Monday 17 September 2012

കീറിയ കൊഞ്ചല്‍

നൈമിഷാരണ്യത്തില്‍ പോയതേയില്ല ഞാന്‍ 
ഗംഗാ പ്രവാഹത്തില്‍ മുങ്ങിയിട്ടില്ല ഞാന്‍ 
അമ്മതന്‍ തോരാത്ത കണ്ണീരോഴുക്കുകള്‍ ;
ഞാന്‍ കണ്ട ഗംഗയതായിരുന്നു !! 
അച്ഛന്‍ പുലമ്പുന്നോരാ തെറിപ്പാട്ടെന്‍റെ 
ബാലരാമായണമായിരുന്നു 
ചൂരല്‍പ്പഴം തിന്നു പൊട്ടിയ ചെഞ്ചുണ്ടില്‍ 
കീറിയ കൊഞ്ചല്‍ തുടിച്ചു നിന്നു 
വാക്കിന്‍റെ നോവാല്‍ അറിഞ്ഞവയൊക്കെയും 
നാലു വേദങ്ങള്‍തന്‍  സംഹിതകള്‍ 
കണ്ണന്‍റെ മുന്‍പില്‍ ഞാന്‍ കത്തിച്ച നാളങ്ങള്‍ 
ആശകള്‍ വറ്റിയതായിരുന്നു .....
നാടോഴുക്കുന്നപവാദപ്പുഴകളില്‍ 
പിഞ്ചു ഹൃദയം ഒലിച്ചു പോകെ 
ഇന്നെന്‍ അനുഭവക്കല്ലില്‍ കടഞ്ഞോരീ 
ഹൃത്തെന്‍റെ നെഞ്ചില്‍ കുടികിടപ്പൂ 
ചാഴിയൂറ്റിക്കുടിച്ചെന്‍റെ ചോരനീര്‍ 
വറ്റിയ ജഡം കൊത്തിപ്പറിക്കാന്‍ 
പകല്‍ പ്രാവുകള്‍ കൊക്കുരയ്ക്കുന്നു 
ഭാവിതന്‍ കഴുകന്മാര്‍ മൃതാശികള്‍ !!
തൂലികയ്ക്കിടയില്‍ ഞാന്‍ ഒളിപ്പിച്ച 
തങ്ക നൂലില്‍ നിന്നോന്നെടുത്തിന്നെന്‍റെ 
ഭാവന്യ്ക്കൊരു മോതിരം തീര്‍ക്കുവാന്‍
നിന്‍ ഹൃദയം കടം തരുമോ നീ ??
അമ്മ ചൊല്ലുന്ന വറ്റിയ വാക്കുകള്‍ 
തൊണ്ട കീറുന്ന നെല്ലിന്‍ മുനമ്പുകള്‍ 
പച്ചരിവാര്‍ത്ത വെള്ളമെന്‍ നെഞ്ചിലെ 
ആശയത്തെ തണുപ്പിച്ച നാളുകള്‍ 
പോരടിക്കും സഹോദര ഭ്രാന്തുകള്‍ 
നേരുടയ്ക്കുന്ന കള്ള നാവേറുകള്‍ !!
താളമില്ലാത്ത ദു:ഖച്ചുവടുകള്‍ 
വെച്ചു നീങ്ങുന്ന മാനസ ഭ്രാന്തുകള്‍ 
കണ്ണുനീരില്‍ പിറന്നൊരീ താമര-
മൊട്ടുകള്‍ നിങ്ങള്‍ സ്വീകരിച്ചീടുമോ ??



3 comments:

  1. താളമില്ലാത്ത ദു:ഖച്ചുവടുകള്‍
    വെച്ചു നീങ്ങുന്ന മാനസ ഭ്രാന്തുകള്‍
    കണ്ണുനീരില്‍ പിറന്നൊരീ താമര-
    മൊട്ടുകള്‍ നിങ്ങള്‍ സ്വീകരിച്ചീടുമോ ??

    Good one Uday. Keep writing.

    ReplyDelete
  2. good ന്ന് പറയുന്നില്ലാ, കൊള്ളാം,..........ഇനിയും നന്നാക്കണം,............

    ReplyDelete
  3. പച്ചരിവാര്‍ത്ത വെള്ളമെന്‍ നെഞ്ചിലെ
    ആശയത്തെ തണുപ്പിച്ച നാളുകള്‍

    ഇതെനിക്ക് വല്ലാതെ ഇഷ്ടമായി ...നന്നായി വീണ്ടും വീണ്ടും എഴുതുക

    ReplyDelete