Saturday 7 July 2012

തിങ്കളൊളി

തിങ്കളേ നിങ്കലെ തങ്കനിലാവൊളി 
എങ്ങനെ എങ്ങു നിന്നെത്തി ചേര്‍ന്നു ?

പാലാഴി പെറ്റതു  കൊണ്ടാണോ കൈലാസ 
മാമല  മേലെ ചിരിക്കയാലോ ?

നക്ഷത്ര കൂട്ടങ്ങള്‍ തങ്കനൂല്‍ കൊണ്ടു  നിന്‍ 
ചുറ്റും വളയങ്ങള്‍ തീര്‍ത്തതാലോ ?

മാണ്‍പെഴും  ഏണങ്ങള്‍ കൊമ്പുകള്‍ കോര്‍ക്കുമ്പോള്‍ 
അങ്കുരിക്കുന്ന തീ നാളത്താലോ ?

നിന്നിലെ മാമല മഞ്ഞു പുതയ്ക്കുമ്പോള്‍ 
ഉണ്ടാകും വെള്ളി വെളിച്ചത്താലോ ?

നീലക്കാര്‍മൌലിയില്‍  വെള്ളം ചുമക്കുന്നോന്‍ 
ചേലായി  നിന്നെയും ചെര്‍ത്തതാലോ ?

അല്ലിത്താര്‍ മാതുവിന്‍ ചേലൊത്ത പുഞ്ചിരി 
പൂച്ചൂടി നിന്നില്‍ വിളങ്ങയാലോ ?

ആമ്പലും നീയും പരസ്പ്പരം രാത്രിയില്‍ 
കണ്‍ചിമ്മി ചാലെ കളിക്കയാലോ ?

എങ്ങനെയായാലും പാലൊളി വീശുന്ന 
ചന്ദന ചന്ദ്രികേ കാണുംനേരം ?

കണ്ണുനീര്‍ പോലും അലിഞ്ഞലിഞ്ഞില്ലാതെ -
യാകുന്നു തോന്നുന്നു ചാരിതാര്‍ത്ഥ്യം 

വേദനപോലുമെന്‍  മേനി മറക്കുന്നു 
മാരിവില്‍ നെയ്യുന്നു മാനസവും ..

No comments:

Post a Comment