Monday 9 July 2012

അവസരങ്ങള്‍

ഒന്ന്

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു 
എന്‍റെ  മനസ്സിലെ തീ കെട്ടുപോയില്ല 
മനസ്സില്‍ തീ എരിയുകയായിരുന്നു 
പക്ഷെ എങ്ങും അന്ധകാരം മാത്രം 
എന്‍റെ  കയ്യില്‍ വെളിച്ചമുണ്ട് 
കാര്യമില്ല ഞാന്‍ അന്ധനാണ് 
പ്രകൃതി എനിക്ക് പച്ച പുല്ലു തന്നു 
എന്‍റെ  പൈക്കിടാവിനെ  ഞാന്‍ അഴിച്ചു വിട്ടു 
കാട്ടു മുളകള്‍ എനിക്കൊരോടക്കുഴല്  തന്നു 
സംഗീതമറിയാത്ത  ഞാന്‍ അത് വലിച്ചെറിഞ്ഞു 
പാട്ടു  പഠിപ്പിക്കാം എന്ന് പുഴ പറഞ്ഞു 
പാടാന്‍ വയ്യെന്ന് ഞാനും പറഞ്ഞു 
ഭൂമി എനിക്ക് ആറടി മണ്ണ് ദാനം തന്നു 
ഞാന്‍ തിരിഞ്ഞു നടക്കുകയാണ് ഉണ്ടായത് 

രണ്ട് 

എന്‍റെ  മനസ്സു മൊട്ടിടാന്‍ ആഗ്രഹിച്ചു 
പക്ഷെ പുറത്ത് മഴ നിന്നിരുന്നു 
മനസ്സ് ഇപ്പോള്‍ പുകയുകയാണ് 
പുറത്തെ അന്ധകാരം മാറിയിരുന്നില്ല 
എനിക്കിപ്പോള്‍ കാഴ്ച കിട്ടി 
പക്ഷെ എന്‍റെ കയ്യില്‍ വെളിച്ചമില്ല 
പ്രകൃതിയോടു പച്ചപ്പുല്ലു ഞാന്‍ ചോദിച്ചു 
എന്താണ് പച്ച ? പ്രകൃതി തിരിച്ചു ചോദിച്ചു 
കാട്ടു മുളകളെ  ഞാന്‍ തേടി അലഞ്ഞു 
കാട് പോലും കാണാതായിരിക്കുന്നു 
പാട്ടു പഠിക്കാന്‍ എനിക്ക് ആഗ്രഹം തോന്നി 
പക്ഷെ പുഴയെവിടെ ? കാണ്മാനില്ല 
ഞാന്‍ ഭൂമിയോട് ആറടി ചോദിച്ചു 
സ്ഥലം ബാക്കിയില്ലല്ലോ ഭൂമി പറഞ്ഞു 

മൂന്ന്‌ 

അവസരങ്ങള്‍ വന്നെന്നെ മാടിവിളിച്ചു 
അന്ന് ഞാന്‍ മുഖം തിരിച്ചു 
എന്‍റെ അജ്ഞാനത്തെ ഞാന്‍ തിരിച്ചറിഞ്ഞു ...
ആഗ്രഹങ്ങള്‍ ഉള്ളിലുദിച്ചു 
അവസരങ്ങളെ ഞാന്‍ തേടിപ്പോയി 
പക്ഷെ അവസരങ്ങള്‍ മുഖം തിരിച്ചു 
എന്‍റെ അജ്ഞാനത്തെ ഞാന്‍ തിരിച്ചറിഞ്ഞു ...
അതിനു മുന്‍പേ കാലം യാത്രപറഞ്ഞിരുന്നു .............

No comments:

Post a Comment