Tuesday 9 October 2012

മേനി പൂത്തപ്പോള്‍

അല്ലല്ലറിഞ്ഞുവോ നിങ്ങള്‍ -എന്‍റെ
തൊണ്ട വരണ്ട ദിനങ്ങള്‍
ആശതന്‍ ആറാത്ത വിത്തുകള്‍
എന്നില്‍ മൊട്ടു വിരിച്ച സത്തുക്കള്‍
വെപ്പിലപ്പട്ടു പുതച്ചെന്‍ -മേനി
പൂപ്പന്തലായി ചമഞ്ഞു
ഉപ്പു ത്യജിച്ച വിശപ്പാല്‍ -നാവു
നൊട്ടിയിറക്കിയ കയ്പ്പും
വീട്ടിലെ വാടാത്ത മുല്ല -വീണ്ടും
ഗര്‍ഭത്തിലേറ്റിയ നാള്‍കള്‍
തമ്പാട്ടി  കണ്‍തുറന്നത്രെ -എന്നില്‍
തമ്പാട്ടി കണ്‍വിതച്ചത്രേ !!
കാണാത്ത സ്വപ്‌നങ്ങള്‍ വന്നെന്‍ -മുന്നില്‍
പാണികൊട്ടി പുഞ്ചിരിച്ചു
ആടാത്ത കാല്‍ച്ചിലമ്പുള്ളില്‍ -നിന്നു
വാടാത്തോരാട്ടം നടത്തി
ആട്ടം മനം കുളിര്‍പ്പിക്കെ -മെല്ലെ
മുത്തുകള്‍ മേല്‍പ്പോട്ടു നോക്കി
താരകക്കണ്ണുകള്‍ കാട്ടി -വാനം
കൈ നീട്ടി മെല്ലെ വിളിച്ചു
പൂവിന്‍ മണം വറ്റും പോലെ
എന്നിലെ മൊട്ടുകള്‍ വറ്റി
ഓലക്കുടയെടുത്തന്നാ വാനില്‍
തമ്പാട്ടിയോടിക്കരേറി
വേപ്പില പീലി വിരിച്ചു
തമ്പാട്ടിയാട്ടം നടത്തി
ആടിയ തീര്‍ത്ഥ ജലത്തില്‍ -ഞാനു -
മൊന്നു കുളിച്ചു തുവര്‍ത്തി
ആയിരം കണ്ണുടയാള്‍തന്‍ -മുന്നില്‍
ആയിരം നാളം തെളിഞ്ഞു
ആയിരം നാമം മൊഴിഞ്ഞു -മാപ്പൊ -
രായിരം വട്ടം കഴിഞ്ഞു ...


3 comments:

  1. വളരെ വളരെ മനോഹരം ഓരോ വരികളും ...ആശംസകള്‍

    ReplyDelete
  2. വസൂരിക്കല

    പൌര്‍ണമി തിങ്കള്‍ പോല്‍
    വിളങ്ങിന നിന്‍ മുഖത്തിരുണ്ട
    മുത്തുകള്‍ വിതച്ചവനോട-
    രിശം പൂണ്ട് ഞാന്‍ ചോദിച്ചു,
    അല്ലയോ സ്രഷ്ടാവേ നിനക്കിതെങ്ങനെ-
    തോന്നി,ആ മുഖ കാന്തിയില്‍ നിനക്കസൂയയോ ?

    ചിരിച്ചു കൊണ്ടാ മഹാവൈദ്യന്‍-
    ഉത്തരമോതി,യത് പറ്റിയ തെറ്റല്ലാ,
    ചെയ്ത തെറ്റിന്റെ പറ്റാകുന്നു... ....
    ഉത്തരം കൂട്ടുകാരാ ഞാന്‍ നിനക്കായി തരുന്നു
    അറിയുക നീ ,നിന്റെ ദേഹത്ത്
    വീണ മുത്തുകള്‍ എണ്ണിയെടുക്കുക ,
    അത് നീ ചെയ്ത തെറ്റുകളുടെ ആകെത്തുകയാകുന്നു ,
    പാപഫലത്തിന്റെ മുന്ബാക്കിയെല്ലാം
    ഇതിനാല്‍ തീരുന്നു.....

    ഇനി നിനക്ക് പുതിയ പാപങ്ങള്‍
    തേടിത്തുടങ്ങാം,....
    കിട്ടിയ ചെറുതും വലുതുമായ
    പ്രതിഫലങ്ങള്‍ മായാതെ കിടക്കട്ടെ,
    നിന്‍റെ ദേഹത്ത് വരുവാനുണ്ടിനിയുമൊരുപാട്
    പ്രതിഫലങ്ങള്‍.....,.........
    തിരിച്ചു വിളിക്കുമ്പോള്‍ പ്രഭുവിനെ-
    ണ്ണി കണക്കു തീര്‍ക്കുവാന്‍,.........


    ഹരിനാരായണന്‍ പരിപ്പായി.

    ReplyDelete