Thursday 5 July 2012

അജാമിളന്‍

അവസാന വാക്കുകളുയരുന്നു ..... മകനേ .....
ജീവന്‍റെ  തന്ത്രികള്‍ പൊട്ടുവാന്‍ വെമ്പുന്നു 
മസ്തിഷ്ക്ക രന്ധ്രങ്ങള്‍ വാതില്‍ പൂട്ടുന്നു ....

ഇന്നെന്‍റെ  ചെയ്തികള്‍ കറുപ്പണിഞ്ഞെത്തുന്നു 
വട്ടം ചുഴറ്റി കയറു വീശുന്നു ....
ഞാന്‍ ചെയ്ത പാപങ്ങള്‍ 
കോര്‍ത്തു വലിക്കുവാന്‍ 
അങ്കുശത്തിന്നവര്‍  മൂര്‍ച്ചകൂട്ടുന്നു .....

പിന്നിട്ട പാതകള്‍ പാമ്പുകളായെന്‍റെ 
തൊണ്ടയില്‍ ചുറ്റി ഞാന്‍ ഊര്‍ധം വലിക്കുന്നു 

കണ്ണിന്‍ മിഴികളില്‍ കാണുന്നു ഞാനെന്‍റെ 
ബ്രഹ്മസൂത്രം പൊട്ടി കാമമൊലിച്ച  നാള്‍ 
കാന്യകുബ്ജാഖ്യയാം നാട്ടില്‍ നിന്നു ഞാന്‍ 
ദര്‍ഭ തിരഞ്ഞു നടന്ന വഴികളില്‍ .....
പാപത്തിന്‍ പൂമുല്ല ചുറ്റിയ കാലുകള്‍ 
പൂമെത്ത പങ്കിടാന്‍ മാടിവിളിച്ച നാള്‍ .....
ശൂദ്രവിയര്‍പ്പിന്‍റെ  ഗന്ധമെന്‍ രന്ധ്രങ്ങള്‍ 
ഒപ്പിയെടുത്ത കൊണ്ടാടിയ രാത്രികള്‍ 
എന്നിലെ കറയറ്റ  പൌരുഷം നിന്നിലെ 
ശൂന്യോദരം നിറയിച്ച നിമിഷങ്ങള്‍ ......
പാപത്തില്‍ കാല്‍കുത്തി പമ്പരം ചുറ്റി ഞാന്‍ 
പോക്കിള്‍ക്കൊടികള്‍  പോട്ടിക്കെ ....!!!
വൃഷലിയുടെ  വിഷമേറ്റ തുപ്പലില്‍ തൊട്ടു ഞാന്‍ 
സൂര്യഗായത്രി സ്മരിക്കെ ......

മക്കളില്‍ മുമ്പനായ്‌ ഉണ്ണീ നീ  എന്നിലെ 
അച്ഛന്‍റെ  ഭാവങ്ങള്‍ തട്ടിയുണര്‍ത്തവേ ....
പാതകപ്പകിടകള്‍ പുണ്യം തിരഞ്ഞു നിന്‍ 
പേരിലേന്‍ പാഴ്നാവു കോര്‍ക്കെ ....

വന്നിതാ നില്‍ക്കുന്നു പേടിപ്പെടുത്തുന്ന 
പേക്കോലരൂപികള്‍ ചുറ്റും .....
നാലക്ഷരങ്ങളാം  നാരായണാ .......എന്‍റെ 
മകനെ നീ അരികത്തു വരിക .......
അറിയാതെ ചൊല്ലിയ നാലക്ഷരങ്ങളുടെ 
അറിവാണജാമിള  ചിത്തം ..

മകനേ  വരിക...... മകനേ  വരിക ......
അച്ഛന്‍റെ അരികത്തിരിക്ക ..........

2 comments:

  1. ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........

    ReplyDelete
  2. ആശംസകളര്‍പ്പിക്കുന്നു,..........കണ്ണീരോടെ..........!!

    ReplyDelete