Saturday 15 September 2012

കൈപിടിച്ചറിഞ്ഞത് ..........

പരാതികളൊഴിഞ്ഞ 
പരിഭവങ്ങള്‍ കൊണ്ട് 
എന്നെ നീ തോല്‍പ്പിച്ച 
നിമിഷങ്ങളില്‍ 
അറിഞ്ഞിരുന്നുവോ 
അലിഞ്ഞലിഞ്ഞില്ലാതെയായത്‌ 
നമ്മിലെ അകലങ്ങളായിരുന്നു 

ഞാന്‍ കാണാത്ത വഴികളില്‍ 
മുള്ളോടിഞ്ഞ സ്നേഹവുമായി 
വൈകിയ വേളകളില്‍ 
ഞാന്‍ എത്തും വരെ 
കാത്തിരിക്കാറുണ്ടായിരുന്നു നീ 

പകരം തരാന്‍ 
പാമരനായ ഞാന്‍ 
നദിയൊഴുകുംപടി 
അലിയുകയായിരുന്നു 
നിന്‍ സൌഹൃദപ്പാടങ്ങളില്‍ 
സൂര്യകാന്തിയായി പിറക്കാന്‍ 
പൂണൂല്‍ കെട്ടിയ 
പൂമ്പാറ്റയാവാന്‍ 

മനസ്സൊളിപ്പിച്ച  മൗനം 
ഞാന്‍ അറിയാതിരിക്കയോ 
പവിഴമല്ലികള്‍ പാടിയതല്ലേ 
മനം കുളിര്‍ത്ത മൌനരാഗങ്ങള്‍ 

നിന്‍ മടിയില്‍ മയങ്ങും 
എന്‍ ഓര്‍മ്മകള്‍ തലോടുവാന്‍ 
പലകാലം പുറകോട്ടു പോകണം 
നാലാം ക്ലാസ്സിലെ ബെഞ്ചുകള്‍ വരെ 
നിന്‍ പൂണൂല്‍ ചൊല്ലിയ 
കഥകള്‍ കേള്‍ക്കാന്‍ 
നിഴലായിട്ടെത്ര ഞാന്‍ വന്നിരുന്നു ?
പങ്കിട്ടപാഠങ്ങള്‍ പുഞ്ചിരിക്കുന്നു 
തണലായി യാത്രയില്‍ നീളെ 

കുളിരണിഞ്ഞെത്ര മാത്രകള്‍ 
മനസ്സറിഞ്ഞെത്ര യാത്രകള്‍ 
നിന്‍ പതുപതുത്ത സ്നേഹം 
പുതച്ചുറങ്ങിയ രാത്രികള്‍ 

നിന്‍റെ ചിരികളത്രയും 
എന്‍റെ കവിതയാകുകയായിരുന്നു 
അറിയുവാനാകുമോ നിന്നെ 
എന്നെക്കാളേറെ വേറാര്‍ക്കും ?

എത്താത്ത കാതങ്ങളുണ്ടെങ്കിലും 
തമ്മില്‍ കാണാത്ത ദൂരത്തിലാനെങ്കിലും 
നിന്‍ വിളി കാതോര്‍ത്തു ഞാനാ 
ആലിന്‍ ചുവട്ടിലായ് പോകും 

ഇന്നെന്‍റെ മാനസം ചൊല്‍വൂ 
നിന്‍റെ മൂകമാം ദു:ഖങ്ങളെല്ലാം 
നിന്‍റെ ശ്വാസത്തിലായ് കേള്‍ക്കാം 
നിന്നില്‍ നീ തേങ്ങും സ്വരങ്ങള്‍ 

കുട്ടിക്കാലം മുതല്‍ക്കേ 
ഞാന്‍ കൈ പിടിച്ചറിഞ്ഞതല്ലേ 
നിന്‍റെ ഹൃദയ താളങ്ങളും 
നിസ്വാര്‍ത്ഥ സ്വപ്നങ്ങളും ..........

(എന്‍റെ പ്രാണപ്രിയ സുഹൃത്തിനു വേണ്ടി എന്‍റെ സ്നേഹം ...)

3 comments:

  1. ഇന്നെന്‍റെ മാനസം ചൊല്‍വൂ
    നിന്‍റെ മൂകമാം ദു:ഖങ്ങളെല്ലാം
    നിന്‍റെ ശ്വാസത്തിലായ് കേള്‍ക്കാം
    നിന്നില്‍ നീ തേങ്ങും സ്വരങ്ങള്‍

    Good. Keep writing brother !

    ReplyDelete
  2. നിന്‍റെ ചിരികളത്രയും
    എന്‍റെ കവിതയാകുകയായിരുന്നു
    അറിയുവാനാകുമോ നിന്നെ
    എന്നെക്കാളേറെ വേറാര്‍ക്കും ?
    ................സത്യം,..........

    ReplyDelete
  3. സുഹൃത്തിനോ? വരികളില്‍ ഒരു പ്രണയം തോന്നി ...നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete