Friday 16 November 2012

കരിപുരണ്ടവള്‍ .........

പറന്നിട്ടും പറന്നിട്ടും
എത്താത്ത ദൂരങ്ങള്‍ 
പറവയായ് മാറ്റിയന്നെന്നെ !!
വിരിച്ചിട്ടും വിരിച്ചിട്ടും 
വിരിയാത്ത മുട്ടകള്‍ 
ഭാവിതന്‍ ചിറകായി മാറി 
ആകാശത്തട്ടില്‍ തട്ടി 
തല മുറിഞ്ഞപ്പോള്‍ തോന്നി 
ഇനിയുള്ള യാത്രയില്‍ 
ഇറക്കങ്ങള്‍ മാത്രം 
മേഘമെത്തമേല്‍ 
മയങ്ങാന്‍ കിടന്നപ്പോള്‍ 
സൂര്യവിത്തുകള്‍ 
അടിവയര്‍ തടവി........
മേഘത്തില്‍ പെറ്റിടാന്‍ 
മാലാഖയാകണം പോല്‍ !!
ചിറകുകള്‍ വിരിക്കിലും 
മാലാഖയല്ല ഞാന്‍ !!
വിദ്രുമലതകളെന്‍ 
മേനി പുല്‍കില്ലാ ..
ശൂദ്രമുട്ടകള്‍ വിരിയുവാന്‍ 
മുരുക്കിന്‍ മരക്കൊമ്പ് 
തേടിപ്പറക്കണം 
പറക്കും വഴികളില്‍ 
പലതും കണ്ടു ഞാന്‍ 
നനവുള്ള കാരുണ്യ 
നയനങ്ങളൊഴികെ ...
നിരാശാകരിമ്പാറയില്‍ 
വീണുടയുമെന്‍ നിറംകെട്ട 
സൂര്യാണ്ഡജങ്ങള്‍ ..........!!!!
കണ്‍മിഴിക്കാത്തൊരാ 
കണ്ണീര്‍ കാണുവാന്‍ 
കറുപ്പിനെ കറയാക്കി 
നിര്‍ത്തുമീ ലോകമേ 
കണ്‍തുറന്നൊന്നു 
നോക്കുക,
നിങ്ങളാല്‍ കരിപുതച്ചൊരീ 
കാക്കക്കറുമ്പിയെ ............!!!!!

No comments:

Post a Comment