ വൃന്ദമോടെ വന്നു
നിത്യവും നിന്‍ മേനി നക്കുകിലും

തേഞ്ഞു തേഞ്ഞില്ലാതെയായില്ല  നിന്‍ മേനി
ലക്ഷ്മി വിലാസം പോല്‍ പുഞ്ചിരിച്ചു

നീലക്കരങ്ങള്‍ നിലാവത്തു വീശി ഞാന്‍
നിന്നെ പുണരാന്‍ വരുമ്പോഴൊക്കെ

കണ്ണനല്ലെന്നറിഞ്ഞെന്നെ നീയെന്നെന്നും
നീലക്കടമ്പില്‍ കയറ്റിവെച്ചു

കാളിയന്‍ വന്നു കടിപ്പാന്‍ തുടങ്ങുമീ
കാളിന്ദിപ്പെണ്ണിനെ നോക്കും നേരം

കാളിയന്‍ കണ്ണന്‍റെ ശമ്പളക്കാരനാം
കാളിന്ദിപ്പെണ്ണിനു കാവല്‍ നില്‍ക്കാന്‍

ശൃംഗാരമാടി നിന്‍ തീരത്തു ചേരുമ്പോള്‍
ഹുംകാരമോടു നീ കണ്ണുരുട്ടും

കാലില്‍ പിടിച്ചു വലിച്ചിടുമെന്നെയാ
കാളിന്ദിയാറ്റിന്‍ നടുവിലായി

ചന്ദ്രനാണെങ്കിലും ഇന്ദ്രനാണെങ്കിലും
വെള്ളം കുടിക്കും പുഴയില്‍ വീണാല്‍

ഇഷ്ടംകൊണ്ടല്ലെടി കാളിന്ദിപ്പെണ്ണാളേ
കഷ്ടം നീ എന്നെ കുടഞ്ഞെറിഞ്ഞു

മാനത്തു ചെന്നു തറച്ചിതാ നില്‍പ്പൂ ഞാന്‍
തേഞ്ഞു പോകുന്ന  മുഖവുമായി ...

No comments:

Post a Comment