Sunday 9 September 2012

അതിവേഗം ബഹുദൂരം

പറക്കുന്ന  പ്രൈവറ്റ് ബസ്സുകള്‍ മാത്രം കാണ്മൂ
പിറക്കാ വഴികള്‍ തന്‍ സിഗ്നലിന്‍ വെളിച്ചങ്ങള്‍

ഇല്ലെങ്കില്‍ അവന്‍ കേള്‍പ്പൂ പിന്‍ വരും ബസ്സിലുള്ള
അനുജന്‍ കിളിയുടെ സസ്നേഹ തെറിപ്പാട്ട്

ആടിയും കുലുങ്ങിയും ബസ്സുകള്‍ പറക്കുമ്പോള്‍
ആടാത്ത മനസ്സുകള്‍ കാണുമോ അതിനുള്ളില്‍ ?

ഫോണ്‍ വിളിക്കണം ഭാര്യേ , വന്നാല്‍ ഞാന്‍ വന്നുവെന്നു
ചൊല്ലാം നീ എന്നെ കാത്തു സമയം കളയേണ്ടാ

കുഴികള്‍ കുഴിക്കുന്നു ജീവന്‍റെ പടുകുഴി
അതിലും സര്‍ക്കാരുകള്‍ പുഞ്ചിരിക്കൊടി നാട്ടും

കുതിരാന്‍ കയറ്റത്തില്‍ പാറകള്‍ ഇടിഞ്ഞത്ത്രേ
നീണ്ടിതാ കിടക്കുന്നു വാഹന നിര നീളെ

കാറിന്‍റെയുള്ളില്‍ നിന്നും കറുത്ത കുട്ടിയുടെ
ജനനക്കരച്ചിലിന്‍ നാദമിന്നിതാ കേള്‍പ്പൂ

ചോര വാര്‍ന്നോലിച്ചിട്ടാത്തള്ള ചത്തുപോയിപോല്‍
ഇതിനുത്തരം ഞാനോ സര്‍ക്കാരോ ചൊല്ലേണ്ടു ചൊല്‍ ?

ബസ്സിനുള്ളില്‍ നമുക്കു സര്‍ക്കസ്സു കളിക്കാലോ
പൊങ്ങിയും താണും കാറ്റില്‍ ആടിയാടിയങ്ങനെ

തൃശ്ശൂരില്‍ ജോലിക്കു പോം പാലക്കാട്ടുകാരന്‍റെ
പരിതാപകരമാം അവസ്ഥ കണ്ടോ നിങ്ങള്‍?

തൃശ്ശൂര്‍കാരന്‍റെ കഥ എടുത്തു പറയേണ്ടാ
പാവങ്ങള്‍ ബസ്‌യാത്രയില്‍ നട്ടെല്ലു തകര്‍ന്നവര്‍

കേരള വികസനം സ്വപ്നം കണ്ടുറങ്ങുന്ന
കേരളീയരേ നമ്മള്‍ പാടില്ല പതറുവാന്‍

എന്‍ എച്ചു പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു
മുന്നേറ്റത്തിലേക്കുള്ള പാതയെന്നറിഞ്ഞാലും ..

കുഴികള്‍ കാണാമത്തില്‍ കൊറ്റികള്‍ മീന്‍പിടിക്കാം
എങ്കിലും തൃശ്ശൂര്‍ ബസ്സു പറക്കും പറവ പോല്‍

പാവങ്ങള്‍ അവരുടെ ആയുസ്സിന്‍ മരച്ചോട്ടില്‍
കുഴികള്‍ കുഴിക്കുന്നോ ശ്രേഷ്ഠ സര്‍ക്കാരെ നിങ്ങള്‍ ?

ഭരണകൂടം മാറി മാറിവന്നെന്നാകിലും
നാടു നന്നാവാന്‍ എത്ര കാലമിന്നിയും വേണം ?

ചുവപ്പു നക്ഷത്രവും മൂവര്‍ണ്ണക്കൊടിക്കാറ്റും
കാര്യമില്ലതെയായി ചമയുന്നിതു സ്വയം

കാര്യങ്ങള്‍ പറയാതെ ഇരിപ്പതെങ്ങനെ നാം
കവികളല്ലയോ നാം കടമയിതല്ലയോ ??

No comments:

Post a Comment