Thursday, 21 June 2012

വാടുന്ന വസന്തം

കാത്തു നില്‍ക്കയോ നീയും കാലമേ തുളുമ്പാത്ത
കണ്ണീരിന്‍ സൌന്ദര്യവും  വിങ്ങലിന്‍ മുള്‍ക്കാടുമായ്

കോര്‍ത്തിരിക്കുന്നു  കാണ്ക കുഞ്ഞുടുപ്പുകള്‍ നീളേ
കീറിയ ചിരിയുമായ് മുള്‍പടര്‍പ്പുകള്‍  തോറും

ബാല്യത്തിന്‍  ചുടു ചോര വാര്‍ന്നൊലിക്കുന്നു  അതില്‍
മങ്ങിയ റോസാപൂക്കള്‍ നീരാട്ട് നടത്തുന്നു

പൂ മണക്കുന്നു  ചിലര്‍ പൂഞ്ചിറകൊടിക്കുന്നു
ചുണ്ടുകള്‍ ചവയ്ക്കുന്നു ചെറുതേന്‍ നുകരുന്നു

വണ്ടുകള്‍ കൈമുട്ടുന്നു വിറയ്ക്കും ഹൃദയത്തില്‍
വാതിലു തുറക്കുവാന്‍ വസന്തം വരുവാനായ്

വസന്തം വരും മുന്‍പേ തെനോഴിഞ്ഞതാം പൂക്കള്‍
പുഴുക്കുത്തിയ പല്ലും കാട്ടി പുഞ്ചിരിക്കുന്നു

വസന്തം വിരിയിച്ച വാര്‍മഴവില്ലിന്‍ ചോട്ടില്‍
മഞ്ചലാടുന്നു  പൂക്കള്‍ മഴവില്‍ തൊടുവാനായ്

കണ്ണുകള്‍ പറിപ്പവര്‍  ഇതളുകൊഴിപ്പവര്‍
വയറ്റിന്നടിയില്‍  താന്‍ ഉമ്മവയ്പ്പവര്‍ ചിലര്‍

പൂച്ചെടിചോട്ടില്‍ രേതസ്സോഴിച്ചു വളര്‍ത്തുന്ന
കാമകിങ്കരര്‍ കാക്കും പൂന്തോട്ടം ആയോ കഷ്ടം

കണ്ണടയ്ക്കുക വേഗം വാസന്ത വിലാസമേ
വാടുന്ന സുമങ്ങളെ വിലക്കായെടുക്കില്ല

കാലമേ നില്‍ക്കു!! നില്‍ക്കു !!  കരിഞ്ഞ ദളങ്ങളെ
കാറ്റടിചെടുക്കട്ടെ  കണ്ടുനില്‍ക്കുക നീയും ......

2 comments:

  1. വരട്ടെ ഇനിയും ഇതുപോലെ ..... ഇനിയും എഴുതുക.



    ആശംസകള്‍ :)

    ReplyDelete