Thursday 8 November 2012

പിണക്കം .......

ആവേശത്തിരതല്ലും ആശയപ്പുഴനീന്താന്‍
ആശതന്‍ അഗാധതേ നീയനുവദിക്കില്ലേ ?

വെള്ളയായ്ത്തന്നെ  ഇന്നും കിടപ്പൂ കടലാസും
ഇന്നിതാ വിണ്ണും നോക്കിയിരിപ്പൂ വൃഥാഞാനും

വാക്കുകള്‍ പടിക്കല്‍ വന്നെത്തിനോക്കുന്നുയെന്നെ -
ക്കണ്ടിട്ടു വായപൊത്തി ചിരിച്ചു പിണങ്ങുന്നു

തൂലികയ്ക്കുള്ളില്‍ വന്നിട്ടിരിക്കാനല്‍പ്പനേരം
ഞാനുമായ് ചിലവിടാന്‍ കഴിയാഞ്ഞല്ല തെല്ലും

എന്നിലെ കവിത്വത്തെ കാലനു കണിവയ്ക്കാന്‍
കരുനീക്കുന്നോയിവരെന്നു സംശയിക്കുന്നു

ഭാവനാ ചതുരംഗക്കേളിയില്‍  തോല്‍പ്പിക്കുവാന്‍
കുതിരക്കുളമ്പടിച്ചോടിയെത്തുന്നൂയിവര്‍ 

ഞാനുമായ് പലകാലം ഉണ്ടുറങ്ങിയോരിവര്‍
പുസ്തകം പങ്കിട്ടവര്‍ ആശയം പങ്കിട്ടവര്‍

ഇന്നെന്നെ ഉപേക്ഷിച്ചു പോകുവാന്‍ തുടങ്ങാമോ ?
ഉയിരിന്നുയിരായ് ഞാന്‍ സ്നേഹിച്ച കുരുന്നുകള്‍ ...

അന്നൊരിക്കല്‍ കവിതാവിത്തുകള്‍ വിതയ്ക്കുമ്പോള്‍
ബാലവാടിയില്‍ പിള്ളേര്‍ കരയും കണക്കിനേ

കുട്ടിവാക്കുകള്‍ വന്നെന്‍ മേശമേല്‍ നിരന്നിട്ടു
ബഹളം കൂട്ടീട്ടെന്നേ അരിശം പിടിപ്പിച്ചു

അടങ്ങിയിരിക്കുവാന്‍ ചൊല്ലിനേന്‍ പലവട്ടം
പേനതന്‍ മുനയോടിച്ചന്നവരാനന്ദിച്ചു

നിമിഷത്തിലെന്‍ ദേഷ്യം കൈയ്യോങ്ങി പിള്ളേരുടെ
തുടുചന്തിയില്‍ നോക്കി പൊട്ടിച്ചു മൂന്നാലെണ്ണം !!!

വാക്കുകളാണെങ്കിലും കവിത വിതയ്ക്കുമ്പോള്‍
അടക്കിമൊഴിയാതെ കുസൃതി കാണിക്കാമോ ??

ഇനി നീ വിളിച്ചാലും വരികയില്ലാ ചൊല്ലി
പോയോരാണവരെന്‍റെ  മാനസക്കിടാവുകള്‍ ...!!!

ഞാനുപേക്ഷിച്ചാല്‍പോലുമാകുമോ അവര്‍ക്കെന്നെ
തനിയെവിട്ടു മറ്റു തൂലിക തേടിപ്പോകാന്‍ ??

ആകയാലല്ലേ എത്തി നോക്കുന്നെന്‍ പടിയ്ക്കലില്‍
കൈകാട്ടി വിളിക്കുമോ ഞാനെന്നതറിയുവാന്‍

ഇല്ലഞാനിനിമേലില്‍ നിങ്ങളെ നോവിക്കില്ലാ
പരുഷം പറയില്ലാ സ്വാതന്ത്ര്യം മുടക്കില്ലാ ...

പണ്ടത്തെപ്പോലെയെന്‍റെ തൂലികയ്ക്കുള്ളില്‍ വന്നു
അക്ഷരമഷി നിറച്ചാശയമറിയിക്കൂ ....   

No comments:

Post a Comment